പതഞ്ജലി പറയുന്നത് ന്യായവാദങ്ങൾ മൂന്നുതരത്തിലുണ്ടെന്നാണ്. ഒന്നിനെ അദ്ദേഹം 'കുതർക്കം ' എന്ന് വിളിക്കുന്നു. നിഷേധങ്ങളിലേക്ക് തിരിഞ്ഞു നിൽക്കുന്നതായ ന്യായവാദങ്ങളാണവ. എല്ലായ്പ്പോഴും 'ഇല്ല ' എന്ന രീതിയിൽ ചിന്തിച്ചുകൊണ്ട്, നിഷേധിച്ചുകൊണ്ട്, സംശയിച്ചുകൊണ്ട് അവിശ്വസിച്ചുകൊണ്ട് നാസ്തിക -നിഷേധന്യായവാദബുദ്ധിയോടെ.
കുതർക്കത്തിൽ ജീവിക്കുന്നവനായ ഒരുവൻ, നിങ്ങളെന്തുതന്നെ പറഞ്ഞാലും അതിനെയെങ്ങനെ നിഷേധിക്കാം, എങ്ങനെ വിയോജിക്കാം, അതിനോട് എങ്ങനെ 'ഇല്ല ' എന്ന് പറയാം, എന്നൊക്കെയാണ് എല്ലായ്പ്പോഴും ചിന്തിക്കുക. അയാൾ വിപരീതദിശയിലേക്കാണ് നോക്കുക. അയാളെപ്പോഴും പരാതിപെട്ടുകൊണ്ടും മുറുമുറുത്തുകൊണ്ടുമിരിക്കും. എന്തോ എവിടെയോ തെറ്റാണ് എന്നയാൾക്ക് എല്ലായ്പ്പോഴും തോന്നിക്കൊണ്ടിരിക്കും. നിങ്ങൾക്കയാളെ ശരിയായതിലേക്ക് കൊണ്ടുവരാൻ കഴിയില്ല. കാരണം, അതാണയാളുടെ ദിശാബോധം. സൂര്യനെ നോക്കുവാൻ നിങ്ങളയാളോട് പറയുകയാണെങ്കിൽ അയാൾ സൂര്യനെ കാണുകയില്ല. സൂര്യകളങ്കങ്ങളെയാണ് അയാൾ കാണുക. കാര്യങ്ങളുടെ ഇരുണ്ട വശങ്ങളെയാണ് അയാളെപ്പോഴും കണ്ടെത്തുക. ഇതാണ് കുതർക്കം. തെറ്റായ രീതിയിലുള്ളതായ യുക്തിപ്രയോഗം. ഇത് യുക്തിചിന്തകളായിത്തന്നെ തോന്നിപ്പിക്കും.
അതൊടുവിൽ നാസ്തികതയിലേക്ക് നയിക്കും. അപ്പോൾ നിങ്ങൾ ഈശ്വരനെ നിഷേധിക്കും കാരണം, നിങ്ങൾക്ക് ശരിയായതിനെ കാണുവാൻ കഴിയില്ലായെങ്കിൽ, പിന്നെയെങ്ങിനെയാണ് നിങ്ങൾക്ക് ഈശ്വരനെ കാണാനാവുക? നിങ്ങൾ സ്വാഭാവികമായും നിഷേധിക്കും. അപ്പോഴീ മുഴുവൻ നിലനിൽപ്പും ഇരുണ്ടതായിത്തീരും. അപ്പോഴെല്ലാം തന്നെ തെറ്റാണ്. നിങ്ങൾക്ക് ചുറ്റും ഒരു നരകം തന്നെ സൃഷ്ട്ടിച്ചെടുക്കാൻ നിങ്ങൾക്ക് കഴിയും. നിഷേധാത്മകമായ യുക്തിയാണിത്. ഇതാണ് കുതർക്കം.
പിന്നെയുള്ളത് സാധാരണയായ തർക്കബുദ്ധിയാണ് --സാമാന്യന്യായവിചാരം. എന്നാലീ സാമാന്യ ന്യായബുദ്ധി നിങ്ങളെ എവിടെയുമെത്തിക്കില്ല. അത് ഒരു വൃത്തത്തിൽ തന്നെ ചുറ്റി തിരിഞ്ഞുകൊണ്ടിരിക്കലാണ്. കാരണം, അതിന് യാതൊരു ലക്ഷ്യവുമില്ല. നിങ്ങൾക്ക് യുക്തിയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കാം, എന്നാൽ നിങ്ങളൊരു അന്തിമ തീരുമാനത്തിലെത്തിച്ചേരുകയില്ല. എന്തുകൊണ്ടെന്നാൽ, തുടക്കത്തിലേ ഒരു ലക്ഷ്യമുണ്ടെങ്കിൽ മാത്രമേ ഈ യുക്തിചിന്തകൾക്ക് ഒരന്തിമ തീരുമാനത്തിലെത്തിച്ചേരാൻ കഴിയൂ. നിങ്ങളൊരു പ്രത്യേക ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ എവിടെയെങ്കിലും എത്തിച്ചേരും. എന്നാൽ നിങ്ങളെല്ലാ ദിശകളിലേക്കും നീങ്ങികൊണ്ടിരിക്കുകയാണെങ്കിൽ --ചിലപ്പോൾ തെക്കോട്ടു, ചിലപ്പോൾ പടിഞ്ഞാറോട്ട് -അപ്പോൾ നിങ്ങൾ ഊർജ്ജം വെറുതെ നഷ്ട്ടപ്പെടുത്തുകയാണ്.
ലക്ഷ്യമൊന്നുമില്ലാതെ ന്യായവിചാരം ചെയ്യുന്നതിനെയാണ് തർക്കം എന്ന് പറയുന്നത്. നിഷേധാത്മകമായ സമീപനത്തോടെയുള്ള ന്യായവാദത്തെയാണ് കുതർക്കം എന്ന് പറയുന്നത്. സ്പഷ്ടമായ അടിസ്ഥാനത്തോടെയുള്ള ന്യായവാദത്തെ വിതർക്കം എന്ന് പറയുന്നു. വിതർക്കം എന്നാൽ യുക്തിഭദ്രമായ വിചിന്തനമാണ്. ആന്തരിക സമാധാനം കാംക്ഷിക്കുന്നവനായ ഒരുവൻ വിതർക്കത്തിൽ -വിശേഷാലുള്ള താർക്കിക പദ്ധതികളിൽ പ്രത്യേക ശിക്ഷണം നേടേണ്ടതുണ്ട്. അയാളെല്ലായ്‌പ്പോഴും പ്രസാദാത്മകചിന്തയിലേക്ക് -സാക്ഷാലുള്ളതായതിലേക്ക് നോക്കും. അയാൾ പുഷ്പ്പങ്ങളെ എണ്ണുകയും മുള്ളുകളെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യും. -വാസ്തവത്തിലവിടെ മുള്ളുകൾ ഇല്ലാഞ്ഞിട്ടല്ല, എന്നാൽ അയാളതിൽ താല്പര്യവാനല്ല എന്നു മാത്രം.
കുതർക്കിയായ ഒരുവൻ മുള്ളുകളെ എണ്ണുന്നു. അപ്പോൾ പൂവുകൾ മിഥ്യകളായിത്തീരും. വിതർക്കിയായ ഒരുവൻ പൂവുകളെണ്ണുന്നു അപ്പോൾ മുള്ളുകൾ മിഥ്യകളായിത്തീരുന്നു. അതുകൊണ്ടാണ് പതഞ്ജലി പറയുന്നത് :വിതർക്കമാണ് ഒന്നാമത്തെ ഘടകം. അപ്പോൾ മാത്രമേ ആനന്ദാനുഭൂതിയും സാദ്ധ്യമാകൂ. വിതർക്കത്തിലൂടെ ഒരുവൻ സ്വർഗ്ഗത്തിലേക്കുയരും. ഒരുവൻ തനിക്ക് ചുറ്റിലും തന്റേതായൊരു സ്വർഗ്ഗത്തെ സൃഷ്ടിച്ചെടുക്കും.
നിർണ്ണായകമായത് നിങ്ങളുടെ വീക്ഷണഗതിയാണ്. നിങ്ങൾക്കു ചുറ്റിലും എന്താണോ നിങ്ങൾക്ക് കണ്ടുകിട്ടുന്നത്, അത് നിങ്ങളുടെ തന്നെ സൃഷ്ടിയാണ് -അതു സ്വർഗ്ഗമായാലും ശരി നരകമായാലും ശരി. പതഞ്ജലി പറയുന്നു -വിതർക്കത്തിലൂടെ മാത്രമേ, സാക്ഷാലുള്ളതായ ഈ വിശേഷന്യായവിചാരത്തിലൂടെ മാത്രമേ ഒടുവിൽ നിങ്ങൾക്ക് യുക്തിക്കും തർക്കത്തിനും അപ്പുറമെത്താനാകൂ. നിഷേധാത്മകമായ തർക്കത്തിലൂടെ നിങ്ങൾക്കൊരിക്കലും അക്കരെ പറ്റുവാൻ സാധ്യമല്ല ; കാരണം നിങ്ങൾ എത്രയുമധികം 'ഇല്ല ' എന്നു പറയുന്നുവോ അത്രയുമധികം നിങ്ങൾ കാര്യങ്ങളെ വിഷാദാത്മകമായി കാണാൻ തുടങ്ങും. കാലക്രമത്തിൽ നിങ്ങൾക്കുള്ളിൽ 'ഇല്ല ' എന്ന ഭാവം സ്ഥിരമായി തീരും. നിങ്ങളൊരിരുണ്ട രാത്രിയായിത്തീരും. നിങ്ങൾക്കുള്ളിൽ മുള്ളുകൾ മാത്രം - പൂക്കളൊന്നും തന്നെ നിങ്ങളിൽ വിടരുകയില്ല. ഒരു മരുഭൂമിയായി തീരും നിങ്ങൾ.
'അതെ ' എന്ന് നിങ്ങൾ പറയുമ്പോഴാകട്ടെ, അപ്പോൾ നിങ്ങൾക്ക് കൂടുതൽ കൂടുതൽ കാര്യങ്ങളോട് 'അതെ 'യെന്നു പറയാനാകും. നിങ്ങൾ 'അതെ 'യെന്ന് പറയുന്നവനായി തീരും. ജീവിതം സ്വീകരിക്കപ്പെട്ടു. നിങ്ങളുടെ 'അതെ ' യായി, മഹത്തരവും സുന്ദരവും സത്യവുമായ എല്ലാം തന്നെ നിങ്ങളുൾക്കൊള്ളാൻ തുടങ്ങും. 'അതെ ' എന്നത് നിങ്ങളിൽ ദൈവീകതക്ക് കടന്നുവരുന്നതിനായുള്ള ഒരു വാതിലായി മാറും 'ഇല്ല ' എന്നത് ഒരടഞ്ഞ വാതിലുമാണ്. അടഞ്ഞ വാതിലിനോടൊപ്പം നിങ്ങളൊരു നരകമാണ് ; തുറന്ന വാതിലിനോടൊപ്പം, തുറക്കപ്പെട്ടതായ എല്ലാ ജനൽ-വാതിലുകളോടൊപ്പം അസ്തിത്വം നിങ്ങളുടെ ഉള്ളിലേക്ക് ഒഴുകിയെത്തുന്നു. നിങ്ങൾ ഉന്മേഷവാനും യുവത്വം മുറ്റിനിൽക്കുന്നവനും ചൈതന്യവാനുമായിത്തീരും. നിങ്ങളൊരു പുഷ്പ്പമായിത്തീരും.
(യോഗ :ആത്മീയതയുടെ ശാസ്ത്രം )........... എന്ന പുസ്തകത്തിൽ നിന്നും................ ഓഷോ................... ഓഷോ........... ഓഷോ............. ഓഷോ.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ