2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

അഹവും (self) അഹങ്കാരവും (ego/ identity)

മനുഷ്യൻ ജനിക്കുമ്പോൾ 'അഹം' (self) ഉണ്ട്. പക്ഷേ അഹങ്കാരം (ego) ഇല്ല. അഹങ്കാരം എന്നത് പിന്നീടുണ്ടാകുന്നതാണ്.. സമൂഹം സൃഷ്ടിച്ചെടുക്കുന്നത്. അഹങ്കാരത്തിന് മറ്റുള്ളവരുമായി ബന്ധപ്പെട്ടല്ലാതെ നിലനിൽക്കാനാകില്ല. പക്ഷേ അഹത്തിന് നിലനിൽക്കാനാവും. നിങ്ങളുടെ ഈഗോയ്ക്ക് ഏകാന്തതയിൽ സ്വയമേവ നിലനിൽക്കാനാകില്ല. ഈഗോ എന്നത് മറ്റ് ആളുകളുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ ഒരുപോത്പന്നമാണ്. അതുകൊണ്ടു തന്നെ 'എനിക്കും നിനക്കും' ഇടയിലാണ് ഈഗോ നിലനിൽക്കുന്നത്.

ഒരു കുട്ടി ജനിക്കുന്നത് സെൽഫോട് കൂടിയാണ്, പക്ഷേ ഈഗോയുടെ കൂടിയല്ല. വളർന്നു വരുമ്പോൾ കുട്ടി കൂടുതൽ കൂടുതൽ സാമൂഹിക ജീവിയാവുന്നതിനനുസരിച്ച് കുട്ടിയുടെ ഈഗോയും വികസിക്കുന്നു. പക്ഷേ ഈഗോ നിങ്ങളുടെ കേന്ദ്രമല്ല, വൃത്ത പരിധി മാത്രമാണ്. നിങ്ങളുടെ സത്തയുടെ പുറം ഭാഗം മാത്രമാണത്. സെൽഫ് നിങ്ങളുടെ കേന്ദ്രവും ഈഗോ വൃത്ത പരിധിയുമാണ്.

ഒരു ശിശു സെൽഫോട് കൂടിയാണ് ജനിക്കുന്നതെങ്കിലും അതിനെക്കുറിച്ചൊട്ടും തന്നെ ബോധവാനല്ല. കുട്ടിക്ക് അവബോധമുണ്ടായി തുടങ്ങുന്നത് ഈഗോയുടെ നിർമിതിയോടു കൂടിയാണ്. അപരനെക്കുറിച്ചുള്ള ബോധം കുട്ടിക്ക് ഉണ്ടായി തുടങ്ങുന്നു. അവനവനെക്കുറിച്ചുള്ള (സെൽഫിനെക്കുറിച്ചുള്ള) ബോധമല്ല കുട്ടിക്ക് ആദ്യമുണ്ടാകുന്നത്. ആദ്യം കുട്ടി അമ്മയെക്കുറിച്ച് ബോധവാനാകുന്നു, അപ്പോൾ ഒരു പ്രതിഫലനമെന്ന നിലയ്ക്ക് തന്നെക്കുറിച്ചും. ആദ്യം തനിക്ക് ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ച് ബോധവാനാകുന്നു, പിന്നീട് താൻ അതിൽ നിന്നുമൊക്കെ വ്യത്യസ്തനാണെന്ന് തോന്നി തുടങ്ങുന്നു. മറ്റെല്ലാറ്റിൽ നിന്നും താൻ വേർപെട്ടിരിക്കുന്നുവെന്ന തോന്നലാണ് 'ഈഗോ'. കുട്ടി ആദ്യം ഈഗോയെക്കുറിച്ച് ബോധവാനാവുന്നതു കൊണ്ടു തന്നെ ഈഗോ സെൽഫിനെ മൂടുന്ന ഒന്നായിത്തീരുന്നു. അങ്ങനെ ഈഗോ വളർന്നു തുടങ്ങുന്നു.

ഈഗോയും സമൂഹവും

സമൂഹത്തിന് നിങ്ങളെ ഒരു സെൽഫ് ആയല്ല ഈഗോ ആയാണ് ആവശ്യം. ഈഗോയെ നിഷ്പ്രയാസം പഠിപ്പിക്കാനും മെരുക്കിയെടുക്കാനും കഴിയും. അനുസരിപ്പിക്കാനാകും. പക്ഷേ നിങ്ങളുടെ സെൽഫിനെ ഇതൊന്നും ചെയ്യാൻ സാധിക്കില്ല. അത് അവിഭക്തമാണ്. അതിനെയൊരിക്കലും സമൂഹത്തിന്റെ ഭാഗമാക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ സമൂഹത്തിന് നിങ്ങളുടെ സെൽഫിൽ താത്പര്യമില്ല, നിങ്ങളുടെ ഈഗോയിൽ മാത്രമേ താല്പര്യമുള്ളൂ. സമൂഹം നിങ്ങളുടെ ഈഗോയെ കൂടുതൽ കൂടുതൽ ബലവത്തായി വരാൻ സഹായിക്കുന്നു. അങ്ങനെ നിങ്ങൾ നിങ്ങളുടെ ഈഗോയെ ചുറ്റിപറ്റി ജീവിച്ചു തുടങ്ങുന്നു. നിങ്ങൾ വളരുന്നതിനനുസരിച്ച്, കൂടുതൽ വിദ്യാഭ്യാസം നേടുന്നതിനനുസരിച്ച്, സംസ്കാര സമ്പന്നനാവുന്നതിനനുസരിച്ച് കൂടുതൽ തിളക്കമുള്ള ഈഗോ നിങ്ങൾക്കുണ്ടാകുന്നു. അങ്ങനെ നിങ്ങൾ നിങ്ങളുടെ ഈഗോയെ കേന്ദ്രമാക്കി ജീവിച്ചു തുടങ്ങുന്നു. നിങ്ങളുടെ യഥാർത്ഥ കേന്ദ്രമായ സെൽഫിനെക്കുറിച്ചാകട്ടെ.. നിങ്ങളൊട്ടും തന്നെ ബോധവാനല്ല. അങ്ങനെ നിങ്ങളുടെ സത്ത അബോധത്തിലേക്ക്.. കൂടുതൽ അന്ധകാരത്തിലേക്ക് പോവുകയും ഒരു വ്യാജ നിർമിതിയായ.. ഒരു സാമൂഹിക നിർമിതി മാത്രമായ ഈഗോ നിങ്ങളുടെ കേന്ദ്രമായിത്തീരുകയും ചെയ്യുന്നു.

നിങ്ങൾ നിങ്ങളുടെ ഈഗോയുമായി താദാത്മ്യപ്പെട്ടു തുടങ്ങുന്നു - അതായത് നിങ്ങളുടെ പേരുമായി, വിദ്യാഭ്യാസ യോഗ്യതയുമായി, കുടുംബവുമായി, തൊഴിലുമായി, ലിംഗ പദവിയുമായി (gender), മതവുമായി, രാജ്യവുമായി അങ്ങനെ അങ്ങനെ അങ്ങനെ.... ഇപ്പറഞ്ഞതെല്ലാം നിങ്ങളുടെ ഈഗോയുടെ ഭാഗം മാത്രമാണ്, നിങ്ങളുടെ സെൽഫിന്റെ ഭാഗമല്ല. കാരണം സെൽഫ് നിങ്ങളുടെ മാതാപിതാക്കളുമായോ മതവുമായോ രാജ്യവുമായോ ഒന്നും ബന്ധപ്പെട്ടതല്ല. അത് യാതൊന്നുമായും ബന്ധപ്പെട്ടതല്ല. അത് പരിപൂർണമായും സ്വതന്ത്രമാണ് അഥവാ പരിപൂർണമായ സ്വാതന്ത്ര്യമാണ്. അതൊന്നിനെയുമാശ്രയിച്ച് നിൽക്കുന്നതല്ല. പക്ഷേ ഈഗോ ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചും ബന്ധപ്പെട്ടും നിൽക്കുന്നതാണ്. ഈഗോ ഒരു പൂർവ്വ നിശ്ചിത മാതൃകയ്ക്കനുസരിച്ച് നിർമിക്കപ്പെട്ടതാണ്.

നിങ്ങൾ ഒരുപാട് കാലത്തേക്ക് തനിച്ചിരിക്കുകയാണങ്കിൽ പതിയെ പതിയെ ഈഗോ ഇല്ലാതായി തുടങ്ങും. നീണ്ട കാലം നിങ്ങൾ തനിച്ചിരിക്കുന്ന പക്ഷം നിങ്ങളുടെ ഈഗോ പട്ടിണിയിലായതായി നിങ്ങൾക്ക് തോന്നി തുടങ്ങും. കാരണം ഈഗോയ്ക്ക് നിരന്തരം മറ്റുള്ളവരിൽ നിന്നും സഹായം ലഭിക്കേണ്ടതുണ്ട്. അതിന്റെ ഭക്ഷണവും ഊർജ്ജവും മറ്റുള്ളവരിൽ നിന്നുമാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് സ്നേഹം നിങ്ങൾക്ക് അതിശക്തമായ ഒന്നായി അനുഭവപ്പെടുന്നത് - മറ്റൊരാൾ നിങ്ങളെ സ്നേഹിക്കുമ്പോൾ ആ വ്യക്തി നിങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. സ്നേഹിക്കുന്നവർ പരസ്പരം വലിയ പ്രാധാന്യം നൽകുന്നത് കൊണ്ട് നിങ്ങൾ പ്രധാനപ്പെട്ട ഒരാളാണെന്ന തോന്നൽ നിങ്ങൾക്കുണ്ടാകുന്നു. സ്നേഹം ഈഗോയുടെ ഭക്ഷണമാണ്. ഈഗോക്ക് വേണ്ട പ്രധാന വൈറ്റമിൻ.

അതുകൊണ്ടാണ് മഹാവീരനും മുഹമ്മദും ക്രിസ്തുവും ബുദ്ധനുമൊക്കെ സമൂഹത്തിൽ നിന്നും രക്ഷപ്പെട്ടത്. യഥാർത്ഥത്തിലത് സമൂഹത്തിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നില്ല. അവർ സമൂഹത്തിനെതിരായിരുന്നില്ല. അവർ ഏകാന്തതയിലേക്ക് പോകുകയായിരുന്നു. അടിസ്ഥാനപരമായി സമൂഹത്തിന് വെളിയിൽ തങ്ങളുടെ ഈഗോയ്ക്ക് നിലനിൽക്കാനാകുമോ എന്നറിയാൻ വേണ്ടിയായിരുന്നു അവരുടെ ഏകാന്ത വാസം. മഹാവീരൻ തുടർച്ചയായി 12 വർഷ കാലത്തോളം ഏകാന്ത വാസത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. തന്റെ ഈഗോയെ ഇല്ലാതാക്കുന്നതിന് വേണ്ടി.. ഈ പറയുന്ന സാമൂഹിക നിർമിതിയെ ഇല്ലാതാക്കുന്നതിന് വേണ്ടി. യഥാർത്ഥ കേന്ദ്രം കണ്ടെത്തുന്നതു വരെ തത്ക്കാലത്തേക്ക് കേന്ദ്രമില്ലാതെ വർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു.

നിങ്ങളുടെ വ്യാജ കേന്ദ്രത്തെ അഥവാ ഈഗോയെ വിട്ടു കളയാതെ നിങ്ങളുടെ യഥാർത്ഥ കേന്ദ്രത്തെ സാക്ഷാത്കരിക്കാനാകില്ല.

ലോകത്തെ സംബന്ധിച്ചിടത്തോളം, സമൂഹത്തെ സംബന്ധിച്ചിടത്തോളം, ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം ഈഗോ ധാരാളമാണ്. നിങ്ങൾ ഏകാന്ത വാസത്തിലേക്ക് തിരിയുമ്പോൾ ഈഗോയ്ക്ക് നിലനിൽക്കാൻ പറ്റാതെയാകുന്നു. ഈഗോ എന്നത് എനിക്കും നിനക്കുമിടയിലുള്ള പാലമാണ്.. ഇരു കരകളെയും ബന്ധിപ്പിക്കുന്നത്. എന്നാൽ രണ്ടു കരകളില്ലാതെ ഈ പാലത്തിന് നിലനിൽക്കാനാകില്ല.

ഏകാന്തതയിലും നിങ്ങൾക്ക് നിങ്ങളെ വഞ്ചിക്കാം. നിങ്ങൾ പരിപൂർണമായ ഏകാന്തതയിൽ പോവുകയും എന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു തുടങ്ങുകയും ചെയ്യുമ്പോൾ വീണ്ടും നിങ്ങൾ അതേ കളിയിലാണ്. ഇവിടെ ദൈവമെന്ന അപരനെ (നിങ്ങളിൽ നിന്നും അന്യമായ ഒന്നിനെ) നിങ്ങൾ സൃഷ്ടിക്കുന്നു. അപരനുള്ളതു കൊണ്ട് തന്നെ നിങ്ങളുടെ ഈഗോയ്ക്ക് നിലനിൽക്കാം. അപരനില്ലാതാവുമ്പോൾ മാത്രമാണ് യഥാർത്ഥ ഏകാന്തത സംഭവിക്കുന്നത്. അപരനില്ലാതാവുമ്പോൾ ഈഗോയ്ക്ക് നിലനിൽക്കാനാകില്ല. കൊഴിഞ്ഞു വീഴുകയല്ലാതെ ഈഗോയ്ക്ക് മറ്റു വഴിയില്ലാതാകും. പക്ഷേ ഇടക്കാലത്തേക്ക് വലിയ കുഴപ്പങ്ങളിലൂടെ കടന്നു പോകേണ്ടി വരും. കാരണം അപ്പോൾ നിങ്ങൾക്ക് കേന്ദ്രം നഷ്ടപ്പെട്ടു.

ഈഗോ ഉള്ളപ്പോൾ വ്യാജമാണെങ്കിലും ഒരു കേന്ദ്രം നിങ്ങൾക്കുണ്ടായിരുന്നു. ആ വ്യാജമായ കേന്ദ്രത്തെ ഉപേക്ഷിക്കുന്നതിലൂടെ ഇപ്പോൾ നിങ്ങൾക്ക് കേന്ദ്രമില്ലാതായി. ഈ കുഴപ്പത്തെ നിങ്ങൾ അഭിമുഖീകരിക്കുക തന്നെ വേണം. ഈ കുഴപ്പത്തെ നിങ്ങൾ അഭിമുഖീകരിക്കാത്ത പക്ഷം നിങ്ങളുടെ യഥാർത്ഥ സത്തയിൽ നിങ്ങൾക്ക് കേന്ദ്രീകരിക്കാനാകില്ല. അതുകൊണ്ട് ഈ കുഴപ്പത്തിൽ കൂടി നിങ്ങൾ കടന്നു പോവുക തന്നെ വേണം.

ക്രിസ്ത്യൻ മിസ്റ്റിക്കുകൾ ഇതിനെ "ആത്മാവിന്റെ ഇരുണ്ട രാത്രി" എന്ന് വിളിക്കും. നിങ്ങൾക്ക് ശരിക്കും ഭ്രാന്ത് പിടിച്ചു പോകും. കാരണം നിങ്ങൾക്ക് കേന്ദ്രമില്ലാതാകുമ്പോൾ ഭ്രാന്ത് പിടിക്കുക തന്നെ ചെയ്യും. നിങ്ങളാകെ ശിഥിലമായതു പോലെ അനുഭവപ്പെടും. ഈ ഭ്രാന്തിനെ അഭിമുഖീകരിക്കാനാവുകയെന്നതാണ് ആന്തരിക വിപ്ലവത്തിനാവശ്യമായ ചങ്കൂറ്റം. കേന്ദ്രമില്ലാതെ വർത്തിക്കുക.. ഭ്രാന്തെങ്കിൽ ഭ്രാന്തെന്ന് കരുതി. യഥാർത്ഥ കേന്ദ്രം സാക്ഷാത്കരിക്കാനാകുന്നതു വരെയും ഈ ഭ്രാന്തിൽ തന്നെ തുടരുക. വീണ്ടുമൊരു വ്യാജ കേന്ദ്രം സൃഷ്ടിക്കാതിരിക്കുക. ഭ്രാന്തിൽ നിന്നും രക്ഷ നേടാനായി വീണ്ടുമൊരു വ്യാജ കേന്ദ്രം സൃഷ്ടിക്കാതിരിക്കാൻ മാത്രം സത്യസന്ധത കാണിക്കുക. യഥാർത്ഥ കേന്ദ്രം സാക്ഷാത്കരിക്കുന്നതിനായി കാത്തിരിക്കുക. ഈ കാത്തിരിപ്പ് എത്രകണ്ടു നീണ്ടു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല.

1 അഭിപ്രായം: