ഞാനൊരു ആത്മീയ നാടോടി ജിപ്സിയാണ്, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അലഞ്ഞു നടക്കുകയായിരുന്നു എന്റെ ജീവിതം. വംശങ്ങളോ, മതങ്ങളോ, രാഷ്ട്രങ്ങളോ, ഇല്ലെന്ന - ഈ ഭൂമി മുഴുവൻ നമ്മുടേതാണെന്ന അവബോധം ഇതെനിക്ക് നൽകി. മാനവരാശിയെ വിഭജിക്കുന്ന പരാദങ്ങളായ മതങ്ങളുണ്ട്. ഭൂമിയെ തുണ്ടുതുണ്ടായി വെട്ടിമുറിക്കുന്ന രാഷ്ട്രീയ രാക്ഷസന്മാരുണ്ട്.
ഒന്നിലും ചേരാതെ നിൽക്കുക. ഏതിലെങ്കിലും ചേരുകയെന്നാൽ ഒരു കുറ്റകൃത്യം ചെയ്യുകയാണെന്ന് ഞാൻ വളരെ വ്യക്തമായി കണ്ടിട്ടുണ്ട്. ഒന്നിലും ചേരാതെയിരിക്കുകയെന്നാൽ, ആധികാരികമായി, സ്വാഭാവികമായി, അന്തസ്സോടെ, ആത്മാഭിമാനത്തോടെ നിങ്ങളായിത്തന്നെ നിലനിൽക്കുകയെന്നാണ്. വ്യക്തമായി നിലനിൽക്കുന്നതിൽ അപാര സൗന്ദര്യമുണ്ട്. ആൾക്കൂട്ടത്തിൽ അത് നഷ്ടമാകും. യന്ത്രത്തിലെ മാറ്റാവുന്ന ഒരു ചക്രമാകും അപ്പോൾ. അത് തികഞ്ഞ അപമാനമാണ്. നിങ്ങൾക്ക് പകരം വയ്ക്കാൻ എന്തെങ്കിലുമുണ്ടെന്നറിയുന്ന നിമിഷം തികഞ്ഞ അപമാനമാണ്.
വ്യക്തിത്വം നിലനിർത്തിയാൽ പകരം വയ്ക്കാനാവില്ല. നിങ്ങളുടെ സ്ഥാനത്ത് മറ്റാർക്കും വരാൻ കഴിയില്ല. നിങ്ങളുടെ സ്ഥാനം ഏറ്റെടുക്കാൻ ആരുമുണ്ടാവില്ല. നിങ്ങൾ എങ്ങനെയോ അതുപോലെ തന്നെയാണ് അസ്തിത്വത്തിന് നിങ്ങളെ വേണ്ടത്. എന്നാൽ ഈ മനുഷ്യരെല്ലാം, രാഷ്ട്രീയ നേതാക്കളും, സാമൂഹിക നേതാക്കളും, മതനേതാക്കളുമെല്ലാം അതിന് നേർവിപരീതമായാണ് പ്രവർത്തിക്കുന്നത്. ആദർശങ്ങൾ അവർ നിങ്ങളിൽ അടിച്ചേൽപ്പിക്കുന്നു, ഒരു നിശ്ചിത മാതൃകയിൽ നിങ്ങളെ രൂപപ്പെടുത്തുവാൻ ശ്രമിക്കുന്നു. പ്രകൃതി അതല്ല ആഗ്രഹിക്കുന്നത്.
എന്നാൽ സമൂഹം നൂറ്റാണ്ടുകളായി ദുരിതത്തിൽ, വേദനയിൽ ജീവിച്ചുവന്നുവെന്നതാണ് മനുഷ്യന്റെ ഒരു പ്രശ്നം. ആനന്ദമോ സ്നേഹമോ അവരൊരിക്കലും രുചിച്ചിട്ടില്ല. അവർ ആഗ്രഹിച്ചിട്ടുണ്ട്, ഒരു നല്ല നാളേക്ക് വേണ്ടി അവർ പ്രത്യാശിച്ചിട്ടുണ്ട് - പക്ഷേ ആ നാളെ ഒരിക്കലും വന്നുചേരുന്നില്ല. മരണാനന്തര ജീവിതത്തിനുവേണ്ടി അവർ ആശിച്ചിട്ടുണ്ട്. എന്നാൽ മരണാനന്തരം എന്ത് സംഭവിക്കും എന്നുപറയാൻ ആരും തിരിച്ചുവരുന്നില്ല. മനുഷ്യൻ ഭാവിക്കുവേണ്ടി പദ്ധതികളിടുന്നു, വൻ പറുദീസകൾ നിർമ്മിക്കുന്നു. എന്നിട്ട് ഇന്നത്തെ ദുരിതത്തിൽ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദുരിതം ഇന്നത്തേക്കുമാത്രമാണ്, നാളെ എല്ലാം നന്നാവും.
മാനവരാശി ഈ വൃത്തികെട്ട രീതിയിലാണ് ജീവിച്ചുപോന്നത്. ഞങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ - നാളെയെ ഉപേക്ഷിച്ച്, ദൈവത്തെ ഉപേക്ഷിച്ചു, പറുദീസ ഉപേക്ഷിച്ച്, എല്ലാ പ്രത്യാശകളും ഉപേക്ഷിച്ചു, എല്ലാ സാന്ത്വനങ്ങളും ഉപേക്ഷിച്ച് ഈ നിമിഷത്തിൽ മുഴുവൻ ഊർജ്ജവും കേന്ദ്രീകരിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ ആനന്ദത്തിന്റെയും, സ്നേഹത്തിന്റേയും, നൃത്തത്തിന്റെയും, ഗാനത്തിന്റേയും, സർഗാത്മകതയുടെയും വമ്പിച്ച ഒരു സ്രോതസ്സാണ് കണ്ടെത്തിയത്. അത് ആളുകളെ അസൂയാലുക്കളാക്കി. ജനങ്ങൾക്ക് എല്ലാം ഉണ്ടായിരുന്നു, എങ്കിലും അവർ ദുരിതത്തിലാഴ്ന്നിരുന്നു. ഞങ്ങൾക്ക് ഒന്നുമില്ലെങ്കിലും വാങ്ങാൻ കിട്ടാത്ത എന്തോ ചിലത് ഞങ്ങൾക്കുണ്ടായിരുന്നു. അവർക്കുള്ളത് വാങ്ങാൻ കിട്ടുമായിരുന്നു. വാങ്ങാൻ കിട്ടുന്നത്, വാങ്ങാൻ കഴിയുന്നത് എന്തും വിലകെട്ടതാണ്. ജീവിതത്തിൽ എന്തെങ്കിലും അർത്ഥമുള്ളവ വാങ്ങാൻ കഴിയുന്നവയവല്ല, സ്നേഹം വാങ്ങാൻ കഴിയില്ല, ആനന്ദം വാങ്ങാൻ കഴിയില്ല. സർഗ്ഗാത്മകത വാങ്ങാൻ കഴിയില്ല. നിശബ്ദത വാങ്ങാൻ കഴിയില്ല. പ്രബുദ്ധത വാങ്ങാൻ കഴിയില്ല.
പ്രകൃതി നിങ്ങൾക്ക് വേണ്ടതെല്ലാം നൽകിയിട്ടുണ്ട്. പ്രകൃതിയെ അതിന്റെ വഴിക്ക്, ആരും തടസ്സപ്പെടുത്താതെ വളരാൻ വിടുകയാണെങ്കിൽ ലോകം പ്രബുദ്ധരായ മനുഷ്യരെക്കൊണ്ട് നിറയും. പ്രബുദ്ധത ഒരു വിത്തുപോലെയാണ്. നാമ്പെടുക്കാതെ അത് കോടിക്കണക്കിനാളുകളിൽ പൊലിഞ്ഞുപോകുന്നു. പുഷ്പിക്കുകയും പരിമളം പരത്തുകയും ചെയ്യുന്നതിനെക്കുറിച്ച് പറയുകയേ വേണ്ട. പദ്ധതികളനുസരിച്ച് ഞാൻ ഒരിക്കലും ജീവിച്ചിട്ടില്ല, നൈസർഗികമായിരുന്നു അത്. നൈസർഗികമായതെന്തും സ്വാഭാവികമാണ്. ആസൂത്രിതമായതെല്ലാം മനുഷ്യനിർമ്മിതവും. മനുഷ്യ നിർമ്മിതമായതിനെയെല്ലാം ഞാൻ വെറുക്കുന്നു. നൈസർഗികമായി വളരുന്നതിനെയെല്ലാം ഞാൻ സ്നേഹിക്കുന്നു. അപ്പോൾ സ്വാതന്ത്ര്യമുണ്ട്.
ചെയ്യേണ്ട ആദ്യത്തെ കാര്യം എല്ലാ വിശ്വാസങ്ങളിൽ നിന്നും പിൻവാങ്ങുകയാണ്. വിശ്വാസങ്ങളിൽ നിന്ന് സ്വതന്ത്രമാകുമ്പോൾ അത്രയേറെ ആശ്വാസം ലഭിക്കും. ദൈവമോ, സ്വർഗ്ഗമോ, നരകമോ, മരണാനന്തര ജീവിതമോ ഇല്ല ... വാസ്തവത്തിൽ നാളെയുമില്ല, കാരണം അതും ഒരു വിശ്വാസമത്രേ. നാളെയുണ്ടാകുമെന്നു വിശ്വസിക്കാൻ ഒരു അടിസ്ഥാനവുമില്ല. തുറന്നു കിടക്കുകയാണത്. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. വിശ്വസിക്കുന്നതിന് ഒരു കാരണവുമില്ല.
അതുകൊണ്ട് വിശ്വാസ വ്യവസ്ഥകൾ നശിപ്പിക്കുകയാണെങ്കിൽ സാവധാനം, സാവധാനം വിചിത്രമായ ഒരനുഭവം നിങ്ങൾക്കുണ്ടാകും. നിങ്ങൾക്കാകെയുള്ളത് ഈ നിമിഷം മാത്രമാണെന്ന അനുഭവം. മറ്റെല്ലാം വെറും ചവറുകളാണ്. ശുദ്ധമായ ഈ നിമിഷം മാത്രമാണ് അസ്തിത്വപരം.
( പുസ്തകം : 'യേശു വീണ്ടും ക്രൂശിക്കപ്പെട്ടു' )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ