ഓഷോ പറയുന്നു: നിങ്ങളുടെ അനുഭവങ്ങളല്ല നിങ്ങൾ
നിങ്ങളെന്നല്ല എല്ലാവരും ഓർത്തിരിക്കേണ്ട അടിസ്ഥാനപരമായ സംഗതികളിലൊന്ന്, നിങ്ങളുടെ ആന്തരികയാത്രയിൽ നിങ്ങൾ കണ്ടുമുട്ടുന്ന യാതൊന്നും നിങ്ങളല്ല എന്നത്രെ.
ശൂന്യതയോ പരമാനന്ദമോ മൗനമോ എന്തുമാകട്ടെ, നിങ്ങളതിന് ദൃക്‌സാക്ഷി മാത്രമാണ്. എന്നാലൊന്ന് ഓർത്തിരിക്കണം എത്രതന്നെ സുന്ദരമോ സമ്മോഹനമോ ആയിക്കൊള്ളട്ടെ, നിങ്ങളനുഭവിക്കാനിടവരുന്നതെന്തും നിങ്ങളിൽ നിന്ന് നിങ്ങളുടെ സത്വത്തിൽനിന്ന് വ്യത്യസ്തമാണ്.
നിങ്ങൾ ഭോക്താവ് (അനുഭവിക്കുന്നയാൾ ) മാത്രമാണ്. തുടർന്നും ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ യാത്രയിലെ അന്തിമ താവളം അനുഭവങ്ങളുടെ പരമസീമയാക്കുന്നു -- അത് മൗനമോ പരമാനന്ദമോ ശൂന്യതയോ ഒന്നുമല്ല. നിങ്ങളുടെ ആത്മനിഷ്ഠയിൽ നിന്ന് വേർപെട്ട ഒരു ഭൗതികവിഷയം നിങ്ങൾക്ക് മുന്നിലില്ല. നീലകണ്ണാടി ശൂന്യമാണ്. യാതൊന്നിനെയും പ്രതിഫലിപ്പിക്കുന്നില്ല. അത് നിങ്ങളാണ്.
ആന്തരിക ലോകത്തിലെ പ്രശസ്തരായ യാത്രികർപോലും മനോഹരങ്ങളായ അനുഭൂതികളിൽ കുരുങ്ങിപ്പോവുകയും ആ അനുഭൂതികളുമായി താദാത്മ്യം പ്രാപിക്കുകയും. 'ഞാൻ എന്നെ കണ്ടെത്തിയിരിക്കുന്നു,' എന്ന് വിചാരിച്ചുപോവുകയും ചെയ്തിട്ടുണ്ട്. അനുഭൂതികളും അനുഭവങ്ങളും അപ്രത്യക്ഷമാവുന്ന അന്തിമ ഘട്ടത്തിൽ എത്തിച്ചേരുന്നതിന് മുൻപ് തന്നെ അവർക്ക് വഴിതെറ്റി.
ബോധോദയം എന്നത് ഒരു അനുഭൂതി അല്ല. നിങ്ങൾ തികച്ചും ഏകനാവുകയും ഒന്നും അറിയേണ്ടതില്ലാത്ത ഒരവസ്ഥയിൽ എത്തുന്നതുമാണ്. എത്രതന്നെ മനോഹരങ്ങളായാലും വസ്തുക്കൾക്ക് ഇവിടെസ്ഥാനമില്ല. വസ്തുക്കളുടെ തടസ്സമില്ലാത്ത അപ്രഹിതമായ ബോധത്തിന്റെ ആ നിമിഷത്തിൽ മാത്രമാണ് നിങ്ങൾ പുതിയൊരു വഴിയിലേക്ക് തിരിയുകയും സ്വന്തം പ്രഭവത്തിലേക്ക് തിരിച്ചുചെല്ലുകയും ചെയ്യുന്നത്.
അത് സ്വയം വെളിപ്പെടുത്തലായി മാറുന്നു. അത് ആത്മസാക്ഷാത്കാരവും ബോധോദയവുമായിത്തീരുന്നു.
'വസ്തു' അല്ലെങ്കിൽ 'വിഷയം' എന്ന വാക്കിനെ കുറിച്ച് ഒരു കാര്യം ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ വസ്‌തുവും അല്ലെങ്കിൽ വിഷയവും തടസ്സം സൃഷ്ടിക്കുന്നു. ആ വാക്കിന്റെ അർത്ഥം തന്നെ പ്രതിബന്ധം അല്ലെങ്കിൽ വിസ്സമ്മതം എന്നാണ്.
അപ്പോൾ വിഷയം നിങ്ങൾക്ക് പുറത്ത്, ഭൗതികലോകത്ത് ആയേക്കാം ; നിങ്ങൾക്കുള്ളിൽ നിങ്ങളുടെ മാനസികലോകത്തിലും അതിന് നിലനിൽക്കാൻ കഴിയും. വിഷയത്തിന് നിങ്ങളുടെ ഹൃദയത്തിലോ അനുഭവങ്ങളിലോ, വികാരങ്ങളിലോ, ഭാവുകത്വത്തിലോ,, ചിത്തവൃത്തികളിലോ ഒക്കെ ആയിരിക്കാൻ കഴിയും. വസ്തുക്കൾ അഥവാ വിഷയങ്ങൾ നിങ്ങളുടെ ആത്മീയ ലോകത്തെ വരെ കയ്യേറിയെന്നുവരാം. അങ്ങേയറ്റം വികാരമൂർച്ഛ പ്രദാനം ചെയ്യാൻ കഴിവുള്ളതുകൊണ്ട് അവക്ക് അപ്പുറം ഒന്നുമില്ല എന്നുവരെ തോന്നിപ്പോകാം. ലോകത്തിലെ പല ആത്മീയവാദികളും ഈ അവസ്ഥയിൽ നിന്ന് പുറത്തു കടക്കാനാവാതെ കുടുങ്ങിപ്പോയിട്ടുണ്ട്. അത് ആത്മനോഹരവും പ്രകൃതിസുന്ദരവുമായ ഒരു സ്ഥാനമാണ്. എന്നാലും അവർ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കഴിഞ്ഞിരുന്നില്ല.
അനുഭൂതികളില്ലാതാവുന്ന ഒരു ഘട്ടത്തിൽ നിങ്ങളെത്തുമ്പോൾ അവിടെ വിഷയങ്ങളില്ല. അവിടെ പ്രതിബന്ധങ്ങളില്ലാത്ത ബോധം വൃത്താകൃതിയിൽ സഞ്ചരിക്കുന്നു. തടസ്സങ്ങളില്ലെങ്കിൽ നിലനിൽപ്പിന്റെ ലോകത്തിൽ എന്തും വൃത്താകൃതിയിലാണ് സഞ്ചരിക്കുക. അത് നിങ്ങളുടെ സത്തയുടെ അതേ പ്രഭവത്തിൽ നിന്നാരംഭിക്കുകയും അതിലൂടെ തന്നെ സഞ്ചരിക്കുകയും ചെയ്യുന്നു. വസ്തുക്കളോ അനുഭൂതികളോ പ്രതിബന്ധം സൃഷ്ടിക്കാത്തപ്പോൾ അത് പിറകോട്ട് സഞ്ചരിക്കുന്നു. വിഷയവും വിഷയിയും ഒന്നാകുന്നു.
ജെ. കൃഷ്ണമൂർത്തി തന്റെ ജീവിതകാലമത്രയും പറഞ്ഞുകൊണ്ടിരുന്നത് ഇത് തന്നെയാണ് : നിരീക്ഷകൻ നിരീക്ഷണവിധേയമായ വസ്‌തുതന്നെ ആയിത്തീരുമ്പോൾ ലക്ഷ്യപ്രാപ്തിയിലെത്തി എന്ന് മനസിലാക്കാം. അതിനു മുമ്പ് ആയിരക്കണക്കിന് കാര്യങ്ങൾ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട്. ശരീരം അതിന്റെ തന്നെ അനുഭവങ്ങളും അനുഭൂതികളും തരുന്നുണ്ട്. കുണ്ഡലിനിയുടെ ചക്രങ്ങളും അവയുടെ അവയുടെ അനുഭൂതികളുമായിട്ടാണ് ഇവ അറിയപ്പെടുന്നത്. ഈ ഏഴു കേന്ദ്രങ്ങൾ അഥവാ ചക്രങ്ങൾ, ഏഴു താമരപ്പൂക്കളാണ്. ഓരോന്നും മറ്റൊന്നിന് മുകളിലും കൂടുതൽ വലുതുമാണ്. ഇവയ്ക്ക് മത്ത് പിടിപ്പിക്കുന്ന സുഗന്ധമുണ്ട്. മനസ്സ് നിങ്ങൾക്ക് തരുന്ന വിശാലസ്ഥലികൾ അപരിമിതവും അനന്തവുമാണ്. എന്നിരുന്നാലും ഇവയൊന്നും പരമമായ ലക്ഷ്യമാകുന്നില്ല എന്ന അടിസ്ഥാന പ്രമാണം ഓർത്തിരിക്കേണ്ടതുണ്ട്.
യാത്രയും യാത്രക്കിടയിൽ കാണുന്ന ദൃശ്യങ്ങളും -- വൃക്ഷങ്ങൾ, പർവ്വതങ്ങൾ, പുഷ്പങ്ങൾ, നദികൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എല്ലാം ആസ്വദിക്കുകതന്നെ വേണം. ഇവയെ എല്ലാം അറിയുന്ന നിങ്ങളിലെ വിഷയി അതിന്റെ തന്നെ വിഷയമായിത്തീരുന്നെടുത്തോളം കാലം വഴിയിൽ തങ്ങിപ്പോകരുത്. നിരീക്ഷകൻ നിരീക്ഷണവിധേയമായത് തന്നെ ആകുമ്പോൾ, അറിയുന്നവൻ അറിയപ്പെട്ടത് തന്നെ ആകുമ്പോൾ, ദ്രഷ്ടാവ് ദൃശ്യംതന്നെ ആവുമ്പോൾ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു. ഈ ലക്ഷ്യമാണ്, നിരവധി ജന്മങ്ങളായി നാം തേടിക്കൊണ്ടിരിക്കുകയും ഒരിക്കലും എത്തിച്ചേരാൻ കഴിയാതെപോവുകയും ചെയ്ത യഥാർത്ഥക്ഷേത്രം നാം മനോഹരമായ അനുഭൂതികൾകൊണ്ട് തൃപ്തിപ്പെട്ടുപോവുന്നതാണ് ഈ വഴിതെറ്റലുകൾക്കൊക്കെ കാരണം.
ധീരനായ ഒരന്വേഷകൻ ഈ അനുഭൂതികളെ ഉപേക്ഷിച്ചു മുന്നോട്ടുപോകേണ്ടതുണ്ട്. അനുഭൂതികളും അനുഭവങ്ങളും പെയ്തൊഴിഞ്ഞു കഴിയുമ്പോൾ സ്വന്തം ഏകാന്തതയിൽ അയാൾ മാത്രം അവശേഷിക്കുന്നു ...... ഒരു ആനന്ദമൂർച്ഛയിൽ. അതിനേക്കാൾ വലുതല്ല, ഒരു ചിദാനന്ദവും ഇതിനേക്കാൾ ആനന്ദപ്രദമല്ല, ഒരു സത്യവും ഇതിനേക്കാൾ യഥാർത്ഥമല്ല. ഈ അവസ്ഥയിൽ ഞാൻ ദൈവീകത എന്നുവിളിക്കുന്ന സ്ഥിതിയിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു. നിങ്ങൾ ഒരു ദൈവമായിക്കഴിഞ്ഞിരിക്കുന്നു.
ഒരു വൃദ്ധൻ ഡോക്ടറുടെ അടുത്ത് ചെന്നു. അയാൾ പരാതിപ്പെട്ടു : "എനിക്ക് ശോധനയുടെ പ്രശ്നമുണ്ട് "
"ആകട്ടെ, നമുക്ക് നോക്കാം. മൂത്രം ഒഴിഞ്ഞുപോകുന്നുണ്ടോ? "
"എന്നും രാവിലെ ഏഴുമണിക്ക്, കൊച്ചു കുട്ടികളെപ്പോലെ"
"നല്ലത്. മലത്തിന്റെ കാര്യം?"
"എന്നും രാവിലെ എട്ടുമണിക്ക്, ഘടികാരത്തെപ്പോലെ കിറുകൃത്യം"
"അപ്പോൾ പിന്നെ നിങ്ങളുടെ പ്രശ്നമെന്താണ്?" ഡോക്ടർ ചോദിച്ചു.
"ഞാൻ ഒമ്പത് കഴിഞ്ഞേ ഉണരൂ."
"നിങ്ങൾ ഉറങ്ങുകയാണ്. ഉണരേണ്ട സമയമായിരിക്കുന്നു.
ഈ അനുഭൂതികളെല്ലാം ഉറങ്ങുന്ന മനസ്സിന്റെ അനുഭൂതികളാണ്. ഉണർന്നുകഴിഞ്ഞ മനസ്സിനെ ഇത്തരം അനുഭൂതികൾ അലട്ടുന്നതേയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ