രാമൻ ചോദിച്ചു:"പ്രഭോ എന്താണീ അഹങ്കാരത്തിന്റെ സ്വരൂപം? എങ്ങനെയാണു അഹങ്കാരത്തെ ത്യജിക്കുക? ദേഹമുള്ളപ്പോഴോ ഇല്ലാത്തപ്പോഴോ അഹങ്കാരത്തെ ത്യജിച്ചാൽ എന്ത് സംഭവിക്കും?"
വസിഷ്ഠൻ പറഞ്ഞു:"രാമാ ലോകത്തു അഹങ്കാരം മൂന്നു വിധമാണ്. അവയിൽ രണ്ടെണ്ണം സ്രേഷ്ടങ്ങളാണ്. മൂന്നാമത്തേതാണ് ഉപേക്ഷിക്കപ്പെടേണ്ടത്. വിശദമായി പറയാം; കേട്ടോളൂ.
ഈ വിശ്വം മുഴുവൻ ഞാൻ തന്നെ. ഞാൻ ഒരഴിവുമില്ലാത്ത പരമാത്മാവാണ്; ഞാനല്ലാതെ മറ്റൊന്നും നിലവിലില്ല;ഈ അഹങ്കാരം ഏറ്റവും സ്രെഷ്ടം. ഇത് ബന്ധകാരണമല്ല. ജീവന്മുക്തന്റെ അഹങ്കാരം.ഞാൻ ഒരു തലമുടിയുടെ അറ്റത്തേക്കാൾ സൂക്ഷ്മമാണ്. മറ്റെല്ലാറ്റിൽ നിന്നും വേർപെട്ടതാണ്. ഈ ശുദ്ധ ബോധാനുഭവമാണ് രണ്ടാമത്തെ അഹങ്കാരം. ഇതും സ്രേഷ്ടമാണ്. ഇത് മോക്ഷത്തെ തരുന്നു; ബന്ധകാരണമല്ല. ഇതും ഒരു ജീവന്മുക്തന്റെ അഹങ്കാരമാണ്;
കയ്യും കാലും ഒക്കെ ഉൾപ്പെട്ട ഈ ദേഹമാണ് ഞാൻ. ഈ തീരുമാനമാണ് മൂന്നാമത്തെ അഹങ്കാരം. ലൗകികന്റെ അതി തുച്ഛമായ അഹങ്കാരമാണ് ഇത്. ഇത് സംസാര സന്താനത്തിന്റെ മുളപ്പാണ്. അതുകൊണ്ടു ഉപേക്ഷിക്കപ്പെടേണ്ടതാണ്. ഈ അഹങ്കാരം ശക്തി പ്രാപിച്ചാൽ, ജീവന് പിന്നെ തുടർന്നുള്ള അധോഗമനമാണ് ഫലം. സത്യഭാവനകൊണ്ട് ഈ ദുരഹങ്കാരത്തെ പുറംതള്ളണം. എന്നിട്ടു സ്രേഷ്ടങ്ങളായ രണ്ടുള്ളതിൽ ഒന്ന് അംഗീകരിക്കണം. അത് മുക്തിക്കു വഴിതെളിക്കും. ലൗകിക ബന്ധങ്ങൾക്ക് അപ്പുറം നിൽക്കുന്ന ആദ്യത്തെ രണ്ടു അഹങ്കാരങ്ങളും അംഗീകരിച്ചുകൊണ്ട് മൂന്നാമത്തേതിനെയുപേക്ഷിക്കണം. ദുഃഖത്തെയുണ്ടാക്കുന്നതാണ് മൂന്നാമത്തേത്. ദുഃഖപ്രദമായ മൂന്നാമത്തെ അഹങ്കാരത്തെ ത്യജിച്ചു ത്യജിച്ചു മുന്നോട്ടു പോകുംതോറും മുക്തി അടുത്തടുത്ത് വന്നു ചേരുന്നു; ആദ്യം പറഞ്ഞ രണ്ടു അഹങ്കാരങ്ങളും ഭാവനചെയ്തു മുന്നോട്ടു പോകുംതോറും മനുഷ്യൻ സത്യത്തോട് അടുത്ത് ചെല്ലുന്നു; ഒടുവിൽ ആ അഹങ്കാരങ്ങളെയും കൈവെടിഞ്ഞു അഹങ്കാരലേശമില്ലാത്ത പൂര്ണബോധാനുഭവത്തിൽ എത്തിച്ചേരുന്നു; ദുരഹങ്കാരമുപേക്ഷിച്ചിട്ടു മനുഷ്യദേഹത്തോടെ കഴിയാൻ ഇടയാവുന്നതിനേക്കാൾ വലിയൊരു പുണ്യം വേറെ വരാനില്ല; അത് തന്നെയാണ് അങ്ങേയറ്റത്തെ ശ്രെയസ്സു. പരമമായ ജീവിത വിജയം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ