നോര്‍ത്ത് ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ക്കിടയില്‍ തന്‍റെ മിഷന്‍ പ്രവര്‍ത്തനവുമായി ജീവിച്ച ഒരു പാവം കന്യാസ്ത്രീയായിരുന്നു Sister.റാണി മരിയ. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്നും, അര്‍ഹിക്കുന്ന കൂലി കിട്ടുന്നവരെ സമരം ചെയ്യണമെന്നും സിസ്റ്റര്‍ അവരെ പഠിപ്പിച്ചു, അങ്ങനെ അവിടെയുള്ള ജന്മിമാര്‍ മുഴുവന്‍ സിസ്റ്ററിന്‍റെ ശത്രുക്കളായി മാറി. പലതവണ ഭീഷണിപ്പെടുത്തിയിട്ടും സിസ്റ്റര്‍ പാവങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി പോരാടി. ഒരിക്കല്‍ സിസ്റ്റര്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ വണ്ടിക്ക് കൈകാണിച്ചു, ബസ്സില്‍ കയറി കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ബസ്സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. താന്‍ ഉടനെ വരാം എന്ന് പറഞ്ഞിട്ട് കൈയ്യില്‍ ഉണ്ടായ തേങ്ങ എടുത്ത് ബസ്സില്‍ നിന്നിറങ്ങി, തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു അമ്പലത്തിന്‍റെ മുന്‍പില്‍ നിന്ന് അല്‍പ്പനേരം പ്രാര്‍ഥിച്ചു, എന്നിട്ട് തേങ്ങയുടച്ചു.പൊട്ടിചിതറിയ തേങ്ങാക്കഷ്ണങ്ങളുമായി അയാള്‍ ബസ്സില്‍ കയറി, അവിടെ ഇരുന്ന പലര്‍ക്കും പ്രസാദം പോലെ അവ സമ്മാനിച്ചു.അവസാനത്തെ കഷ്ണവുമായി അയാള്‍ സിസ്റ്റെറിന്‍റെ അടുക്കല്‍ ചെന്നു. സിസ്റ്റര്‍ക്ക് കൊടുക്കുന്നപോലെ കാണിച്ചു, പക്ഷെ സിസ്റ്റര്‍ എടുക്കാന്‍ വന്നപ്പോള്‍ കൈ പിന്‍വലിച്ചു, ഇങ്ങനെ രണ്ട് തവണ ചെയ്തപ്പോള്‍ സിസ്റ്റര്‍ അയാളോട് ‘ഇന്ന് നല്ല സന്തോഷത്തിലാണല്ലോ, എന്താണ് വിശേഷം’ എന്ന് ചോദിച്ചു. അയാള്‍ ഒന്ന് ഉറക്കെ ചിരിച്ചിട്ട് ‘ഇതാണ് വിശേഷം' എന്ന് പറഞ്ഞ് തന്‍റെ അരയില്‍ ഒളിപ്പിച്ചുവെച്ച കത്തിയെടുത്ത് സിസ്‌റ്ററിന്‍റെ വയറ്റില്‍ ആഞ്ഞ് കുത്തി. ബസ്സില്‍ ഇരുന്നവര്‍ ചിതറിയോടി, പിടഞ്ഞു വീണ സിസ്റ്റെറിനെ അയാള്‍ വലിച്ചിഴച്ച്കൊണ്ട് ബസ്സിന് പുറത്തേക്ക് കൊണ്ടുപോയി, എന്നിട്ട് പലയാവര്‍ത്തി അവരുടെ ശരീരത്തില്‍ തന്‍റെ കഠാര കുത്തിയിറക്കി. രക്തത്തില്‍ കുളിച്ച്, 51 മുറിവുകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങി അവര്‍ പിടഞ്ഞ് മരിച്ചു.
ഒരു നാട് മുഴവന്‍ ആ സഹോദരിയെ ഓര്‍ത്ത് കരഞ്ഞു. പത്ത് വര്‍ഷത്തെ തടവിന് വിധിച്ചുകൊണ്ട് കോടതി സമുന്ദര്‍ എന്ന കൊലയാളിയെ ജയിലില്‍ അടച്ചു, ഒരല്‍പം പോലും കുറ്റബോധം ഇല്ലാതെ അയാള്‍ അഴികള്‍ക്ക് പിന്നില്‍ ജീവിച്ചു. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ നിങ്ങള്ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും.
നോര്‍ത്ത് ഇന്ത്യയില്‍ രാഖി കെട്ടുന്ന ദിവസം ഒരു കന്യാസ്ത്രീ സമുന്ദര്‍ എന്ന കൊലയാളിയെ കാണാന്‍ വന്നു. അയാളുടെ കൈയ്യില്‍ രാഖി കെട്ടണം എന്നതായിരുന്നു അവരുടെ ആഗ്രഹം. അവര്‍, മരിച്ച റാണി മരിയയുടെ അനുജത്തിയായിരുന്നു. തന്‍റെ ചേച്ചിയെ കൊന്നവനെ ആങ്ങളയായി സ്വീകരിക്കാന്‍ വന്നതായിരുന്നു അവര്‍. ഒരു കുറ്റബോധവും ഇല്ലാതെ ജയില്‍ ജീവിതം നയിച്ചിരുന്ന സമുന്ദറിന്‍റെ ഹൃദയത്തില്‍ അപ്പോള്‍ ഒരു വാള്‍ കടന്നു, താന്‍ കൊന്ന സ്ത്രീയുടെ അനുജത്തിയാണ് അവര്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാളുടെ ഇതുവരെ നനയാത്ത കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീരിന്‍റെ ഉപ്പ് അയാള്‍ രുചിച്ചു.
പത്ത് വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞപ്പോള്‍ അയാളെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നത് സിസ്റ്റര്‍ റാണി മരിയയുടെ അമ്മയും കുടുംബക്കാരുമാണ്, കൊണ്ടുപോയതോ, അവരുടെ സ്വന്തം വീട്ടിലേയ്ക്കും. അവന് തന്‍റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം വിളമ്പി കൊടുത്തപ്പോള്‍ ആ അമ്മയുടെ മുഖത്ത് സ്വന്തം മകന് ഭക്ഷണം കൊടുക്കുന്ന അത്ര സന്തോഷമായിരുന്നു. ‘അതായിരുന്നു എന്‍റെ മകള്‍ റാണി മരിയയുടെ മുറി’ എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ആ അമ്മ ആ മുറിയിലേക്ക് അവനെ മാത്രം പറഞ്ഞയച്ചു. താന്‍ 51 തവണ കത്തി കുത്തിയിറക്കിയ, തന്‍റെ കയ്യില്‍ കിടന്ന് പിടഞ്ഞ് മരിച്ച ആ കന്യാസ്ത്രീയുടെ കട്ടിലില്‍ അയാള്‍ കുറച്ച് നേരം നോക്കിനിന്നു. ആര്‍ത്തുപെയ്യാന്‍ കൊതിക്കുന്ന കാര്‍മേഘം പോലെ അയാളുടെ മുഖം ഒരു വലിയ കരച്ചിലിന് തയ്യാറെടുത്തു. അയാള്‍ മുട്ടുകുത്തി ആ കിടക്കയില്‍ ചുംബിച്ചു, നെഞ്ച് പൊട്ടിക്കരഞ്ഞു. പിന്നീട് അവിടെ നടന്നത് എല്ലാവരേയും അമ്പരിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. അയാള്‍ ആ മുറിയില്‍നിന്നും ഇറങ്ങിയോടി, മുറ്റത്ത് കിടന്ന ഒരു പാറക്കല്ല്കൊണ്ട് തന്‍റെ കൈ അടിച്ചു പൊട്ടിക്കാന്‍ തുടങ്ങി. സിസ്റ്റരിന്‍റെ ബന്ധുക്കള്‍ അയാളെ പിടിച്ചുമാറ്റി. ഒടുവില്‍ ആ അമ്മയുടെ കാലില്‍ വീണിട്ടു സമുന്ദര്‍ പറഞ്ഞ ഒരു വാചകമുണ്ട് “*നിങ്ങളെപ്പോലെ സ്നേഹിക്കുന്ന ഒരു അമ്മയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരു കൊലയാളിയാകില്ലയിരുന്നു*”.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ