ഒരിക്കൽ ഒരു പ്രൊഫസർ തന്റെ സോഫ്റ്റ് സ്കിൽ ഡെവലപ്‌മെന്റ് ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞു.
ഡിയർ സ്റ്റുഡന്റ്സ്, കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചത് ഡിസിപ്ലിൻ; എന്ന വിഷയത്തെക്കുറിച്ചാണ്. ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത് സെൽഫ് ഡിസിപ്ലിനെക്കുറിച്ചാണ്.
ഉടനെ ഒരു വിദ്യാർത്ഥി എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു. സർ, ഈ ഡിസിപ്ലിനും സെൽഫ് ഡിസിപ്ലിനും രണ്ടും രണ്ടാണോ? ആണെങ്കിൽ എന്താണ് അവ രണ്ടും തമ്മിലുള്ള വ്യത്യാസം?
പറയാം. പ്രൊഫസർ പറഞ്ഞു. അതിന് മുമ്പ് ഞാൻ നിങ്ങളോടൊരു ചോദ്യം ചോദിച്ചോട്ടേ? ചോദിച്ചോളൂ സർ.; വിദ്യാർത്ഥികൾ കാതുകൂർപ്പിച്ചിരുന്നു.
എന്താണ് വീടും ജയിലും തമ്മിലുള്ള വ്യത്യാസം? പ്രൊഫസർ ചോദിച്ചു.
ഒരു ചെറിയ ആലോചനക്ക് ശേഷം വിദ്യാർത്ഥികൾ അവർക്ക് ശരിയെന്ന് തോന്നിയ ആശയങ്ങൾ പങ്കുവെക്കാൻ തുടങ്ങി. വീട്ടിൽ സ്വാതന്ത്ര്യമുണ്ടാകും, ജയിലിൽ അതുണ്ടാവില്ല. വീട്ടിൽ നമുക്ക് വേണ്ടപ്പെട്ടവരെല്ലാം ഉണ്ടായിരിക്കും, ജയിലിൽ നാം ഒറ്റക്കായിരിക്കും. എന്നിങ്ങനെ പല പല ഉത്തരങ്ങൾ ഉയർന്നു വന്നു. ഇതൊന്നുമല്ല.പ്രൊഫസർ പറഞ്ഞു. കുറച്ചു കൂടി സ്മാർട്ടായിട്ടുള്ള ഒരുത്തരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾ പിന്നെയും ആലോചിച്ച ശേഷം പല ഉത്തരങ്ങൾ പറഞ്ഞു. അതിലൊന്നും പക്ഷെ അദ്ദേഹം തൃപ്തനായില്ല.
ഒടുവിൽ ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു. സർ. ഇതിനുള്ള ഉത്തരം ഞാൻ പറയാം.
പറഞ്ഞോളൂ;
സർ, നാം അകത്തേക്ക് പ്രവേശിച്ച ശേഷം നാം തന്നെ വാതിൽ അകത്ത് നിന്ന് പൂട്ടിയാൽ അത് വീട്. പകരം നാം അകത്ത് കയറിയതും മറ്റൊരാൾ വാതിൽ പുറത്തു നിന്ന് പൂട്ടിയാൽ അത് ജയിൽ.
ബ്രില്ലിയന്റ്…!! പ്രൊഫസറും മറ്റു വിദ്യാർത്ഥികളും നിറഞ്ഞ കരഘോഷങ്ങളോടെ അവളെ അനുമോദിച്ചു. ആരവങ്ങൾ കെട്ടടങ്ങിയപ്പോൾ പ്രൊഫസർ പറഞ്ഞു. ഇതു തന്നെയാണ് ഡിസിപ്ലിനും സെൽഫ് ഡിസിപ്ലിനും തമ്മിലുള്ള വ്യത്യാസവും.
ഒരു കാര്യം മറ്റൊരാളുടെ നിർബന്ധം മൂലമോ സമ്മർദ്ധം മൂലമോ നാം ചെയ്യാതിരുന്നാൽ അത് ഡിസിപ്ലിൻ. അതേ കാര്യം നമുക്ക് സ്വയം തോന്നി നാം അതിൽ നിന്ന് വിട്ടു നിന്നാൽ അതാണ് സെൽഫ് ഡിസിപ്ലിൻ. ഉദാഹരണത്തിന്, പുകവലി നിയമപരമായി നിരോധിച്ചതിന്റെ പേരിൽ നാം പുകവലിക്കാതിരുന്നാൽ അത് ഡിസിപ്ലിൻ. അതേ സമയം യാതൊരു നിരോധനമോ നിയന്ത്രണമോ ഇല്ലാതിരിക്കെ പുകവലിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കി നാം സ്വയം അതിൽ നിന്ന് വിട്ടു നിന്നാൽ അത് സെൽഫ് ഡിസിപ്ലിൻ. ഡിസിപ്ലിൻ ഒരു തരം നിയന്ത്രണമാണ്. എന്നാൽ സെൽഫ് ഡിസിപ്ലിനാകട്ടെ പരമമായ സ്വാതന്ത്ര്യവും.
ഒന്ന് നിർത്തിയ ശേഷം അദ്ദേഹം തുടർന്നു. നിങ്ങൾ ജീവിതത്തിൽ ഡിസിപ്ലിൻഡ് ആകുന്നതിനുപകരം സെൽഫ് ഡിസിപ്ലിൻഡ് ആയിരിക്കുക. കാരണം മറ്റുള്ളവർ നമുക്കുമേൽ അടിച്ചേൽപ്പിക്കുന്ന നന്മകളേക്കാൾ ഉത്തമം നാം സ്വയം തിരിച്ചറിഞ്ഞ് ചെയ്യുന്ന നന്മകളാണ്.
ഇത് നമുക്കേവർക്കും വളരെ നല്ലൊരു പാഠമാണ്. ജീവിതത്തിൽ ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് ശരികൾക്ക് ഊന്നൽ നൽകുകയും തെറ്റുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ സെൽഫ് ഡിസിപ്ലിൻ. അത് ഒരാളുടെ വ്യക്തിത്വത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു അവസ്ഥ കൂടിയാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ തിന്മകളിൽ നിന്ന് സ്വയം വാതിലടച്ച് കുറ്റിയിടുന്നതാണ് സെൽഫ് ഡിസ്പ്ലിൻ. ആ വാതിലിന്റെ കുറ്റിയും കൊളുത്തും മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാതിരിക്കുക.
Hi sir
മറുപടിഇല്ലാതാക്കൂമോട്ടിവേഷന് വേണ്ടി താങ്കളുടെ എഴുത്തുകൾ
Copy ചെയാൻ അനുവദിക്കുമോ??
Yes.. No issues
ഇല്ലാതാക്കൂ