2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

യുക്തിയും യുക്തിയില്ലായ്മയും


ബോധശാസ്ത്രത്തിലെ ഒരു പ്രധാന തത്വമാണ് "ആരേയും വെറുക്കരുത് - ആരേയും സ്നേഹിക്കരുത് "

ഇത് ഒരു സാധാരണ മനുഷ്യന് മനസ്സിലാകുകയില്ല . ഇത് യുക്തിക്കതീതമാണെന്നാണ് ബോധശാസ്ത്രം മാസ്റ്റർ പറയുന്നത് . എല്ലാവർക്കും മറ്റുള്ളവരെ സ്നേഹിക്കാനും അറിയാം , വെറുക്കാനും അറിയാം. എന്നാൽ സ്നേഹിക്കേണ്ട ആളെ സ്നേഹിക്കാതിരിക്കാനും വെറുക്കേണ്ട ആളെ വെറുക്കാതിരിക്കാനും ബോധം മനുഷ്യനിൽ ഉയരണം . ആഗ്രഹങ്ങളും ആസക്തിയും വികാരങ്ങളും ഒരു പരിധി വരെ കുറയണം.

എന്റെ ഭാര്യയെ ഞാൻ വളരെയധികം ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. പിന്നീട് ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ വരികയും പലപ്പോഴും അത് വഴക്കിലും പിണങ്ങലിലും കലാശിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ എന്നിൽ ആദ്യം ഉയർന്ന ചിന്ത അവരോടുള്ള പ്രതികാരവും വെറുപ്പുമായിരുന്നു . മറ്റൊരു വിവാഹം കഴിക്കാനും മനസ് പ്രേരിപ്പിച്ചു . എങ്കിലും ബോധശാസ്ത്രത്തിലൂടെ യഥാർത്ഥ സത്യം അറിഞ്ഞതിനാൽ അത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് പോയില്ല . എനിക്ക് അവരോട് ക്ഷമിക്കാനും കഴിഞ്ഞു . അവരെ വെറുക്കാതിരിക്കാനും സ്നേഹിക്കാതിരിക്കാനും തുടർന്നുള്ള ദിവസങ്ങളിൽ സാധിച്ചു . യഥാർത്ഥത്തിൽ ഇത് ഏറെ സമയം ആവശ്യമായ പരിണാമമാണ് . വേദാന്തങ്ങൾ ഇതിനെ "ചിത്തത്തിന്റെ സമനില കൈവരിക്കൽ " എന്നാണ് വിശേഷിപ്പിക്കുന്നത് .

പ്രതികരിക്കാനും വെറുക്കാനും ഒരു മനുഷ്യനെ ആരും പഠിപ്പിക്കേണ്ടതില്ല . കാരണം , അത് നമ്മുടെ ജനിതക വാസനയാണ് . എന്നാൽ ക്ഷമിക്കുവാനും പൊറുക്കുവാനും പ്രതികരിക്കാതിരിക്കാനും മനുഷ്യൻ ഏറെ പരിണമിക്കേണ്ടതുണ്ട് . അവിടെയാണ് യഥാർത്ഥ ഗുരുക്കൻമാരുടെ പ്രസക്തി . ആദ്യകാലങ്ങളിൽ പരാജയപ്പെടുന്ന ശിഷ്യനെ ഗുരു ആത്മവിശ്വാസമുള്ളവനാക്കി മാറ്റുന്നു .

ഗുരുവിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ പല ശിഷ്യൻമാരും കോപിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതായി പത്രവാർത്തകളിൽ കാണാറുണ്ട് . എന്നാൽ യഥാർത്ഥ ഗുരുക്കൻമാർ പലപ്പോഴും അത്തരം സന്ദർഭങ്ങളിൽ പുഞ്ചിരിയോടെ നിൽക്കുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് . കാരണം ശിഷ്യൻ തന്റെ സാധനാ കാലഘട്ടത്തിലാണ് അഥവാ പരിണാമത്തിന്റെ തുടക്കത്തിലാണ് ജീവിക്കുന്നത് . അവനിൽ ആഗ്രഹങ്ങളും വികാരങ്ങളും ആസക്തിയും കൂടുതലാണ് . അവർ സത്യത്തെ അനുഭവിച്ചിട്ടില്ല . സത്യം അനുഭവിച്ച ഒരാൾക്കേ പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും മനസ്സുകൊണ്ടോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പ്രതികരിക്കാതിരിക്കാൻ കഴിയൂ .

നാം തുടക്കത്തിൽ പറഞ്ഞ രണ്ട് വാക്കുകൾ ''സ്നേഹിക്കരുത് - വെറുക്കരുത് '' എന്നിവയിലേക്ക് നമുക്ക് ഒന്നുകൂടി ശ്രദ്ധിക്കാം . യഥാർത്ഥത്തിൽ ഈ വാക്കുകൾ ആത്മീയമല്ല . അരുത് എന്ന പദം ആത്മീയതയക്ക് അനുയോജ്യമല്ല . എല്ലാം സ്വീകരിക്കുന്നതും സംയോജിക്കുന്നതുമാണ് ആത്മീയം . തിൻമയും നൻമയും ഒന്നാകുന്നതാണ് ആത്മീയം . ആത്മാവും ശരീരവും ഒന്നാവുന്നതാണ് ആത്മീയത . വെറുപ്പും സ്നേഹവും ഒന്നിക്കുന്നതാണ് ആത്മീയത . പാപബോധവും പുണ്യബോധവും ഒന്നാകുന്നതാണ് ആത്മീയത . എല്ലാത്തിന്റെയും ലയനമാണ് ആത്മീയത . എല്ലാത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യവുമാണ് ആത്മീയത . Total Liberation of Soul

എന്നാൽ ആത്മീയത ലക്ഷ്യമാക്കി പരിശീലിക്കുമ്പോൾ അഥവാ പരിശ്രമിക്കുമ്പോൾ അതിലേക്ക് മാർഗ്ഗമായേക്കാവുന്ന 2 പദങ്ങളാണ് ''സ്നേഹിക്കരുത് - വെറുക്കരുത് '' എന്നത് . ലക്ഷ്യത്തിലെത്തിയാൽ മാർഗ്ഗം തലയിൽ വെച്ച് നടക്കേണ്ടതില്ല . അതും ഉപേക്ഷിച്ച് ഭൗതീക -വ്യാവഹാരിക ജീവിതത്തിൽ നിശ്ചല - നിസ്സംഗനായി നിശബ്ദനായി , പരമാവധി ഏകാന്തതയിൽ , നമുക്ക് ജീവിതം പൂർണ്ണമാക്കാം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ