2020, ഫെബ്രുവരി 4, ചൊവ്വാഴ്ച

'മെഡിസിൻ ' & 'മെഡിറ്റേഷൻ


'മെഡിസിൻ ' എന്ന വാക്കും 'മെഡിറ്റേഷൻ ' എന്ന വാക്കും ഒരേ ധാതുവിൽ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്കറിയുമായിരിക്കും. 'മെഡിസിൻ ' ശരീരത്തെ സൗഖ്യമാക്കുന്നു. 'മെഡിറ്റേഷൻ ' ഉണ്മയെ സൗഖ്യമാക്കുന്നു. ആന്തരിക ഔഷധമാണത്.

ദൈവീകത എല്ലായിടത്തും ഞാൻ അനുഭവിച്ചിട്ടുണ്ട്.... ഒരിത്തിരി ധ്യാനം മാത്രം, ഒരിത്തിരി നേരം ചിന്താശൂന്യരായിരിക്കുക, അവബോധത്തിലായിരിക്കുക. അവബോധമുണ്ടായിരിക്കുകയും ഇല കൊഴിയുന്നപോലെ ചിന്തകൾ കൊഴിയാൻ തുടങ്ങുകയും ചെയ്യുമ്പോൾ, ചിന്തകളൊന്നുമില്ലാതെ അവബോധം മാത്രമുള്ളപ്പോൾ, ഞാനെന്താണ് പറയുന്നത് എന്നതിന്റെ രുചി, നിങ്ങളുടെ നാവിൽത്തന്നെ ആ രുചി അനുഭവപ്പെടും.

രുചിയറിയുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കരുത്, ആരെയും വിശ്വസിക്കരുത്. കാരണം, വിശ്വാസം നിങ്ങളെ യാചകരാക്കും. വിശ്വാസം കൊണ്ട് നിങ്ങൾ തൃപ്തനാകും, പിന്നീട് നിങ്ങൾ ഒന്നിനും ശ്രമിക്കുകയില്ല.

ഒരു നിമിഷത്തെ നിശബ്ദത ആദ്യം പരീക്ഷിച്ചു നോക്കുക. അതായത്, ഒരു നിമിഷത്തേക്ക് അവബോധത്തിന്റെ തിരശ്ശീലയിൽ ഒരു ചിന്തയും ചലിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

അത് എളുപ്പമല്ല. ലോകത്തിൽവച്ച് ഏറ്റവും ദുഷ്‌കരമായ കാര്യമാണത്. എന്നാൽ ശ്രമിച്ചുകൊണ്ടിരുന്നാൽ അത് സംഭവിക്കും. ഒരു നിമിഷത്തേക്ക് അത് സംഭവിച്ചാൽ മതി. ഒരു ചിന്തയും ചലിക്കാത്ത അവസ്ഥയിൽ ഒരു നിമിഷം നിങ്ങൾക്ക് കഴിയാൻ സാധിച്ചാൽ അതുതന്നെ മഹത്തായ ഒരു കാര്യമായിരിക്കും.

എങ്ങനെ നിശ്ശബ്ദരാകാമെന്ന് ജനങ്ങളെ പഠിപ്പിക്കുവാനാണ് ഞാൻ എന്റെ ജീവിതമാകെത്തന്നെ ചിലവഴിച്ചത്.

എപ്പോഴും ഒരു വാച്ച് കൂടെ കൊണ്ടുനടക്കാനാണ് ജനങ്ങൾ ശ്രമിച്ചുപോരുന്നത്. ചിന്തയില്ലാതെ ഇരുപതു സെക്കന്റ് പോലും അവർക്കിരിക്കാൻ കഴിയില്ല. ഒരു മിനിറ്റ് വളരെ കൂടുതലാണ്. ഒരു ചിന്തക്കുപുറകെ മറ്റൊരു ചിന്ത, ചിന്തയുടെ പ്രവാഹമാണ്. ഇരുപതു സെക്കന്റ് ചിന്തയില്ലാതിരിക്കാൻ കഴിഞ്ഞാൽ തന്നെ 'ആ ഇരുപതു സെക്കന്റ് !' എന്ന ചിന്ത വരും, അതോടെ തീർന്നു ചിന്ത വന്നുകഴിഞ്ഞു.

ഒരു മിനിറ്റ് നിശ്ശബ്ദരാകാൻ കഴിഞ്ഞാൽ നിങ്ങൾ ആ കല പഠിച്ചിരിക്കും. പിന്നീട് രണ്ടു മിനിറ്റ് നിശബ്ദമായിരിക്കാം. കാരണം ഒരേ കാര്യം തന്നെയാണ് നിങ്ങൾ ചെയ്യുന്നത്. ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമല്ല രണ്ടാമത്തെ മിനിറ്റ്. മൂന്നുമിനിറ്റ് നിങ്ങൾക്ക് നിശബ്ദമായിരിക്കാം. എല്ലാ നിമിഷങ്ങളും ഒന്നുതന്നെ.

അതിനുള്ള മാർഗ്ഗം അറിഞ്ഞുകഴിഞ്ഞാൽ..... എന്നാൽ ആ വഴി പറഞ്ഞുതരാൻ കഴിയുന്ന ഒന്നല്ല. കേവലം കണ്ണടച്ചിരിക്കുക, ചിന്തകളെ നിരീക്ഷിക്കാൻ തുടങ്ങുക. തുടക്കത്തിൽ വലിയ തിരക്കായിരിക്കും. എന്നാൽ ക്രമേണ തെരുവിൽ തിരക്ക് കുറഞ്ഞുവരുന്നതായി അറിയാൻ കഴിയും. വാഹനങ്ങൾ കടന്നുപോകുന്നത് കുറയുന്നു, വിടവ് വലുതായിരിക്കും.

ക്ഷമാപൂർവ്വം ഇത് തുടർന്നാൽ മൂന്നുമാസത്തിനകം ഒരു നിമിഷത്തെ നിശബ്ദത നേടാൻ തീർച്ചയായും ഒരാൾക്ക് കഴിയും.

(യേശു വീണ്ടും ക്രൂശിക്കപ്പെട്ടു )......... എന്ന പുസ്തകത്തിൽ നിന്നും.............. ഓഷോ...................... ഓഷോ............... ഓഷോ............... ഓഷോ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ