2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

മരണം അത് ജീവിതത്തിൽ അനിവാര്യമാണ്.


മരണം അത് ജീവിതത്തിൽ അനിവാര്യമാണ്. അത് അനിർവ്വചനീയമാണ്. മഹാത്മക്കളെല്ലാം മരണത്തെ ശരിക്കും മനസ്സിലാക്കി ജീവിച്ചവരാണ്.

ഈ നിമിഷം മാത്രമേ മനുഷ്യന് വിധിച്ചിട്ടുള്ളൂ. അത് തിരിച്ചറിയാതെ ഭാവിയിൽ കണ്ണുംനട്ട് ഈ നിമിഷത്തിന്റെ മനോഹാരിത നശിപ്പിക്കുന്ന മണ്ടൻമാരാണ് മനുഷ്യ വർഗ്ഗം.

പ്രപഞ്ചത്തിന്റെയും ജീവന്റെയും അടിസ്ഥാനം ബോധം ആണെന്ന് തിരിച്ചറിയുന്നവനാണ്, യഥാർത്ഥത്തിൽ, മരണത്തിന് മുമ്പ് സംതൃപ്തിയോടെ ജീവിക്കുന്നത്.

ജീവിതം ഭൗതികമാണെന്ന് കരുതുന്നത് തികച്ചും അജ്ഞതയാണ്. ജീവിതം ഭൗതികമായാൽ മരണം വരെ ഭയന്ന് ജീവിക്കേണ്ട ഗതികേട് മനുഷ്യന് വന്നു ചേരും.

ഞാൻ ആത്മാവ് (ബോധം) ആണെന്ന് ഉറയ്ക്കുന്നവനിൽ മാത്രമേ, ഭയം മനസ്സിൽ നിന്നും അപ്രത്യക്ഷമാകുകയുള്ളൂ.

മാസ്റ്റർ പറയുന്ന ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിൽ ഒരു ആത്‌മജ്ഞാനി(സാധു) സുഖമായ് ജീവിക്കുകയായിരുന്നു. ഇടയ്ക്ക് ചില സാധാരണക്കാർ അദ്ദേഹത്തെ സന്ദർശിച്ചു മടങ്ങാറുണ്ട്. ഒരു സാധാരണക്കാരന് (ദീപു) ഈ സാധുവിനെ വളരെ ഇഷ്ടമാണ്. ഈ സന്യാസിക്ക് മറ്റ് ലൌകിക വിഷയങ്ങളിലോ ലൈംഗികവിഷയങ്ങളിലോ താല്പര്യം ഇല്ലാത്തത് ദീപുവിനെ ആശ്ചര്യഭരിതനാക്കിയിരുന്നു. ഒരു ദിവസം ദീപു സാധുവിനോട് ചോദിച്ചു, "അങ്ങ് ഭോഗസുഖങ്ങളിൽ ഒട്ടും താല്പര്യം കാണിക്കുന്നില്ല, എന്നിട്ടും, അങ്ങ് എല്ലായ്പ്പോഴും സന്തോഷവാനാണല്ലോ. എന്താണ് അതിന് കാരണം?

സാധു പറഞ്ഞു. ശരിയാണ്, അത് കൃത്യ സമയം ആകുമ്പോൾ ഞാൻ പറഞ്ഞുതരാം. അങ്ങനെ ഒന്നു രണ്ട് ആഴ്ചകൾ കടന്നുപോയി ദീപു തന്റെ ചോദ്യവും മറന്നു. പക്ഷേ സന്യാസിയുടെ മനസ്സിൽ അയാളുടെ ചോദ്യം നിലനിന്നിരുന്നു. ഒരു ദിവസം തന്നെ കാണാൻ വന്ന ദീപുവിനോട്‌ സാധു സ്വകാര്യമായി സംസാരിച്ചു.

സാധു പറഞ്ഞു, "താങ്കളോട് പറയാൻ പാടില്ലാത്ത കാര്യം പറയേണ്ടി വന്നിരിക്കുന്നു ഇത് വളരെ രഹസ്യമാണ് മറ്റാരോടും പറയുകയും ചെയ്യരുത്."

ദീപു വളരെ ആകാംക്ഷയോടെ സാധുവിനോട് ചോദിച്ചു, "എന്താണ് കാര്യം, താങ്കൾ ധൈര്യമായി പറഞ്ഞാലും, ഞാൻ അത് കേൾക്കാൻ തയ്യാറാണ്."

ദീപുവിന്റെ മരണം ഇതാ അടുത്തെത്തിയിരിക്കുന്നു ഏഴ് ദിവസം കഴിയുമ്പോൾ ദീപുവിന് മരണം സംഭവിച്ചിരിക്കും.

സാധുവിനെ ദീപുവിന് വലിയ വിശ്വാസം ആയിരുന്നു. അദ്ദേഹം പറഞ്ഞാൽ അത് തെറ്റില്ല എന്ന് ദീപുവിന് അറിയാം.

ഇതുകേട്ട് ദീപുവിന് വളരെ സങ്കടം ആയി, അദ്ദേഹം സാധുവിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് വളരെ വേഗം മടങ്ങി.

വീട്ടിലെത്തിയ അദ്ദേഹത്തോട് ഭാര്യ എത്ര ചോദിച്ചിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. അദ്ദേഹം നിശബ്ദനായി തന്റെ കട്ടിലിൽ കയറി കിടന്നു. അങ്ങനെ ഓരോ ദിവസവും കൊഴിഞ്ഞു പോകും തോറും അദ്ദേഹത്തിന് വിശപ്പും ക്ഷീണവും കൂടിക്കൂടി വന്നു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഭാര്യ ആകെ വിഷമിച്ചു. അവർ ചെന്ന് സാധുവിനോട് കാര്യം പറഞ്ഞു.

അങ്ങനെ ഏഴാമത്തെ ദിവസം, രാവിലെ തന്നെ സാധു ദീപുവിന്റെ വീട്ടിലെത്തി. ദീപു വളരെയധികം അവശനായിട്ടുണ്ട്. ദീപു മരണം പ്രതീക്ഷിച്ച് കിടക്കുകയാണ്. അദ്ദേഹത്തെ കണ്ട ദീപു ഒരുവിധം, തന്റെ കട്ടിലിൽ എണീറ്റ് ഇരുന്നു.

സാധു, ദീപുവിനോട് എല്ലാ വിവരങ്ങളും പറഞ്ഞു. "അന്ന് ദീപു ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ ആണ്, ഞാൻ താങ്കളോട് രഹസ്യമായി താങ്കളുടെ മരണത്തെക്കുറിച്ച് സംസാരിച്ചത്. "

"ഈ കഴിഞ്ഞ ആറ് ദിവസം എന്തിനോടെങ്കിലും താങ്കൾക്ക് ആസക്തി തോന്നിയോ, ഭാര്യയോട് ഭോഗിക്കണമെന്ന് തോന്നിയോ, എന്തെങ്കിലും ലൈംഗിക വിചാരങ്ങൾ മനസ്സിലുദിച്ചുവോ, അനിവാര്യമായ മരണത്തെ ഒരു നിമിഷം പോലും മറക്കാതെ ജീവിക്കുന്നവരാണ് യഥാർത്ഥ സന്യാസികൾ. അവരുടെ മനസ്സിൽ ഒരു ആഗ്രഹം പോലും അവശേഷിക്കുന്നില്ല. യഥാർത്ഥ സത്തയെ അനുഭവിക്കുന്നതിനേക്കാൾ വലുത് അവർക്ക് മറ്റൊന്നും തന്നെയില്ല. " എല്ലാം കേട്ട് നിസ്സംഗമായ് ദീപു ചിരിച്ചു.

വസ്തു ഒന്നേയുള്ളു, അത് നമ്മുടെ ബോധം തന്നെയാണ്. വസ്തുവിനെ പലതായി ദർശിക്കുന്നതാണ് അജ്ഞത. രാഗദ്വേഷ മുക്തമായ മനസ്സ് യഥാർത്ഥ സത്യത്തെ തിരിച്ചറിയുന്നു.

1 അഭിപ്രായം: