ചിന്തയും മനനവും മനസ്സിന്റെ തന്നെ രണ്ട് വ്യത്യസ്ത പ്രക്രിയകളാണ്. അവ വ്യത്യസ്തമെന്നു മാത്രമല്ല കടകവിരുദ്ധവുമാണ്. ചിന്ത ഉപരിപ്ലവമാണെങ്കിൽ മനനം അഗാധമാണ്.
ഒരാൾ നദിയുടെ ഒരു കരയിൽനിന്ന് മറുകരയിലേക്കു നീന്തുമ്പോൾ ജലത്തിന്റെ ഉപരിതലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ദേഹത്തിൻറെ ചലനം മേൽത്തട്ടില്ലള്ള സ്ഥാനാന്തരം മാത്രമാണ്. ആഴത്തില്ലള്ളതല്ല. എന്നാൽ ഒരു മുങ്ങാംകുഴിക്കാരൻ മുത്ത് കണ്ടെത്താനായി മുങ്ങാംകുഴിയിടുമ്പോൾ അദ്ദേഹത്തിൻറെ ഗതി ആഴത്തിലേക്കാണ്. ഒരു കരയിൽ നിന്നും മറുകരയിലേക്കല്ല. മുങ്ങിയ ഇടത്തുതന്നെ വീണ്ടും വീണ്ടും അദ്ദേഹം ആഴത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ചിന്തയെ നമുക്ക് നീന്തലിനോട് ഉപമിക്കാം. മനനത്തെ മുങ്ങാംകുഴിയോടും ഉപമിക്കാം. ചിന്തിക്കുമ്പോൾ നമ്മൾ ഒരു ചിന്തയിൽ നിന്ന് വേറൊരു ചിന്തയിലേക്കാണ് സഞ്ചരിക്കുന്നത്. മനനത്തിൽ നാം പോകുന്നത് വാക്കിൻറെ അർത്ഥം തേടി അഗാധതയിലേക്കാണ്. മനനത്തിൽ സ്ഥാനാന്തരമല്ല ഉണ്ടാകുന്നത്. മനത്തിൽ ആഴത്തിലേക്കുള്ള ചലനമാണ് സംഭവിക്കുന്നത്.
ചിന്താപ്രക്രിയ രേഖീയമാണ്. നാം ബിസിനസിനെക്കുറിച്ചു ചിന്തിക്കുമ്പോഴും നമ്മുടെ ആദ്ധ്യാത്മിക മുക്തിയെക്കറിച്ചു ചിന്തിക്കുമ്പോഴും സ്വന്തം ഭാര്യയെ/ ഭര്‍ത്താവിനെ കുറിച്ചു ചിന്തിക്കുമ്പോഴും ദൈവത്തെക്കുറിച്ചു ചിന്തിക്കുമ്പോഴും നാം ഉപരിതലത്തിൽത്തന്നെയാണ് വർത്തിക്കുന്നത്. മനനത്തിൽ യാത്ര ആന്തരികമാണ്. നാം നമ്മുടെ ആന്തരികതയുടെ ആഴത്തിലേക്ക് എടുത്തുചാടുന്നു. ആന്തരികതയുടെ അഗാധസ്ഥലികളിൽ അർത്ഥത്തിന്റെ മാധുര്യം നുകരുന്നു. മനനത്തിലൂടെ മാത്രമാണ് മന്ത്രത്തിന്റെ അർത്ഥം വെളിപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ