2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

ആത്മീയതയും സമൂഹവും

യഥാർത്ഥ ആത്മീയതയോട് സമൂഹം എക്കാലത്തും അവഗണന മനോഭാവമാണ് കാണിച്ചിരുന്നതും കാണിക്കുന്നതും. യഥാർത്ഥ ആത്മീയത സമൂഹത്തിന്റേതല്ല. അതൊരു വ്യക്തിയുടെ മനസിൽ സംഭവിക്കുന്ന ബോധോദയമാണ്.

ആത്മീയതയ്ക്ക് സമൂഹം എന്നും ഒരു അതിർത്തി നിശ്ചയിച്ചിട്ടുണ്ട്. സമൂഹം വില കൽപിക്കുന്ന ഒരു ആത്മീയതയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ യഥാർത്ഥ ആത്മീയതയും സമൂഹം പുകഴ്ത്തുന്ന ആത്മീയതയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. യഥാർത്ഥ ആത്മീയത സ്വർണമാണെങ്കിൽ സമൂഹത്തിന്റെ ആത്മീയത സ്വർണം ആലേപനം ചെയ്ത (Gold Plated) ആഭരണങ്ങളെ പോലെയാണ്.

സമൂഹത്തെ അവഗണിക്കുന്ന ഒരുവനു മാത്രമേ ആത്മീയതയിൽ ഒരു തുടക്കം സാധ്യമാകൂ. ഉടനെ സമൂഹം അവനെ ഭ്രാന്തനായും, മാനസിക രോഗിയായും, ഒരു നിത്യ പരിഹാസ കഥാപാത്രമായും അവനെ ഒറ്റപ്പെടുത്തും. ആ ഒറ്റപ്പെടുത്തൽ ആസ്വാദ്യകരമാകണമെങ്കിൽ ആത്മീയതയിൽ വ്യക്തത (clarity) വന്ന ഒരുവന് മാത്രമേ സാധ്യമാകുകയുള്ളൂ.

ഒരു യഥാർത്ഥ ഗുരു മാത്രമേ യഥാർത്ഥ ആത്മീയതയിൽ അവന് ആശ്രയമാകുന്നുള്ളൂ. യഥാർത്ഥ ഗുരുവിന് ശിഷ്യനിൽ മോഹമോ പ്രതീക്ഷയോ ഉണ്ടാകില്ല. അദ്ദേഹത്തെ സംബന്ധിച്ച് തന്റെ കർമം (ബോധം ഉയർത്താൻ ശിഷ്യനെ പ്രേരിപ്പിക്കുന്ന കർമം) നിഷ്കാമ കർമമായേ അനുഭവപ്പെടുകയുള്ളൂ. സംസാര സാഗരം തരണം ചെയ്തവനാണ് യഥാർത്ഥ ഗുരു. നിശ്ചല - നിസംഗനായി വർത്തിക്കുന്നവനാണ് മഹാ ഗുരു. മഹാ ബോധത്തിന് സാക്ഷിയാകാൻ യഥാർത്ഥ ഗുരുക്കന്മാർക്കേ കഴിയു. തന്റെ തന്നെ (അന്വേഷകന്റെ) ബോധത്തിന്റെ പ്രതി പ്രവർത്തനമാണ് ഗുരുക്കന്മാരിലൂടെ നിസ്വാർത്ഥ കർമ രൂപത്തിൽ ശിഷ്യന്മാരിലേക്ക് ഒഴുകിയെത്തുന്നത്.

ഗുരുവിന്റെ നിസ്വാർത്ഥതയും സമർപണവും തിരിച്ചറിയുന്ന യഥാർത്ഥ അന്വേഷകനു (Real Seeker) മാത്രമേ ബോധത്തിൽ ഉണർവ് (Awaken) അനുഭവമാകു. അവസാനമായി ഗുരുവിൽ നിന്നും സ്വതന്ത്രമാകുമ്പോഴാണ് തന്റെ സത്തയെ (Truth) പൂർണതയിൽ അനുഭവിക്കുന്നത്. പൂർണ സ്വതന്ത്രനും സ്വയം പര്യാപ്തനുമായ ഒരുവനിലാണ് ബോധോദയം (Enligntenment) സംഭവിക്കുന്നത്. പിന്നെ ഒന്നും പഠിക്കേണ്ടതില്ല, അറിയേണ്ടതില്ല, പറയേണ്ടതില്ല. തനിക്ക് (Ego) തന്നെ സാക്ഷിയായി പ്രപഞ്ചാനുഭവങ്ങളെ ലീലയായി (play) കണ്ട് ശിഷ്ട ജീവിതം പരമാനന്ദത്തിൽ പൂർത്തിയാക്കുന്നു. എല്ലാവരോടും എല്ലാത്തിനോടും നന്ദിയും സ്നേഹവും മാത്രം. ഒരു മഹത്തായ അനുഭവമാണ് ആത്മ സാക്ഷാത്ക്കാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ