അധികം മനുഷ്യരില്ലാത്ത ഉൾഗ്രാമം. അവിടെ മലമുകളിൽ ഒരെഴുത്തുകാരന്റെ ചെറിയ വീടുണ്ട്. അവധിക്കാലത്ത് മാത്രമേ അയാൾ വരൂ. അങ്ങനെ ഒരവധിക്കാലം ചെലവിട്ട് മടങ്ങുകയാണയാൾ. താഴ്‌വരയിൽ പരിചയമുള്ളൊരു പാവം വൃദ്ധയുണ്ട്. അവരുടെ കുടിലിലെത്തി യാത്ര പറയുമ്പോൾ ആ അമ്മയുടെ മുഖം വാടി. പിന്നെ പറഞ്ഞു: *"ഓരോ രാത്രിയും നിങ്ങൾ ഉമ്മറത്ത് തൂക്കിവെച്ചിരുന്ന ആ വിളക്ക് എനിക്ക് വല്ലാത്തൊരാശ്വാസമായിരുന്നു. ഇവിടെനിന്ന് അത് കാണുമ്പോൾ ഞാനൊറ്റയ്ക്കല്ല എന്നൊരു തോന്നലുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരു വെളിച്ചം കത്തുന്നപോലെ.."*
അയാളുടെ കണ്ണുനിറഞ്ഞു. ആ അമ്മയ്ക്കുവേണ്ടി തന്റെ വീട്ടുപടിയിൽ എന്നും വിളക്ക് തൂക്കാൻ ഒരാളെ ഏൽപ്പിച്ചാണ് ആ നല്ല മനുഷ്യൻ യാത്ര പറഞ്ഞത്.
ഒറ്റയ്ക്കല്ലെന്ന് തോന്നിക്കാൻ ഇങ്ങനെ ഒരു വെളിച്ചം ഏതൊരു മനുഷ്യനും കൊതിക്കുന്നു. അങ്ങനെ ഒരാളെ ആയുസ്സിന്റെ ഓരോ പടവിലും നമ്മൾ കാത്തിരിക്കുന്നുണ്ട്. കാരണമൊന്നുമില്ലാത്ത സ്നേഹംകൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുന്ന ഒരാൾ...! നമ്മളെ നമ്മളായിത്തന്നെ സ്വീകരിക്കുന്ന ഒരാൾ...! എത്രയും അറിയുന്ന,എന്തും പറയാവുന്ന,എത്രയും മാപ്പുനൽകുന്ന കുമ്പസാരക്കൂടുപോലെ ചില മനുഷ്യരുണ്ട്...!
കുറേയൊന്നും വേണ്ട. അങ്ങനെ ഒരാൾ മതി, ജീവിതം ഉണങ്ങില്ല..!
*നമുക്ക് ഒരു വിളക്കാവാം..*
*സ്വയം പ്രകാശിച്ച്,*
*ചുറ്റിലും വെളിച്ചം വിതറുന്ന അതി മനോഹരമായ ഒരു കെടാവിളക്ക്...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ