അങ്ങകലെ ഒരിടത്ത് ഒരിടത്ത് ബുദ്ധ സന്ന്യാസിമാരുടെ ഇടയിൽ പ്രചാരമുള്ള ഒരു കഥയുണ്ട്.
നല്ല സ്വഭാവ ഗുണങ്ങൾ ഒത്തിണങ്ങിയ സുന്ദരനും സുമുഖനുമായ ഒരു യുവ ബുദ്ധ സന്യാസി. അദ്ദേഹത്തിന്റെ സ്വഭാവ മഹിമയും ഗുരുഭക്തിയുമെല്ലാം ചില കുബുദ്ധികൾക്ക് അദ്ദേഹത്തോട് അസൂയയുണ്ടാക്കി. അദ്ദേഹത്തിന്റെ നല്ലനടപ്പിനെ തകർ ക്കുവാനവർ ഗൂഡാലോചന നടത്തി. അതു നടപ്പിലാക്കുവാനായി സുന്ദരിയായ ഒരു യുവതിയെ കണ്ടു പിടിച്ചു. എന്നിട്ട് യുവതിയുടെ ഒരു കൈയ്യിൽ മദ്യം നിറച്ച പാത്രവും മറ്റേ കൈയ്യിൽ ഒരു ആടിനേയും കൊടുത്തിട്ട് യുവ സന്ന്യാസി വരുന്ന വഴിയിൽ നിലയുറപ്പിക്കുവാൻ ഏർപ്പാടാക്കി. സാധാരണ പോലെ ഗുരുവിനുള്ള ഭിക്ഷയുമായി വരികയായിരുന്ന യുവ സന്ന്യാസിക്ക് വഴിമദ്ധ്യേ തടസമായി യുവതിയുണ്ട് നില്ക്കുന്നു. വഴിമാറി തരുവാൻ യുവ സന്ന്യാസി ആവശ്യപ്പെട്ടു. ഞാൻ അങ്ങേക്ക് വഴിമാറി തരാം, പക്ഷെ ഞാൻ പറയുന്ന മൂന്ന് നിബന്ധനകളിലൊന്ന് അങ്ങ് സാധിച്ചു തരണം. എന്താണത്? യുവ സന്ന്യാസി ആരാഞ്ഞു.
ഒന്നു് :അങ്ങ് എന്നേ വിവാഹം കഴിക്കണം. രണ്ടു്: എന്റെ വലത് കൈയ്യിലുള്ള ആടിന്റെ തല വെട്ടണം. മൂന്ന്, എന്റെ ഇടത്തെ കയ്യിലുള്ള മദ്യം അങ്ങ് കഴിക്കണം. ഇതിൽ ഒന്ന് ചെയ്യാതെ അങ്ങേക്ക് ഞാൻ വഴി മാറി തരില്ല.
യുവ സന്ന്യാസി കുഴങ്ങി. ഗുരുവിന് ആഹാരം എത്തിക്കേണം. എന്താണൊരു പരിഹാരമാർഗ്ഗം ? വിവാഹം ചെയ്താൽ സന്ന്യാസം പോകും. ആടിനെ കൊന്നാൽ ഹിംസ ,മഹാപാപം. അയ്യോ ചിന്തിക്കാൻ വയ്യ. അടുത്തതു മദ്യപാനം. ഏറെ നേരം ചിന്തിച്ച ശേഷം യുവ സന്ന്യാസി ഒരു തീരുമാനത്തിലെത്തി. മദ്യപാനം ഒത്തു നോക്കിയാൽ ആദ്യത്തെ രണ്ട് നിബന്ധനകളുടെയത്രയും കുഴപ്പമി ല്ല.
പിന്നെ അമാന്തിച്ചില്ല. മദ്യം തന്നാട്ടെ, യുവ സന്ന്യാസി ആവശ്യപ്പെട്ടു. യുവതിയുടെ കൈയ്യിൽ നിന്നും മദ്യം വാങ്ങി കഴിച്ചു. മദ്യം ഉള്ളിൽ ചെന്നപ്പോൾ യുവ സന്യാസിപറഞ്ഞു - ശരി, ഞാൻ നിന്നെ വിവാഹം കഴിക്കാം. വിവാഹം കഴിഞ്ഞു. പിന്നെ ,അധികനേരം വേണ്ടി വന്നില്ല -ആടിനെ കൊന്ന് ഭക്ഷണവുമാക്കി. മദ്യം ഉള്ളിലെത്തിയപ്പോൾ ഒന്നല്ല, മൂന്ന് നിബന്ധനകളും നടപ്പിലാക്കാനായി . സന്ന്യാസത്തേയും ഗുരുവിനേയും ഉപേക്ഷിച്ചു യുവതിയോടൊപ്പം യാത്രയുമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ