2019, നവംബർ 4, തിങ്കളാഴ്‌ച

നിരുപാധിക സ്നേഹം


ഉപാധികളൊന്നുമില്ലാത്ത സ്നേഹത്തെയാണ് നിരുപാധികമായ സ്നേഹം എന്ന് പറയുന്നത്. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെയുള്ള സ്നേഹമാണത്. തിരിച്ചു ഇങ്ങോട്ടുള്ള സ്നേഹം പോലും അവിടെ വിഷയമല്ല. ഫലം ആഗ്രഹിച്ചുകൊണ്ട് പ്രതീക്ഷിക്കുമ്പോഴാണ് നമുക്ക് അസന്തുഷ്ടി ഉണ്ടാകുന്നത്. ഒന്നും തിരിച്ച് ആഗ്രഹിക്കാതെ നിങ്ങള്‍ക്ക് സ്നേഹിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് അതില്‍നിന്ന് സന്തോഷം മാത്രമായിരിക്കും ലഭിക്കുക. ഒന്നും തിരികെ പ്രതീക്ഷിച്ചുകൊണ്ടല്ലാതെ മറ്റു മനുഷ്യരെയും മറ്റു ജീവികളെയും സ്നേഹിക്കാന്‍ ഒരാള്‍ക്ക് കഴിയുമ്പോഴാണ് അത് നിരുപാധിക സ്നേഹം ആകുന്നത്.

നിരുപാധികമായ സ്നേഹത്തില്‍ ഒരാളെ അയാളെങ്ങനെയാണോ അതുപോലെ നാം സ്നേഹിക്കുകയാണ് ചെയ്യുന്നത്. ഒരു നിയമവും അവിടെ ബാധകമല്ല. ഒരാള്‍ എങ്ങനെയായിരിക്കണം എന്ന നമ്മുടെ വിചാരത്തിനു പോലും അവിടെ ഒരു പ്രസക്തിയുമില്ല.

നാം സ്നേഹിക്കുന്ന ആളിന്‍റെ സ്വഭാവമോ വ്യക്തിത്വമോ മാറ്റാന്‍ നാം ശ്രമിക്കുന്നതേയില്ല. അവര്‍ എങ്ങനെയാണോ അങ്ങനെതന്നെ തുടരും. അയാളുടെ ബലവും ദൗര്‍ബല്യവും അവിടെ പ്രശ്നമാകുന്നില്ല. തിന്മയും നന്മയും അവിടെ വിഷയമാകുന്നില്ല. നന്മയോടൊപ്പം തിന്മയും ഉണ്ടെന്നറിഞ്ഞുകൊണ്ടാണ് നമ്മള്‍ അയാളെ സ്നേഹിക്കുന്നത്. നമ്മുടെ സ്നേഹം അയാളുടെമേല്‍ ഒരു ബാധ്യതയും അടിച്ചേല്‍പ്പിക്കുന്നില്ല.

നിരുപാധിക സ്നേഹത്തില്‍ ചോദ്യം ചെയ്യലോ വിധി കല്പിക്കലോ ഇല്ല. മുന്‍വിധികള്‍ക്കും ആരോപണങ്ങള്‍ക്കും അവിടെ സ്ഥാനമില്ല.

മനോവിശകലനശാസ്ത്രം പറയുന്നത് നമ്മിലോരോരുത്തരുടെയും ഉള്ളില്‍ ഒരു ആന്തരിക വ്യക്തിത്വമുണ്ടെന്നാണ്. അത് മറ്റുള്ളവരോട് നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വം കാണിക്കാന്‍ എപ്പോഴും വെമ്പല്‍കൊള്ളും. അതേസമയം തന്നെ നമ്മുടെ ഉള്ളിലെ ഒരു വ്യാജവ്യക്തിത്വം അത് മറച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യും. നമ്മുടെ സത്യസന്ധമായ ആന്തരിക വ്യക്തിത്വമാണ് നിരുപാധിക സ്നേഹത്തില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്നാണ് നിരുപാധിക സ്നേഹം പുറത്തുവരുന്നത്. ഏറ്റവും യഥാര്‍ത്ഥവും സത്യസന്ധവുമായ ബന്ധവും സ്നേഹവുമാണത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ