ഒരിക്കല്‍ ശ്രീബുദ്ധന്‍ ഒരു തൂവാലയുമായി ശിഷ്യന്മാരുടെ അടുത്തുവരികയും ഇതെന്താണ് എന്ന് ചോദിക്കുകയും, തൂവാലയെന്നവർ മറുപടിയും കൊടുത്തു.
അദ്ദേഹം ആ തൂവാല പിരിച്ച് അതില്‍ ഒന്ന് രണ്ടു കെട്ടുകളിട്ടിട്ട് ഇതിപ്പോള്‍ തൂവാലയാണോ എന്ന് അവരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു "അതില്‍ കെട്ടുകള്‍ ഉള്ളത് കൊണ്ട്, തൂവാലയുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കാത്തത് കൊണ്ട് തൂവാല ആണെന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ കെട്ടുകള്‍ ഉള്ളത് കൊണ്ട് മാത്രം തൂവാലയുടെ പ്രകൃതത്തില്‍ നിന്നും മാറിപ്പോയിട്ടില്ലാത്തത് കൊണ്ട് തൂവാല അല്ല എന്നും പറയാന്‍ സാധിക്കില്ല."
അപ്പോള്‍ ബുദ്ധന്‍ ചോദിച്ചു "ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം?" അവര്‍ ഒന്നടങ്കം പറഞ്ഞു "തൂവാലയിലെ കെട്ടുകള്‍ അഴിച്ചു കളഞ്ഞാല്‍ മാത്രം മതിയെന്ന്."
"അതിനെന്താണ് ചെയ്യേണ്ടിയത്? "എന്ന ചോദ്യത്തിനുത്തരമായവര്‍ പറഞ്ഞു "താങ്കള്‍ എങ്ങിനെയാണാ കെട്ടുകള്‍ ഇട്ടത് അതിനു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ കെട്ടുകളഴിക്കാന്‍ സാധിക്കുമെന്ന്."
അപ്പോള്‍ ബുദ്ധന്‍ പറഞ്ഞു "ഇതുപോലെ തന്നെയാണ് ജീവിതപ്രശ്നങ്ങളും ! പ്രശ്നങ്ങളുടെ കാരണം, പരാജയ കാരണം എന്നിവ മനസ്സിലാക്കിയാല്‍ അവയെ അതിജീവിക്കുവാന്‍ എളുപ്പമാണ്. പക്ഷെ ഭൂരിഭാഗം ആളുകളും പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്ത് കൊണ്ട് പരാജയം ഉണ്ടായി എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതില്‍ ദുഖിച്ച് ഇതെന്‍റെ വിധിയാണെന്നും ഭാഗ്യക്കെടാണെന്നും വിചാരിച്ചു ജീവിതം പാഴാക്കുന്നു."
"ഇതിനു എന്താണ് പരിഹാരം ?"
"എന്തുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നും, അവയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണെന്നും മനസ്സിലാക്കി, അതിനു വിപരീതമായ പ്രക്രിയ എങ്ങിനെ ശരിയായ രീതിയില്‍ ചെയ്യാമെന്നും മനസ്സിലാക്കിയാല്‍ നിങ്ങൾക്കും ജീവിതപ്രശ്നങ്ങളുടെ കെട്ടുകളഴിക്കാനും അങ്ങിനെ ജീവിത ധര്‍മ്മം നിര്‍വഹിക്കുവാനും സാധിക്കും."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ