2020, ജൂലൈ 7, ചൊവ്വാഴ്ച

ഓഷോ:


ഈ സംഘ മനസ് നശിപ്പിക്കാനും ഓരോ വ്യക്തിയെയും അവനവനിൽ സ്വതന്ത്ര്യനാക്കി തീർക്കാനുമാണ് എന്റെ ശ്രമങ്ങളൊക്കെയും. അപ്പോൾ പ്രശ്നങ്ങൾ സ്വയം പരിഹൃതമാകും. അപ്പോൾ നിങ്ങൾക്ക് നിങ്ങളാശിക്കുന്നതു പോലെ ജീവിക്കാം.

വ്യക്തിയെ അവന്റെ കലാപത്തിന്റെ പേരിൽ ബഹുമാനിക്കുന്ന കാലത്ത് മാത്രമേ മനുഷ്യ കുലം യഥാർത്ഥത്തിൽ പിറവിയെടുക്കുകയുള്ളു. മനുഷ്യകുലം ഇപ്പോഴും ജനിച്ചിട്ടില്ല. അതിപ്പോഴും ഗർഭസ്ഥമാണ്. മനുഷ്യ കുലമായി നിങ്ങൾ കാണുന്നതൊക്കെയും തട്ടിപ്പ് പ്രതിഭാസമാണ്. അവനവനായിരിക്കാനും സ്വന്തം രീതിയിൽ ജീവിക്കാനുമുള്ള സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നില്ലെങ്കിൽ ഈ തട്ടിപ്പ് തുടരും. വ്യക്തി മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടാനും പാടില്ല. അതവൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആരും ആരുടെ കാര്യത്തിലും ഇടപെടരുത്.

എന്നാൽ മുൻകാലങ്ങളിൽ എല്ലാവരും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുകയായിരുന്നു. സമൂഹവുമായി ബന്ധമില്ലാത്ത തികച്ചും സ്വകാര്യമായ കാര്യങ്ങളിൽ പോലും. ഉദാഹരണത്തിന് നിങ്ങൾ മറ്റൊരാളുമായി പ്രണയത്തിലാകുന്നു. അതിൽ സമൂഹത്തിനെന്താണ് കാര്യം? അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അത് അങ്ങാടിയിൽ വിചാരണ ചെയ്യപ്പെടേണ്ടുന്ന കാര്യമല്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് സമൂഹം അതിന്റെ എല്ലാ അനുസാരികളുമൊത്ത് നേരിട്ടോ അല്ലാതെയൊ അതിൽ ഇടപെടുന്നതാണ്. ആദ്യം പൊലീസ് കാർ. പിന്നെ കോടതി. അതു പോരാഞ്ഞു സമൂഹം സൃഷ്‌ടിച്ച സൂപ്പർ പൊലീസായ ദൈവം. ദൈവം നിങ്ങളെ സംരക്ഷിക്കുന്നവനാണുതാനും.

ദൈവത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപം അതാണ്. കുളിമുറിയിലേക്കും കിടപ്പറയുടെ സ്വകാര്യതയിലേക്കും താക്കോൽപഴുതിലൂടെ ഒളിഞ്ഞു നോക്കുന്ന ഒരു ഞരമ്പു രോഗി! ഇത് അത്യന്തം അശ്ലീലമാണ്. എന്തു തരം ദൈവമാണിത്? എല്ലാവരെയും പിന്തുടരുകയും അവരെ നിരീക്ഷിക്കുകയുമല്ലാതെ അവന് വേറെ പണിയൊന്നുമില്ലേ? ദൈവം ഒരു സൂപ്പർമോസ്റ്റ്‌ ഡിറ്റക്റ്റീവ് ആയിരിക്കണം!

മനുഷ്യ കുലത്തിന് ഒരു പുതിയ മണ്ണ് ആവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ മണ്ണ്. ബൊഹമിയനിസം ഒരു പ്രതികരണമായിരുന്നു. അനിവാര്യമായ പ്രതികരണം. എന്റെ ദർശനം വിജയിക്കുകയാണെങ്കിൽ പിന്നെ ബൊഹമിയൻ രീതി ഉണ്ടാവില്ല. കാരണം അപ്പോൾ എല്ലാവരുടെ കാര്യത്തിലും ഇടപെടുന്ന, എല്ലാവരിലും ആധിപത്യം പുലർത്തുന്ന സംഘ മനസ് ഉണ്ടാവില്ല. അപ്പോൾ ഓരോരുത്തരും തന്നിൽത്തന്നെ സംതൃപ്തരും വിശ്രാന്തരുമായിരിക്കും. ഒരാളും മറ്റൊരാളുടെ കാര്യത്തിൽ കൈകടത്തില്ല. എല്ലാവരും അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കും. അപ്പോൾ മാത്രമേ സർഗാത്മകത സാധ്യമാകൂ. സർഗാത്മകത വ്യക്തി സ്വാതന്ത്ര്യത്തിന്റെ സൗരഭ്യമാണ്.

ഇമേജ് എന്ന അഹങ്കാരം


ഓഷോ പറയുന്നു: ഒരു ഇന്ത്യൻ സുഹൃത്ത് എഴുതിയിരിക്കുന്നു:

'ഗുരോ, നേരമ്പോക്കുകൾക്കിടയിൽ അങ്ങ് പറയുന്നതൊക്കെ മനോഹരമാണ്, മതപരമാണ്, അദ്ധ്യാത്മികമാണ്. പക്ഷെ നേരമ്പോക്കുകൾ പൊതു ജനങ്ങളുടെ കണ്ണിലുള്ള അങ്ങയുടെ ഇമേജ് നശിപ്പിക്കുന്നു. അതെന്തായാലും ഈ നേരമ്പോക്കുകളുടെയല്ലാം ഉദ്ദേശ്യമെന്താണ്?'

അതു തന്നെയാണ് കൃത്യമായി പറഞ്ഞാൽ അതിന്റെ ഉദ്ദേശ്യം. ഇമേജിനെ നശിപ്പിക്കൽ. ഞാനൊരു വിശുദ്ധനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല - അതാണതിന്റെ കൃത്യമായ ഉദ്ദേശ്യം. മാത്രമല്ല ആളുകൾ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ഞാൻ ആകുലനല്ല. ഞാനൊരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയക്കാർ മാത്രമാണ് അങ്ങനെ ആകുലപ്പെടുന്നത്. നിരന്തരം ആകുലപ്പെടുന്നത്. തങ്ങളെക്കുറിച്ച് എന്താണ് ആളുകൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച്. കാരണം അവർക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കൈവശമാണ് വോട്ടുകൾ. ഞാനാരുടെയും വോട്ടിനെ ആശ്രയിച്ചല്ല നിൽക്കുന്നത്. ആരുടെയും അഭിപ്രായത്തെ ആശ്രയിച്ചല്ല നിൽക്കുന്നത്. ഞാൻ എന്തൊക്കെയാണോ അതൊക്കെ മാത്രമാണ്. ഞാനെന്തിന് എന്റെ ഇമേജിനെക്കുറിച്ച് വ്യാകുലപ്പെടണം.

ഇമേജിനെക്കുറിച്ചുള്ള ആകുലത തന്നെ അഹംബോധപരമാണ്. എന്നാൽ നിങ്ങളുടെ വിശുദ്ധന്മാർ അക്കാര്യത്തിൽ ആകുലരാണ്. എനിക്കറിയാം. എല്ലാത്തരം വിശുദ്ധന്മാരെയും - ഹിന്ദു, മുഹമ്മദീയ, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ മത വിശുദ്ധന്മാരെ - ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരെ എനിക്കറിയാം. അവർ നിങ്ങളുടെ രാഷ്ട്രീയക്കാരേക്കാൾ വളരെക്കൂടുതൽ രാഷ്‌ടീയപരമാണ്. കാരണം ഈ സങ്കൽപം തന്നെ രാഷ്ട്രീയപരമാണ്. ആളുകൾ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് : ബഹു മാന്യനായി നിലകൊള്ളണമെന്ന്. ബഹു മാന്യതയെന്നാൽ അഹംബോധത്തിനുള്ള പോഷണമല്ലാതെ മറ്റൊന്നുമല്ല.

ബഹു മാന്യനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നുകിൽ നിങ്ങളെന്നെ സ്നേഹിക്കുന്നു. അല്ലെങ്കിൽ നിങ്ങളെന്നെ സ്നേഹിക്കുന്നില്ല, ബഹുമാനം വെറുതെ അർത്ഥ ശൂന്യമാണ്. ബഹുമാനവും അതിനു വേണ്ടിയുള്ള ആഗ്രഹവും അഹംബോധപരമാണ്. അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർ ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ എന്നെ സ്നേഹിക്കും. ഞാൻ വിട്ടുവീഴ്ച്ച ചെയ്യാൻ പോകുന്നില്ല. ഞാൻ സമരസപ്പെടുത്താൻ പോകുന്നില്ല. എന്നാൽ ആ സമരസപ്പെടുത്തൽ എനിക്ക് വളരെ എളുപ്പത്തിൽ സൃഷ്ടിക്കാനാവും. എനിക്ക് ചില വാക്കുകൾ - ഫക്ക്, ഷിറ്റ് തുടങ്ങിയവ - ഉപയോഗിക്കാതിരിക്കാനാവും. അങ്ങനെ എനിക്കൊരു വിശുദ്ധനവാനാവും. അത് എത്രമാത്രം വില കുറഞ്ഞ പണിയാണെന്ന് നിങ്ങൾ കാണൂ. എന്നാൽ അത്തരം വില കുറഞ്ഞ വിശുദ്ധത്വത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ഞാനൊരു വിശുദ്ധനാണെങ്കിൽ അപ്പോൾ ഞാൻ പറയുന്നത് എന്തൊക്കെയായാലും അതൊക്കെ വിശുദ്ധിയാർന്നതായിരിക്കും. ഞാനൊരു വിശുദ്ധനല്ലെങ്കിൽ അപ്പോൾ ഗീതയും ഖുറാനും വേദങ്ങളും ഞാൻ ചൊല്ലിക്കൊണ്ടിരുന്നേക്കാം. എന്നാൽ ഞാനൊരു വിശുദ്ധനല്ല. അപ്പോൾ, ഞാനപ്പോൾ തത്ത മാത്രമായിരിക്കും.

ഞാൻ ദർപണങ്ങളിൽ ഒട്ടും തന്നെ തത്‌പരനല്ല. എനിക്കെന്റെ യഥാർത്ഥ മുഖത്തെ അറിയാം - മാത്രമല്ല യഥാർത്ഥ മുഖം ദർപണങ്ങളിലൂടെയല്ല അറിയുന്നത്. പൊതു ജനാഭിപ്രായം ഒരു ദർപണം മാത്രമാണ്.

ഇന്ത്യൻ സുഹൃത്ത് എന്റെ ഇമേജിനെക്കുറിച്ച് ആകുലപ്പെടുന്നുണ്ടായിരിക്കണം. അദ്ദേഹം പറയുന്നു, 'അങ്ങയുടെ ഇമേജിനെ തലകീഴാക്കുന്നു.' തല കീഴായിരിക്കുന്നതിൽ എന്താണ് തെറ്റ്? അതിനെയാണ് അവർ യോഗയിൽ ശീർഷാസനം എന്ന് വിളിക്കുന്നത് - ശിരസിൽ നിൽക്കൽ. എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാം, നിങ്ങൾ തല കീഴായാണ് നിൽക്കുന്നതെന്ന്. അതുകൊണ്ട് നിങ്ങളെന്നെ തല കീഴായി കാണുമ്പോൾ അതിനർത്ഥം ഞാനെന്റെ പാദങ്ങളിൽ നിൽക്കുന്നുവെന്നാണ്. നിങ്ങൾ തല കീഴായാണ് നിൽക്കുന്നതെന്നും.

ഓഷോ രജനീഷ്


* * * * * * * * * * * *

ഞാനൊരു ആത്മീയ നാടോടി ജിപ്സിയാണ്, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അലഞ്ഞു നടക്കുകയായിരുന്നു എന്റെ ജീവിതം. വംശങ്ങളോ, മതങ്ങളോ, രാഷ്ട്രങ്ങളോ, ഇല്ലെന്ന - ഈ ഭൂമി മുഴുവൻ നമ്മുടേതാണെന്ന അവബോധം ഇതെനിക്ക് നൽകി. മാനവരാശിയെ വിഭജിക്കുന്ന പരാദങ്ങളായ മതങ്ങളുണ്ട്. ഭൂമിയെ തുണ്ടുതുണ്ടായി വെട്ടിമുറിക്കുന്ന രാഷ്ട്രീയ രാക്ഷസന്മാരുണ്ട്.

ഒന്നിലും ചേരാതെ നിൽക്കുക. ഏതിലെങ്കിലും ചേരുകയെന്നാൽ ഒരു കുറ്റകൃത്യം ചെയ്യുകയാണെന്ന് ഞാൻ വളരെ വ്യക്തമായി കണ്ടിട്ടുണ്ട്. ഒന്നിലും ചേരാതെയിരിക്കുകയെന്നാൽ, ആധികാരികമായി, സ്വാഭാവികമായി, അന്തസ്സോടെ, ആത്മാഭിമാനത്തോടെ നിങ്ങളായിത്തന്നെ നിലനിൽക്കുകയെന്നാണ്. വ്യക്തമായി നിലനിൽക്കുന്നതിൽ അപാര സൗന്ദര്യമുണ്ട്. ആൾക്കൂട്ടത്തിൽ അത് നഷ്ടമാകും. യന്ത്രത്തിലെ മാറ്റാവുന്ന ഒരു ചക്രമാകും അപ്പോൾ. അത് തികഞ്ഞ അപമാനമാണ്. നിങ്ങൾക്ക് പകരം വയ്ക്കാൻ എന്തെങ്കിലുമുണ്ടെന്നറിയുന്ന നിമിഷം തികഞ്ഞ അപമാനമാണ്.

വ്യക്തിത്വം നിലനിർത്തിയാൽ പകരം വയ്ക്കാനാവില്ല. നിങ്ങളുടെ സ്ഥാനത്ത് മറ്റാർക്കും വരാൻ കഴിയില്ല. നിങ്ങളുടെ സ്ഥാനം ഏറ്റെടുക്കാൻ ആരുമുണ്ടാവില്ല. നിങ്ങൾ എങ്ങനെയോ അതുപോലെ തന്നെയാണ് അസ്തിത്വത്തിന് നിങ്ങളെ വേണ്ടത്. എന്നാൽ ഈ മനുഷ്യരെല്ലാം, രാഷ്ട്രീയ നേതാക്കളും, സാമൂഹിക നേതാക്കളും, മതനേതാക്കളുമെല്ലാം അതിന് നേർവിപരീതമായാണ് പ്രവർത്തിക്കുന്നത്. ആദർശങ്ങൾ അവർ നിങ്ങളിൽ അടിച്ചേൽപ്പിക്കുന്നു, ഒരു നിശ്ചിത മാതൃകയിൽ നിങ്ങളെ രൂപപ്പെടുത്തുവാൻ ശ്രമിക്കുന്നു. പ്രകൃതി അതല്ല ആഗ്രഹിക്കുന്നത്.

എന്നാൽ സമൂഹം നൂറ്റാണ്ടുകളായി ദുരിതത്തിൽ, വേദനയിൽ ജീവിച്ചുവന്നുവെന്നതാണ് മനുഷ്യന്റെ ഒരു പ്രശ്നം. ആനന്ദമോ സ്നേഹമോ അവരൊരിക്കലും രുചിച്ചിട്ടില്ല. അവർ ആഗ്രഹിച്ചിട്ടുണ്ട്, ഒരു നല്ല നാളേക്ക് വേണ്ടി അവർ പ്രത്യാശിച്ചിട്ടുണ്ട് - പക്ഷേ ആ നാളെ ഒരിക്കലും വന്നുചേരുന്നില്ല. മരണാനന്തര ജീവിതത്തിനുവേണ്ടി അവർ ആശിച്ചിട്ടുണ്ട്. എന്നാൽ മരണാനന്തരം എന്ത് സംഭവിക്കും എന്നുപറയാൻ ആരും തിരിച്ചുവരുന്നില്ല. മനുഷ്യൻ ഭാവിക്കുവേണ്ടി പദ്ധതികളിടുന്നു, വൻ പറുദീസകൾ നിർമ്മിക്കുന്നു. എന്നിട്ട് ഇന്നത്തെ ദുരിതത്തിൽ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദുരിതം ഇന്നത്തേക്കുമാത്രമാണ്, നാളെ എല്ലാം നന്നാവും.

മാനവരാശി ഈ വൃത്തികെട്ട രീതിയിലാണ് ജീവിച്ചുപോന്നത്. ഞങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ - നാളെയെ ഉപേക്ഷിച്ച്, ദൈവത്തെ ഉപേക്ഷിച്ചു, പറുദീസ ഉപേക്ഷിച്ച്, എല്ലാ പ്രത്യാശകളും ഉപേക്ഷിച്ചു, എല്ലാ സാന്ത്വനങ്ങളും ഉപേക്ഷിച്ച് ഈ നിമിഷത്തിൽ മുഴുവൻ ഊർജ്ജവും കേന്ദ്രീകരിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ ആനന്ദത്തിന്റെയും, സ്നേഹത്തിന്റേയും, നൃത്തത്തിന്റെയും, ഗാനത്തിന്റേയും, സർഗാത്മകതയുടെയും വമ്പിച്ച ഒരു സ്രോതസ്സാണ് കണ്ടെത്തിയത്. അത് ആളുകളെ അസൂയാലുക്കളാക്കി. ജനങ്ങൾക്ക് എല്ലാം ഉണ്ടായിരുന്നു, എങ്കിലും അവർ ദുരിതത്തിലാഴ്ന്നിരുന്നു. ഞങ്ങൾക്ക് ഒന്നുമില്ലെങ്കിലും വാങ്ങാൻ കിട്ടാത്ത എന്തോ ചിലത് ഞങ്ങൾക്കുണ്ടായിരുന്നു. അവർക്കുള്ളത് വാങ്ങാൻ കിട്ടുമായിരുന്നു. വാങ്ങാൻ കിട്ടുന്നത്, വാങ്ങാൻ കഴിയുന്നത് എന്തും വിലകെട്ടതാണ്. ജീവിതത്തിൽ എന്തെങ്കിലും അർത്ഥമുള്ളവ വാങ്ങാൻ കഴിയുന്നവയവല്ല, സ്നേഹം വാങ്ങാൻ കഴിയില്ല, ആനന്ദം വാങ്ങാൻ കഴിയില്ല. സർഗ്ഗാത്മകത വാങ്ങാൻ കഴിയില്ല. നിശബ്ദത വാങ്ങാൻ കഴിയില്ല. പ്രബുദ്ധത വാങ്ങാൻ കഴിയില്ല.

പ്രകൃതി നിങ്ങൾക്ക് വേണ്ടതെല്ലാം നൽകിയിട്ടുണ്ട്. പ്രകൃതിയെ അതിന്റെ വഴിക്ക്, ആരും തടസ്സപ്പെടുത്താതെ വളരാൻ വിടുകയാണെങ്കിൽ ലോകം പ്രബുദ്ധരായ മനുഷ്യരെക്കൊണ്ട് നിറയും. പ്രബുദ്ധത ഒരു വിത്തുപോലെയാണ്. നാമ്പെടുക്കാതെ അത് കോടിക്കണക്കിനാളുകളിൽ പൊലിഞ്ഞുപോകുന്നു. പുഷ്പിക്കുകയും പരിമളം പരത്തുകയും ചെയ്യുന്നതിനെക്കുറിച്ച് പറയുകയേ വേണ്ട. പദ്ധതികളനുസരിച്ച് ഞാൻ ഒരിക്കലും ജീവിച്ചിട്ടില്ല, നൈസർഗികമായിരുന്നു അത്. നൈസർഗികമായതെന്തും സ്വാഭാവികമാണ്. ആസൂത്രിതമായതെല്ലാം മനുഷ്യനിർമ്മിതവും. മനുഷ്യ നിർമ്മിതമായതിനെയെല്ലാം ഞാൻ വെറുക്കുന്നു. നൈസർഗികമായി വളരുന്നതിനെയെല്ലാം ഞാൻ സ്നേഹിക്കുന്നു. അപ്പോൾ സ്വാതന്ത്ര്യമുണ്ട്.

ചെയ്യേണ്ട ആദ്യത്തെ കാര്യം എല്ലാ വിശ്വാസങ്ങളിൽ നിന്നും പിൻവാങ്ങുകയാണ്. വിശ്വാസങ്ങളിൽ നിന്ന് സ്വതന്ത്രമാകുമ്പോൾ അത്രയേറെ ആശ്വാസം ലഭിക്കും. ദൈവമോ, സ്വർഗ്ഗമോ, നരകമോ, മരണാനന്തര ജീവിതമോ ഇല്ല ... വാസ്തവത്തിൽ നാളെയുമില്ല, കാരണം അതും ഒരു വിശ്വാസമത്രേ. നാളെയുണ്ടാകുമെന്നു വിശ്വസിക്കാൻ ഒരു അടിസ്ഥാനവുമില്ല. തുറന്നു കിടക്കുകയാണത്. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. വിശ്വസിക്കുന്നതിന് ഒരു കാരണവുമില്ല. അതുകൊണ്ട് വിശ്വാസ വ്യവസ്ഥകൾ നശിപ്പിക്കുകയാണെങ്കിൽ സാവധാനം, സാവധാനം വിചിത്രമായ ഒരനുഭവം നിങ്ങൾക്കുണ്ടാകും. നിങ്ങൾക്കാകെയുള്ളത് ഈ നിമിഷം മാത്രമാണെന്ന അനുഭവം. മറ്റെല്ലാം വെറും ചവറുകളാണ്. ശുദ്ധമായ ഈ നിമിഷം മാത്രമാണ് അസ്തിത്വപരം.

( പുസ്തകം : 'യേശു വീണ്ടും ക്രൂശിക്കപ്പെട്ടു' )

എന്താണ് സ്നേഹം?


എന്താണ് സ്നേഹം? അത് ജീവിതത്തിൽ അനുഭവിച്ചറിയുക എളുപ്പമാണ്. എന്നാൽ അതെന്താണെന്ന് പറയുക പ്രയാസകരം തന്നെ. ഉദാഹരണത്തിന് നിങ്ങളൊരു മത്സ്യത്തോട് ചോദിക്കുക "എന്താണ് സമുദ്രം? " മത്സ്യം പറഞ്ഞേക്കാം, ഇതാ ഇതാണ് സമുദ്രം. അത് ചുറ്റും നിറഞ്ഞു നിൽക്കുന്നു --എല്ലായിടത്തും. " ദയവായി ഒന്ന് നിർവചിക്കൂ, ചൂണ്ടിക്കാണിച്ചാൽ പോരാ എന്ന് നിങ്ങൾ നിർബന്ധം പിടിക്കുകയാണെങ്കിൽ, മത്സ്യത്തിനത് ശരിക്കും വിഷമകരമായ പ്രശ്നം തന്നെയായിത്തീരും.

മനുഷ്യരുടെ ജീവിതത്തിലും നന്മയായിട്ടുള്ളതെല്ലാം, സുന്ദരമായിട്ടുള്ളതെല്ലാം, നിത്യമായിട്ടുള്ളതെല്ലാം ജീവിച്ചറിയുവാനേ സാധിക്കൂ. ഒരാൾക്ക് അതെല്ലാം ആയിത്തീരുവാനേ കഴിയൂ. അവയെ നിർവചിക്കുവാനോ, അവയെക്കുറിച്ച് സംസാരിക്കുവാനോ കഴിയില്ല. തന്റെ ജീവിതത്തിൽ അനുഭവിച്ചറിയേണ്ടിയിരുന്ന-അതിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം --അതിനെക്കുറിച്ച് കഴിഞ്ഞ അഞ്ചോ ആറോ സഹസ്രാബ്ധങ്ങളായി സംസാരവും ചർച്ചയും മാത്രമേ നടന്നിട്ടുള്ളൂ എന്നതാണ് ഏറ്റവും നിർഭാഗ്യകരമായ വസ്തുത. പ്രേമത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടന്നിട്ടുണ്ട് --പ്രേമത്തെക്കുറിച്ച് സ്തുതിഗീതങ്ങൾ ആലപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രേമം എന്നതിന് മനുഷ്യരുടെ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ല.

നാം മനുഷ്യന്റെ ഉള്ളിലേക്ക് അഗാധമായി ആണ്ടിറങ്ങി അന്വേഷണം നടത്തുകയാണെങ്കിൽ നമുക്കറിയുവാൻ കഴിയും, "പ്രേമം. " എന്ന വാക്കിനേക്കാൾ കപടമായ മറ്റൊരു വാക്കും അവൻ ഉപയോഗിച്ചിട്ടില്ലെന്ന്. യഥാർത്ഥത്തിൽ പ്രേമത്തെ കാപട്യവൽക്കരിച്ച, പ്രേമത്തിന്റെ എല്ലാ തരത്തിലുള്ള പ്രവാഹത്തിനും തടസ്സം സൃഷ്ടിച്ചിട്ടുള്ള ആളുകൾ --അവരാണ് പ്രേമത്തിന്റെ നേർവക്താക്കളെന്നാണ് മനുഷ്യൻ ധരിച്ചിരിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ദുഖകരമായ വസ്തുത. മതം സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ ഒരു ദുരന്തമെന്നപോലെ ഇന്നോളം മനുഷ്യനെ ചൂഴ്ന്നു നിന്നിട്ടുള്ള ഈ ദൃശ്യമായ സ്നേഹമെന്ന ആശയം അവന്റെ ജീവിതത്തിലെ സ്നേഹത്തിനു നേർക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഇക്കാര്യത്തിൽ കിഴക്കെന്നോ, പടിഞ്ഞാറെന്നോ, ഇന്ത്യയെന്നോ, അമേരിക്കയെന്നോ വ്യത്യാസമില്ല. പ്രേമത്തിന്റെ പ്രവാഹം ഇതുവരെ മനുഷ്യനിൽ അഭിവ്യക്തമായിട്ടില്ല. അതിനു നാം മനുഷ്യനെ പഴി പറയുകയും ചെയ്യുന്നു. നാം മനസ്സിനെയാണ് കുറ്റപ്പെടുത്തുന്നത്. നാം പറയുന്നു മനുഷ്യരെല്ലാം മോശമാണെന്ന്, മനസ്സ് വിഷലിപ്തമാണെന്ന്, അതുകൊണ്ടാണ് പ്രേമം നമ്മുടെ ജീവിതത്തിൽ പ്രവഹിക്കാത്തതെന്ന്. മനസ്സ് ഒരു വിഷവസ്തുവല്ല. മനസ്സ് വിഷവസ്തുവാണെന്ന് പറയുന്നവരാണ് വാസ്തവത്തിൽ പ്രേമത്തിന് വിഷം കൊടുത്ത് അത് സംജാതമാകുവാൻ അനുവദിക്കാതിരുന്നത്. മനസ്സ് എങ്ങിനെ വിഷമാകും ? ലോകത്തിൽ ഒന്നും തന്നെ വിഷമല്ല. എല്ലാം അമൃതം തന്നെയാകുന്നു. ഈ അമൃതം മുഴുവനും വിഷമയമാക്കിത്തീർത്തത് മനുഷ്യൻ തന്നെയാണ്. പ്രധാന പ്രതികൾ ഗുരുക്കന്മാരെന്നും ദിവ്യന്മാരെന്നും പുണ്യവാളന്മാരെന്നും മതമേധാവികളുമെന്നൊക്കെ വിളിക്കപ്പെടുന്നവർ തന്നെ.

ഇത് വിശദമായി മനസ്സിലാക്കി നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. കാരണം ഇക്കാര്യം വളരെ വ്യക്തമായി ഇനിയെങ്കിലും നമുക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ ഒരു മനുഷ്യന്റെയും ജീവിതത്തിൽ സ്നേഹത്തിന് സാധ്യതയില്ല --ഭാവിയിൽ ഉണ്ടാകുവാനും സാദ്ധ്യതയില്ല...

ഭക്തിമാർഗ്ഗവും ജ്ഞാന മാർഗ്ഗവും വ്യത്യസ്തമാണോ?


ചോ: ഭക്തിമാർഗ്ഗവും ജ്ഞാന മാർഗ്ഗവും വ്യത്യസ്തമാണോ?

ഉ: ഭക്തിമാര്‍ഗ്ഗവും ജ്ഞാനമാര്‍ഗവും എല്ലാം ഒന്നാണ്‌.

ഭക്തി എന്നാൽ എല്ലാം ഈശ്വരനു സമർപ്പിക്കുന്നു (ആത്മസമര്‍പ്പണം). ജ്ഞാനം എന്നാൽ 'ഞാൻ' എന്താണെന്നു തേടുന്നു ( ആത്മവിചാരണ ). രണ്ടും ആത്മസാക്ഷാല്‍ക്കാരത്തില്‍ അവസാനിക്കുന്നു.

ഞാൻ ഈ ലോകത്തിലെ ഒരു ശരീരമെന്നു തെറ്റിദ്ധരിച്ച് എല്ലാവരും തനിക്കെന്തു സംഭവിക്കുന്നു് ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഭക്തിമാർഗ്ഗത്തിൽ എല്ലാം ഈശ്വരന് വിട്ടുകൊടുത്ത് തന്നെപ്പറ്റി കൂടുതലൊന്നും ചിന്തിക്കാതിരിക്കുന്നു. അതാണ് ശരിയായ ആത്മസമര്‍പ്പണം. ജ്ഞാനത്തിലാകട്ടെ താൻ ശരീരമല്ലെന്നറിയുമ്പോൾ ശരീരത്തെപ്പറ്റി വേവലാതി ഇല്ലാതെയാകുന്നു.

രണ്ടിലും ദേഹാഭിമാനം പോകുമ്പോൾ അഹന്തയാകുന്ന ഊന്നുവടിയില്ലാതാകുന്നതിനാല്‍ വാസനകള്‍ എല്ലാം ഒഴിഞ്ഞ്‌ മോചനം ഉണ്ടാകും . വ്യക്തിബോധം ഇല്ലാതാവുന്നതാണ് മോക്ഷം .

ധ്യാനം


എപ്പോഴാണ് ഒരാൾ നേട്ടമുള്ളവനാകുന്നത് ? അവനവന്റെ ഇഷ്ടം സാധിക്കുമ്പോൾ ? ആണോ ? പക്ഷെ അത് നഷ്ടപ്പെടുമ്പോൾ ദുഖമാകുന്നുവല്ലോ ?

ധ്യാനം സംഭവിക്കുമ്പോഴാണ് ഒരുവൻ നേട്ടമുള്ളവനാകുന്നത്. അപ്പോൾമാത്രമാണ് അയാൾ തന്റെ ആഴങ്ങളിൽ എന്താണെന്നുള്ളത് അറിയുന്നത്.

ജാഗ്രദ്‌, സ്വപ്‌നം, സുഷുപ്‌തി


*എന്താണ്‌ സത്ത്‌?*

*സത്‌ കിം?*

*ശിഷ്യന്‍ ചോദിക്കുന്നു..*

*"കാലത്രയേഭി യത്‌ തിഷ്‌ഠതി തത്‌ സത്‌."*

*മൂന്നുക്കാലത്തും മാറാതെ നിലനില്‍ക്കുന്നതെന്തോ അതിനെയാണ്‌ സത്ത്‌ എന്നു പറയുന്നത്‌.* *ഏതാണ്‌ മൂന്നുകാലം?*

*അനുഭവമണ്ഡലങ്ങളാണ്‌ മൂന്നുകാലങ്ങള്‍.*

*1.ജാഗ്രദ്‌-*

*ഇപ്പോള്‍ ഞാന്‍ കാണുന്നു,* *കേള്‍ക്കുന്നു,* *സ്‌പര്‍സിക്കുന്നു,* *ഘ്രാണിക്കുന്നു,* *ഇങ്ങനെ നമ്മള്‍ ലോകത്തെ അനുഭവിക്കുന്നത്‌ ജാഗ്രദ്‌ അവസ്ഥ.*

*2.സ്വപ്‌നം-*

*നമ്മള്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നം കാണുന്നു,* *ഉണര്‍ന്നതിനു ശേഷം നമ്മള്‍ പറയുന്നു,* *ഞാന്‍ ഇന്നലെ ഒരു സ്വപ്‌നം കണ്ടു.* *സ്വപ്‌നത്തെ മാറിനിന്ന്‌ നമ്മള്‍ കാണുകയായിരുന്നു.* *അതുകൊണ്ടാണ്‌ നമ്മള്‍ക്ക്‌ പറയാന്‍ സാധിച്ചത്‌ ഞാന്‍ ഇന്നലെയൊരു സ്വപ്‌നം കണ്ടു എന്ന്‌.* *കാണുന്ന ദൃക്കും പിന്നെ ഒരു ദൃശ്യവും.* *അവിടെയും ഒരു ഞാനുണ്ട്‌,സ്വപ്‌നം കണ്ട ഞാന്‍.*

*3.സുഷുപ്‌തി-*

*ഞാന്‍ ഒന്നും അറിഞ്ഞില്ല സുഖമായി ഉറങ്ങി.* *ഇതും ഞാന്‍ അറിയുന്നു,* *ഞാനൊന്നും അറിഞ്ഞില്ല എന്നും ഞാനറിയുന്നു,* *ഈ മൂന്ന്‌ അവസ്ഥയും അനുഭവിക്കുന്നു അറിയുന്നു.* *ഇതിനെയാണ്‌ കാലത്രയം എന്നു പറയുന്നത്‌,*

*മൂന്നു അനുഭവങ്ങള്‍.!* *ഈ മൂന്നു അനുഭവത്തെയാണ്‌ പുരാണത്തില്‍* *ഭൂലോകം, സ്വര്‍ലോകം, പാതാളം എന്നു പറയുന്നത്‌.* *ഭൂലോകം എന്നു പറഞ്ഞാല്‍ ജാഗ്രദ്‌ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു.* *സ്വര്‍ലോകം സ്വപ്‌നാവസ്ഥയെ,* *പാതാളം എന്നു പറഞ്ഞാല്‍ ഒരു വീഴ്‌ച്ചയാണ്‌ ഗാഢസുഷുപ്‌തി.* *ഈ മൂന്നു ലോകവും ഞാന്‍ അറിയുന്നു അനുഭവിക്കുന്നുണ്ട്‌.* *അതിനു മാറ്റമില്ല ആ ബോധമാണ്‌ പ്രപഞ്ചത്തിന്റെ മുഴുവന്‍ അസ്ഥിത്വവും അനുഭവമാക്കുന്നത്‌.* *അതില്ലെങ്കില്‍ ഈ ലോകമില്ല,* *ഈ മൂന്നു കാലങ്ങളില്‍,മൂന്നു അനുഭവങ്ങളില്‍ മാറാതെ യാതൊന്നു നിലനില്‍ക്കുന്നുവോ,* *അതാണ്‌ സത്‌.*

*ഇത്‌ ശരീരവുമായി ബന്ധപ്പെട്ടതല്ല,* *ഞാന്‍ കണ്ടു, ഞാന്‍ കേട്ടു എന്നൊക്കെ പറയുന്ന ഞാന്‍ എന്ന ബോധമുണ്ട്‌.*

*അതുതന്നെയാണ്‌ *ഞാന്‍*ഒരു സ്വപ്‌നം കണ്ടു എന്നു പറയുന്നത്‌,* *ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നു പറയുന്നത്‌,* *അനുഭവങ്ങള്‍ മാറുമ്പോഴും ഞാന്‍ മാറുന്നില്ല,* *ആ സത്‌ എന്നു പറയുന്നത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ കാരണമാണ്‌.*

*ഈ കാരണത്തെ അന്വേഷിക്കുകയാണ് വേണ്ടത്.* *ഈ അന്വേഷണ ജീവിതമാണ് അദ്ധ്യാത്മികത,* *ഇതാണ് ആത്മാന്വേഷണം.* *സ്വന്തം സത്തയെ കണ്ടെത്തുക.* *ഞാനും ഈ കാണുന്ന പ്രപഞ്ചവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന ബോധമാണ് വേണ്ടത്.!!!