ഇക്കഴിഞ്ഞ ദിവസം ഒരു വൃദ്ധൻ എനിക്കെഴുതി. അയാളുടെ ഇളയ മകൻ സന്യസിക്കാൻ പോകുന്നത്രേ. അവന് മുപ്പത് വയസ്സേ ആയിട്ടുള്ളു. എഴുപത് കാരനായ അദ്ദേഹമതിൽ കോപാകുലനാണ്. അയാൾ എനിക്കെഴുതി :"എന്റെ മകന് മുപ്പതു വയസ്സേയുള്ളു. വളരെ ചെറുപ്പം. ഇപ്പോൾ സന്യാസിയാകണമെന്ന് അവനാഗ്രഹിക്കുന്നത് ശരിയാണോ?. ഈ ചെറുപ്രായത്തിൽ നിങ്ങൾ അവന് സന്യാസദീക്ഷ നൽകുന്നത് ശരിയാണോ? "
ഞാൻ ഈ വൃദ്ധനെക്കുറിച്ച് തിരക്കി. "നിങ്ങളുടെ മകന് ഞാൻ സന്യാസം നല്കാതിരിക്കാം. പക്ഷെ അവന്റെ സ്ഥാനത്ത് നിങ്ങൾ വരണം. നിങ്ങൾക്ക് വയസ്സ് എഴുപത് ആയല്ലോ. എന്തു പറയുന്നു? " അതിന് മറുപടിയായി അയാൾ ഇങ്ങനെ എഴുതി : "ശരിയാണ്, എന്നെങ്കിലും ഒരിക്കൽ ഞാൻ സന്യാസം സ്വീകരിക്കാം. പക്ഷെ ഇപ്പോഴതിന് സമയമായിട്ടില്ല. "
പക്ഷെ നിങ്ങൾക്കതെങ്ങിനെ സാധിക്കും? എഴുപതു വയസ്സായിട്ടും അതിനുള്ള സമയമായില്ലെങ്കിൽ ഇനിയെപ്പോഴാണ് അതിന് സമയമാകുക?.. ഇതിനെല്ലാറ്റിനും പുറമെ അതിനു മുമ്പ് മരണം വന്നെങ്കിലോ?
നീട്ടിവയ്ക്കുന്നതിന് ധാരാളം ഒഴികഴിവുകളുണ്ട്. നീട്ടിവയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് കാമന. ഇന്നത്തെ ദിവസം നന്നല്ല, നാളെയാകാം എന്ന് നിങ്ങൾ കരുതുന്നു. ഈ പ്രതീക്ഷയിൽ നിങ്ങൾ ഒരുവിധം ഇഴഞ്ഞു നീങ്ങുന്നു. ഇന്നൊരു ദിവസത്തെ പ്രശ്നം മാത്രമാണ്, നാളേക്ക് എല്ലാം ശരിയാകും എന്ന് നിങ്ങൾ കരുതുന്നു. അതങ്ങനെയാകാൻ പോകുന്നില്ല. കാരണം നിങ്ങളുടെ ഇന്നിൽ നിന്നാണ് നിങ്ങളുടെ നാളെയും പിറക്കാൻ പോകുന്നത്.
ഞാൻ മറ്റൊരു തത്വത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പീറ്ററിനെപ്പോലുള്ള മറ്റൊരാളാണ് അത് പറഞ്ഞിട്ടുള്ളത്. അയാളുടെ പേര് മർഫിയെന്നാണ് --മർഫിയുടെ പ്രമാണം. അയാൾ പറയുന്നു : 'പുഞ്ചിരിച്ചുകൊണ്ടേയിരിക്കുക, എന്തെന്നാൽ നാളെ കൂടുതൽ മോശമാകുവാനാണ് സാധ്യത '.
ഈ നിമിഷം തന്നെയാണ് എല്ലാം. ബുദ്ധൻ നിബന്ധപൂർവ്വം പറയുന്നു :ഈ നിമിഷത്തിൽ ജീവിക്കുക. എന്നാൽ കാമനയാകട്ടെ നമ്മെ ഈ നിമിഷത്തിൽ ജീവിക്കുവാൻ അനുവദിക്കില്ല. നിങ്ങൾ എല്ലായ്പ്പോഴും ഒരേ കാര്യം തന്നെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ ചാക്രികമായി നീങ്ങികൊണ്ടേയിരിക്കുന്നു.
നിങ്ങളുടെ ജീവിതത്തെ നിരീക്ഷിക്കുക, പിന്തിരിഞ്ഞുനോക്കുക. ഒരു ചാക്രിക വളയത്തിലൂടെ നിങ്ങൾ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. അതേ മുൻകോപം, അതേ ലൈംഗികത, അതേ ആർത്തി, അതേ പ്രതീക്ഷ, അതേ നീട്ടിവയ്ക്കൽ, അതേ കാമിക്കുന്ന മനസ്സ്. എപ്പോഴാണ് നിങ്ങൾ ഉണരാൻ പോകുന്നത്?.
ധനാഢ്യരുടെ ക്ലബ്ബിൽ പരിചാരകൻ മദ്യം വിളമ്പുകയായിരുന്നു. വളരെ പ്രശസ്തനും ബഹുമാന്യനുമായ ഒരുവൻ മദ്യശാലയിൽ വന്നിരിക്കുകയും എന്നാൽ കുടിക്കാൻ ഒന്നും ഓർഡർ തരാതിരിക്കുകയും ചെയ്‌യുന്നതുകണ്ട് പരിചാരകൻ അയാൾക്ക് കുടിക്കാൻ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. എന്നാൽ ഇതിനുമുമ്പ് ഒരിക്കൽ താൻ മദ്യം പരീക്ഷിച്ചിട്ടുള്ളതാണെന്നും ഇഷ്ട്ടപ്പെടാത്തതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു വെന്നും അയാൾ അറിയിച്ചു.
എന്നാൽ വെറുതെ അയാൾ അവിടെയിരിക്കുന്നത് കണ്ടിട്ട് വിഷമം തോന്നിയ പരിചാരകൻ അയാൾക്ക് ഒരു സിഗരറ്റ് സമ്മാനിച്ചു.
"ഒരിക്കൽ ഞാൻ ഇതും പരീക്ഷിച്ചതാണ്. പക്ഷെ ഇഷ്ട്ടപ്പെടാത്തതുകൊണ്ട് വേണ്ടെന്ന് വെച്ചു ". അയാൾ പറഞ്ഞു.
അതിഥിയെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ച പരിചാരകൻ ഇങ്ങനെ നിർദ്ദേശിച്ചു :
"തൊട്ടടുത്ത ബില്യാഡ് റൂമിലേക്ക് പോയാൽ അൽപ്പനേരം ചീട്ടുകളിക്കാം ".
"ഏയ്... വേണ്ട, ഒരിക്കൽ ഞാൻ ചൂതുകളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കതിൽ ഒരു താൽപ്പര്യവും തോന്നിയിട്ടില്ല. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഞാൻ ഇവിടെ വെറുതെ ഇരുന്നുകൊള്ളാം. ഞാൻ എന്റെ മകനെ കാത്തിരിക്കുകയാണ് ".
ഇതുകേട്ട് ആ പരിചാരകൻ സഹതാപപൂർവ്വം ഇങ്ങനെ പറഞ്ഞു : "അവൻ നിങ്ങളുടെ ഏക മകനായിരിക്കും, അല്ലേ ".
വളരെ കുറച്ചു ആളുകൾ മാത്രമാണ് ജാഗ്രതയോടെ വർത്തിക്കുന്നത്. ഭൂരിഭാഗവും കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.....
(ഒരു ഗാനത്തിന്റെ മൗനം )................. എന്ന പുസ്തകത്തിൽ നിന്നും............. ഓഷോ...................... ഓഷോ................ ഓഷോ.............. ഓഷോ.................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ