2019, നവംബർ 4, തിങ്കളാഴ്‌ച

ഉൾവിളി


നമ്മുടെ മനസും ബുദ്ധിയും സൂക്ഷ്മത കൈവരിക്കുമ്പോള്‍ പ്രപഞ്ചവും ദൈവവും നമ്മളോട് സംവേദിക്കുന്നത് നമ്മള്‍ക്ക് തിരിച്ചറിയുവാന്‍ തുടങ്ങും.

തയ്യല്‍ മെഷിന്‍ കണ്ടുപിടിച്ച ഏലിയാസ് ഹോവ് അതിനായുള്ള പ്രയത്നങ്ങള്‍ നടത്തിയിരുന്ന കാലത്തില്‍ ഒരു ആശയക്കുഴപ്പം നേരിട്ടു. കൈകൊണ്ട് തുന്നുന്ന ആ സൂചിയെ മെഷിന്‍ കൊണ്ട് പിടിപ്പിച്ച് തുന്നിക്കുക എന്ന ആശയം നടപ്പിലാവാത്തതിനാല്‍ നിരാശനായി അദ്ദേഹം അന്ന് ഉറങ്ങി. ഉറക്കത്തില്‍ വിചിത്രമായ ഒരു സ്വപ്നം കണ്ടു.സ്വപ്നത്തില്‍ കുറേ ആദിവാസികള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടിയിട്ട് കൂര്‍ത്ത കുന്തങ്ങള്‍കൊണ്ട് ചുറ്റും നിന്ന് ആര്‍പ്പുവിളിയോടെ കുത്തി നോവിക്കുകയായിരുന്നു. സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന അദ്ദേഹം ആ സ്വപ്നത്തെക്കുറിച്ച് ആലോചിച്ചു നോക്കി. അവര്‍ കുത്തിയിരുന്ന കുന്തത്തിന്‍റെ കൂര്‍ത്ത അഗ്രങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു. ആ ദ്വാരങ്ങളില്‍ കാട്ടു വള്ളികള്‍ കോര്‍ത്തിട്ടുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മനസില്‍ പുതിയ ആശയം മിന്നി മറഞ്ഞു. തയ്യല്‍മെഷിന്‍റെ സൂചിക്ക് കൂര്‍ത്ത അഗ്രത്തുതന്നെ ദ്വാരമിട്ടാല്‍ സംഗതി വിജയിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെ ആ സ്വപ്നം ഒരു പുതിയ കണ്ടെത്തലിന് കാരണമായി. നിങ്ങള്‍ക്ക് ഇതൊരു സ്വാഭാവികമായ സ്വപ്നം കാണലായി തോന്നുന്നുണ്ടോ. അതോ മനുഷ്യന്‍റെ ഇച്ഛാശക്തിക്കനുസരിച്ച് സാഹചര്യങ്ങളോ ആശയങ്ങളോ ഉരുത്തിരിയാത്ത സാഹചര്യത്തില്‍ ആ സദുദ്യമത്തിനായി പ്രപഞ്ചത്തിന്‍റെ മഹാമനസ് അദ്ദേഹത്തിന് ഒരു ഉള്‍വിളി സമ്മാനിച്ചതാണെന്ന് അംഗീകരിക്കാന്‍ കഴിയുന്നുണ്ടോ.എന്തായാലും ലോകത്തിലെ ഏറ്റവും ക്രിയാത്മകമായ സ്വപ്നം എന്ന ബഹുമതി ആ സ്വപ്നത്തിനാണ് ലഭിച്ചിരിക്കുന്നത്.

നമ്മുടെ ബോധ മനസിനേക്കാള്‍ സൂക്ഷ്മമാണ് ഉപബോധ മനസ് അത് നിഷ്കളങ്കവുമാണ്. അതിനാല്‍ ആദ്യ ചിന്തയില്‍ അസാധ്യമെന്നു കരുതിയ പല കാര്യങ്ങളും ഉപബോധ മനസ് ഏറ്റെടുത്താല്‍ സാധ്യമായിത്തീരുകതന്നെ ചെയ്യും. ചില ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് തൊട്ടുമുമ്പ് അവിടെ നിന്ന് മാറിപ്പോകാന്‍ ഉള്‍വിളി ലഭിച്ചതിനാല്‍ അതില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഉണ്ട്. ചിലര്‍ തന്‍റെ മരണ ദിവസവും സമയവും പോലും നേരത്തെ പ്രവചിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും ഇത് ശരിയായി വരാറില്ലെങ്കിലും ഒരു പരിധിവരെയൊക്കെ ചില ഉള്‍വിളികള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുക തന്നെ ചെയ്യും.എന്നാല്‍ പലപ്പോഴും നമ്മുടെ ഉള്‍വിളികള്‍ നമ്മള്‍പോലും ശ്രദ്ധിക്കുന്നില്ല. സദാ ബഹിര്‍മുഖമായി ഇന്ദ്രിയ രസങ്ങളില്‍ മുഴുകി ജീവിക്കുന്നതിനിടെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു അല്ലേ. ദേവതകള്‍ നടക്കാന്‍ മടിക്കുന്ന വഴിയിലൂടെ അസുരന്‍മാര്‍ ഓടി നടക്കും എന്ന പഴഞ്ചൊല്ലു കേട്ടിട്ടില്ലേ. അതെന്തുകൊണ്ടാണ് ദേവതകള്‍ മടിക്കുന്നതെന്നാല്‍ അവര്‍ ഉള്‍വിളികളെ മാനിക്കുന്നതു കൊണ്ടാണ്.

ആയിരക്കണക്കിന് ചിന്തകള്‍ കുത്തിത്തിരുകി മനസിനെ ഭാരിച്ചതാക്കുമ്പോള്‍ ഇത്തരം ഉള്‍വിളികള്‍ക്ക് ബഹിര്‍ഗ്ഗമിക്കുവാന്‍ സാധ്യമല്ല.അതിനാല്‍ മനസിലും ബുദ്ധിയിലും അല്‍പം സ്ഥലമൊരുക്കൂ. അവിടെ പ്രപഞ്ചമഹാശക്തിയുടെ സഹായ ഹസ്തങ്ങള്‍ തരംഗങ്ങളായി വന്നെത്തുന്നത് അനുഭവിക്കുവാനാകും. ദഹനം എളുപ്പത്തിലാകണമെങ്കില്‍ ആമാശയത്തില്‍ അല്‍പ്പം സ്ഥലം കാലിയാക്കി വെക്കണമെന്ന് വൈദ്യന്‍മാര്‍ പറയാറുള്ളതുപോലെ വൈദ്യനാഥനായ ഭഗവാന്‍ പറയുന്നു

മക്കളേ, മനസും ബുദ്ധിയും ശാന്തമാകട്ടെ, ഈശ്വരോന്‍മുഖമാകട്ടെ… അപ്പോള്‍ ഈശ്വരന്‍ ജീവിത രഥത്തെ നയിക്കുന്നത് അനുഭവിക്കാം.

സദാ ബഹിര്‍മുഖമായി സുഖ വൈവിദ്ധ്യങ്ങളെ തേടിയലയുന്ന മനോബുദ്ധികള്‍ അന്തര്‍മുഖമായി വിശ്രമിക്കുമ്പോള്‍ ജീവിതത്തില്‍ പുതിയ പാതകള്‍ തുറക്കപ്പെടും. സമാധാനത്തിന്‍റെ ശുദ്ധ തരംഗങ്ങള്‍ മനസില്‍ നിറയുമ്പോള്‍ തെളിഞ്ഞ ജലത്തിന്‍റെ അടിത്തട്ട് വ്യക്തമായി കാണുന്ന പോലെ ദിവ്യമായ ഉള്‍വിളികള്‍ തെളിയപ്പെടും. ജീവിതമെന്ന അപരിചിതമായ പാതയിലൂടെ പരിചയ സമ്പന്നനായ ഒരു വഴികാട്ടി നിങ്ങളെ കൈ പിടിച്ച് നടത്തുന്നതു പോലെ ഒരനുഭവമുണ്ടാകും. അനുഭവം തന്നെയാണ് യഥാര്‍ത്ഥ ഗുരു. ഓം ശാന്തി:

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ