സച്ചിന്‍റെ ആത്മകഥ((Playing it my way) വായിച്ചിട്ടുണ്ടോ? ഒന്ന് വായിക്കുന്നത് നല്ലതാണ്. അതിലെ ആദ്യ നൂറ് പേജ് വായിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ അറിയാതെ തലയില്‍ കൈ വെച്ച് ഇങ്ങനെ പറഞ്ഞുപോകും “ഇത് സച്ചിന്‍റെ തന്നെ ജീവിതമാണോ?”. അത്രയ്ക്ക് കുസൃതിയും, വീട്ടുകാര്‍ക്ക് മഹാ തലവേദനയുമായിരുന്നു സച്ചിന്‍. ഒരിക്കല്‍ സൈക്കിള്‍ വേണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോള്‍ സച്ചിന്‍റെ അച്ഛന്‍ ശല്ല്യം സഹിക്കവയ്യാതെ അത് വാങ്ങിക്കൊടുത്തു. മെല്ലെ പോകണം, സൂക്ഷിക്കണം എന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ സ്പീഡില്‍ പോയി ഒരു ഉന്തുവണ്ടിയില്‍ ഇടിച്ച് സച്ചിന്‍റെ കൈയ്യൊടിഞ്ഞിട്ടുണ്ട്. ഒന്നും പഠിക്കാന്‍ താല്പര്യമില്ലായിരുന്നു, ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമായിരുന്നു ഇഷ്ടം. സച്ചിന്‍ കളിച്ച് വീടിന്‍റെ ജനാല തകര്‍ത്തു, ചെടിച്ചട്ടികള്‍ പൊട്ടിച്ചു എന്ന പരാതികളുമായി പലരും സച്ചിന്‍റെ വീട്ടില്‍ വരുമായിരുന്നു. പലപ്പോഴും സച്ചിന്‍റെ വികൃതികള്‍ കാരണം സച്ചിന്‍റെ അമ്മയ്ക്ക് പലരോടും മാപ്പ് പറയേണ്ടിവന്നിട്ടുണ്ട്, ഒരുപാട് കണ്ണീര്‍ ഒഴുക്കിയിട്ടുണ്ട്.
തന്‍റെ മകന്‍ കൈവിട്ടുപോകുന്നു എന്ന് മനസ്സിലാക്കിയ സച്ചിന്‍റെ പിതാവ് ഒരു ദിവസം സച്ചിനെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഒരു വാചകം പറഞ്ഞു, ഇത് വായിക്കുന്ന എല്ലാ മാതാപിതാക്കളും, വിവാഹിതരും, ചെറുപ്പക്കാരും ചങ്കോട് ചേര്‍ത്ത് പിടിച്ച് ധ്യാനിക്കേണ്ട വാചകമാണ്.
“സച്ചിന്‍, നിനക്ക് ഒരു ക്രിക്കറ്റ് കളിക്കാരനാകാനാണ് ഇഷ്ടമെങ്കില്‍ അച്ഛന്‍ അത് സാധിച്ചുതരും, പക്ഷെ എന്‍റെ മോന്‍ ഒരുകാര്യം മനസ്സില്‍ കുറിച്ചിടണം, എതോരുകാലത്തും, ''*സച്ചിന്‍ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാണ് എന്ന് ലോകം പറഞ്ഞ് കേള്‍ക്കുന്നതിനേക്കാള്‍, സച്ചിന്‍ നല്ലൊരു മനുഷ്യനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനാണ് അച്ഛനിഷ്ടം*” 25 വര്‍ഷക്കാലം നീണ്ട ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചപ്പോള്‍ പറഞ്ഞ മറുപടി പ്രസംഗത്തില്‍, തന്‍റെ അച്ഛന്‍ അന്ന് പറഞ്ഞ ആ വാചകം അയാള്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്, ഒരു പക്ഷെ ചെറുപ്പത്തിലേ പാളിപ്പോയെക്കാമായിരുന്ന തന്‍റെ ജീവിതം വഴിതിരിച്ചുവിട്ടത് അച്ഛന്‍റെ സ്നേഹമാണെന്ന് കണ്ണുകള്‍ നിറഞ്ഞുകൊണ്ട് ആ വലിയ ചെറിയ മനുഷ്യന്‍ ലോകത്തോട് പറഞ്ഞു. ഇന്ന് സച്ചിനെ ദൈവം എന്ന് എല്ലാവരും വിളിക്കുന്നത് അയാള്‍ മൈതാനത്തിനു അകത്തും പുറത്തും നല്ലൊരു മനുഷ്യനായ് ജീവിച്ചതുകൊണ്ട് മാത്രമാണ്. ഇന്ന് നാം സ്നേഹിക്കുന്ന സച്ചിനെ ലോകത്തിന് സമ്മാനിച്ചത് സച്ചിന്‍റെ പിതാവിന്‍റെ സ്നേഹമാണ്. ദൈവങ്ങള്‍ പിറവിയെടുക്കുന്നത് സ്നേഹത്തില്‍ നിന്നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ