ഗൗതമ ബുദ്ധൻ തന്റെ ശിഷ്യന്മാർക്ക് നൽകിയ അന്ത്യവചനമാണ് "സ്വയം വെളിച്ചമാകുക" എന്നത്. അവർ കരയുകയായിരുന്നു. അത് സ്വാഭാവികം. ഗുരു വിട്ടുപിരിയുകയാണ്. അദ്ദേഹമൊത്ത് 40 വർഷം ജീവിച്ചു. 40 വർഷം. ആനന്ദത്തിന്റെയും മഹാനുഭവങ്ങളുടേയും വർഷങ്ങൾ. മനുഷ്യന് സാധ്യമായവയിൽ വച്ച് ഏറ്റവും രമണീയമായ കാലം. ഭൂമിയിൽ സ്വർഗം പണിത 40 വർഷങ്ങൾ. ഇപ്പോൾ ഗുരു യാത്രയാവുകയാണ്. അവർ തീർത്തും ദു:ഖിതരായി.
ബുദ്ധൻ കണ്ണു തുറന്ന് പതുക്കെ പറഞ്ഞു.
"നിർത്തുക ഈ രോദനം, ഇതുവരെ അറിഞ്ഞില്ലേ നിങ്ങൾ? എന്തിനു നിങ്ങൾ കരയുന്നു?"
മുഖ്യ ശിഷ്യൻ ആനന്ദൻ മൊഴിഞ്ഞു. അങ്ങ് ഞങ്ങളെ വിട്ട് പോവുകയാണ്. ഞങ്ങളറിയുന്നു. അനുഭവിക്കുന്നു. അന്ധകാരം ഞങ്ങളിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. എനിക്കിനിയും ബോധോദയം ഉണ്ടായിട്ടില്ല. അങ്ങ് ജീവിച്ചിരിക്കെ ബോധോദയം കൈവരിക്കാൻ കഴിഞ്ഞില്ലേൽ അങ്ങ് പോയിക്കഴിഞ്ഞാൽ എനിക്ക് എന്ത് പ്രതീക്ഷയാണുള്ളത്? ഞാൻ നൈരാശ്യത്തിലാണ്. എന്റെ ശോകം അളക്കാവുന്നതല്ല. 40 വർഷങ്ങൾ വ്യർഥമായിരിക്കുന്നു. അങ്ങയെ ഒരു നിഴൽ പോലെ പിൻതുടർന്നു. അങ്ങയോടപ്പം ഇരിക്കുക എന്നത് അതി മനോജ്ഞമായിരുന്നു. പക്ഷെ അങ്ങ് ഞങ്ങളെ വിട്ട് പോകുന്നു. ഞങ്ങൾക്കെന്താണ് സംഭവിക്കുക?
ബുദ്ധൻ അരുളി: നിങ്ങൾ കരയുന്നു. എന്തന്നോ? ഇതുവരെ നിങ്ങൾ എന്നെ അറിഞ്ഞില്ല. ഞാൻ എപ്പോഴുമെപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. "എന്നിൽ വിശ്വസിക്കരുതേ! നിങ്ങളോ? നിങ്ങൾ ശ്രദ്ധിച്ചില്ല. നിങ്ങൾ എന്നിൽ വിശ്വസിച്ചു. ഞാനിപ്പോൾ മരണം പ്രാപിക്കുന്നു. നിങ്ങളുടെ ഘടന തന്നെ ശിഥിലമാകുന്നു. എന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ, എന്നിലൂടെ അറിവു നേടാതെ സ്വന്തം സത്തയിൽ പ്രകാശം സൃഷ്ടിച്ചിരുന്നുവെങ്കിൽ, സ്വത്വം അനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ, നിങ്ങളിങ്ങനെ കരയേണ്ടിവരില്ലായിരുന്നു."
"മഞ്ജുശ്രീയെ നോക്കൂ, " അദ്ദേഹം പറഞ്ഞു. മഞ്ജുശ്രീ ബുദ്ധന്റെ ശിഷ്യ ഗണങ്ങളിൽ ഒരാളായിരുന്നു. മഹാനായ ഒരാൾ. അദ്ദേഹം അടുത്തുള്ള ഒരു മരച്ചുവട്ടിൽ കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. അതീവ പവിത്രം. പ്രശാന്തം. പരമാനന്ദകരം.!
ബുദ്ധ ഭഗവാൻ പറഞ്ഞു, "മഞ്ജുശ്രീയെ നോക്കുക. അയാൾ എന്തേ കരയാത്തതെന്ന് അന്വേഷിക്കുക."
അവർ മഞ്ജുശ്രീയോട് ചോദിച്ചു. അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്തിനാ കരയുന്നത് ? എന്റെ സ്വന്തം പ്രകാശം കണ്ടെത്താൻ ഗുരുവര്യർ എന്ന സഹായിച്ചു. ഞാൻ നന്ദിയുള്ളവനാണ്. ഒന്ധകാരവും എന്നിലേക്ക് വരുന്നില്ല. എങ്ങിനെയാണ് ബുദ്ധന് മരിക്കാൻ കഴിയുക? എനിക്കറിയാമല്ലോ എനിക്ക് മരിക്കാനാവില്ലെന്ന്. പിന്നെ ബുദ്ധന് എങ്ങനെ മരിക്കാനാകും? ഗുരുവര്യർ ഇവിടെത്തന്നെയുണ്ടാവും. ഒരു നദി സമുദ്രത്തിലേക്കെന്ന പോലെ അദ്ദേഹം മഹാപ്രപഞ്ചത്തിൽ ലയിക്കും. അത്യന്തം സുന്ദരമായിരിക്കുമത്. ബുദ്ധൻ ഇത്രയും കാലം ഒരു കൊച്ചു ശരീരത്തിന്റെ തടവിലായിരുന്നു. ഇനി തന്റെ സുഗന്ധം സ്വതന്ത്രമാവുകയായി, അസ്തിത്വത്തിന്റെ സമഗ്രതയിലേക്ക് ഇനി അത് വികസിക്കും. ബുദ്ധൻ ഇനി എല്ലായിടത്തും ഉണ്ടാകും. സൂര്യനിൽ അദ്ദേഹം ഉദിച്ചുയരുന്നതും, പക്ഷിയിൽ അദ്ദേഹം പറക്കുന്നതും, സമുദ്രത്തിൽ തരംഗങ്ങളാവുന്നതും ഞാൻ കാണും."
"അദ്ദേഹം ആ ശരീരം മാത്രമാണ് വിട്ടു പോകുന്നത്. അതൊരു തടവറയായിരുന്നു. ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു. നിങ്ങൾ ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് നിങ്ങൾ കരയുന്നത്. "
ബുദ്ധൻ മൊഴിഞ്ഞു, "ഞാൻ വീണ്ടും പറയുന്നു." 'ആത്മദീപോ ഭവ'. അവനവൻ തന്നെ വെളിച്ചമായി തീരുക . പിന്നെ അദ്ദേഹം കണ്ണടച്ചു. മഹാപ്രപഞ്ചത്തിൽ ലയിച്ചു. ബുദ്ധ ഭഗവാന്റെ മഹാനിർവാണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ