2020, മാർച്ച് 18, ബുധനാഴ്‌ച

Observe your thoughts - Osho


നിങ്ങളുടെ ഭൂതകാലം നിങ്ങളില്‍ വരുത്തിവച്ച എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങൾക്ക് മോചനം നേടാം.അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്ന് വെച്ചാല്‍ നിങ്ങള്‍ സ്വയം നിങ്ങളുടെ വിചാരങ്ങളുടെ (വിചാര പ്രക്രിയയുടെ) കാഴ്ചക്കാരനാവുക.അത് ഒരിക്കലും ഒരു പ്രാര്‍ത്ഥന അല്ല,കാരണം അവിടെ പ്രാര്‍ഥിക്കാന്‍ ഒരു ദൈവമില്ല.നിങ്ങള്‍ നിശബ്ദനായി ഒരിടത്ത് ഇരുന്ന്,നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളെ നോക്കിക്കാണുക.നിങ്ങള്‍ അവയെ നോക്കിക്കാണുക മാത്രം ചെയ്യുക,ആ വിചാരങ്ങളില്‍ ഇടപെടരുത്.ആ വിചാരങ്ങള്‍ക്ക്‌ വിധി കല്‍പ്പിക്കുക പോലും ചെയ്യരുത്.കാരണം നിങ്ങള്‍ വിധി കല്‍പ്പിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നിങ്ങള്‍ വെറുമൊരു കാഴ്ചക്കാരന്‍ അല്ലാതാവുകയാണ്.വിചാരങ്ങള്‍ക്ക്‌ വിധി കല്‍പ്പിച്ചു കൊണ്ടു ഇത് ശരിയാണ്/ശരിയല്ല എന്ന് നിങ്ങള്‍ വിചാരിക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ ചിന്തകളുടെ ലോകത്തിലേക്ക് (ചിന്തിക്കുന്ന പ്രക്രിയ) പോവുകയാണ്.മനസ്,കാഴ്ചക്കാരൻ എന്ന ഈ രണ്ട് തലത്തിനും ഇടയില്‍ ഒരു വിടവ് ഉണ്ടാക്കി എടുക്കാന്‍ കുറച്ചു സമയം എടുത്തേക്കാം.‍എന്നാല്‍ ഒരിക്കല്‍ ആ വിടവ് ഉണ്ടായാല്‍ നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടും. നിങ്ങള്‍ വെറും ഈ മനസ്സല്ല മറിച്ചു നിങ്ങള്‍ ഇതെല്ലാം നോക്കിക്കാണുന്നവനാണ് അല്ലെങ്കില്‍ ഒരു സാക്ഷിയാണ് എന്ന് ബോധ്യപ്പെടും. നിങ്ങളുടെ വിചാരങ്ങളുടെ സാക്ഷിയായിരിക്കുന്ന ഈ പ്രക്രിയ വളരെ ശക്തമാകുമ്പോള്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളെ വിട്ടു പോകാന്‍ തുടങ്ങുന്നു. അവസാനം മനസ്സില്‍ യാതൊരു ചിന്തയും അവശേഷിക്കാത്ത സമയം വന്നെത്തും.ആ നിമിഷമാണ് ശരിക്കും സ്വതന്ത്രമായ അവസ്ഥ - #OSHO - അന്വേഷണം

സാക്ഷിയാകൽ


"Witnessing" അഥവാ "സാക്ഷിയാകൽ" എന്നാൽ എന്താണ് ? അത് practice ചെയ്യാൻ സാധിക്കുമോ ?

സാധാരണയായി നമ്മൾ കേട്ടു പരിചയമുള്ള ഒരു പദമാണ് witness അഥവാ സാക്ഷി. ഒരു സംഭവം (പ്രത്യേകിച്ച് അപകടമോ കൊലപാതകമോ ) കാണുന്ന വ്യക്തിയെ നമ്മൾ സാക്ഷി അല്ലെങ്കിൽ ദൃക്‌സാക്ഷി എന്നു പറയുന്നു.

എന്നാൽ ആത്മീയതയിൽ ഈ witnessing എന്ന പദത്തിന്റെ അർത്ഥം തികച്ചും വ്യത്യസ്തമാണ്. ഇവിടെ വേറെ ഒരു സംഭവത്തെയോ വ്യക്തിയെയോ അല്ല അയാൾ സാക്ഷിയാകുന്നത്.

ഒരു വ്യക്തി അദ്ദേഹത്തെ ,അദ്ദേഹത്തിന്റെ പ്രവൃത്തിയെ ,അദ്ദേഹം തന്നെ തന്നെ സ്വാഭാവികമായി നിരീക്ഷിക്കുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് witnessing.

പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് ഈ witnessing നമുക്ക് practice ചെയ്യാൻ സാധിക്കുമോ?

യഥാർത്ഥത്തിൽ സാക്ഷിത്വം സംഭവിക്കേണ്ടതാണ് ,അത് ഒരു പ്രക്രിയയിലൂടെ (process) നേടിയെടുക്കുന്ന ഒന്നല്ല.

പിന്നെ എന്തിനാണ് ഈ സാക്ഷിയാകൽ practice ചെയ്യുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നതാണ്.

എന്നാൽ witnessing വളരെ simple ആയിട്ടുള്ള ഒരു ധ്യാനം ആണ് എന്നതാണ് സത്യം. ഓരോ വ്യക്തിയും അയാൾ അയാളുടെ ഓരോ ചലനങ്ങളും ;എന്തിന് അയാളുടെ ശ്വാസോച്ഛ്വാസം വരെ വളരെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു പ്രക്രിയയാണ് ഈ witnessing എന്ന ധ്യാനം.

ഒരു വ്യക്തിക്ക് അയാളുടെ ഓരോ പ്രവൃത്തിയിലും വളരെ സൂക്ഷ്മതയും ഏകാഗ്രതയും ഈ സാക്ഷിയാകലിലൂടെ നേടിയെടുക്കാൻ പറ്റുന്നു.

അയാൾ സാധാരണ നിരീക്ഷകൻ എന്ന അവസ്ഥയിൽ നിന്ന് മാറി സാക്ഷിയായി തന്റെ വികാരവിചാരങ്ങളെ നോക്കിക്കാണാൻ ഒരു പരിധി വരെ സാധിക്കുന്നു.

നമുക്ക് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ഈ സാക്ഷിയാകൽ practice ചെയ്തു നോക്കാവുന്നതാണ്. അപ്പോൾ നമുക്ക് നമ്മുടെ അവബോധത്തെ (awareness) കൂടുതൽ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും.

അതുവഴി നമ്മുടെ ആത്മീയ പുരോഗതിയ്ക്ക് ആക്കം കൂട്ടാനും സാധിക്കും .ആത്മീയ പുരോഗതിയ്ക്കു ആദ്യം വേണ്ടത് വളരെ വലിയ ശ്രദ്ധയാണ്. അതിന് ഈ witnessing practice നിങ്ങളെ വളരെയധികം സഹായിക്കും.

ഒരു ഘട്ടം കഴിഞ്ഞാൽ സാക്ഷിയാകൽ നിങ്ങളിൽ സ്വാഭാവികമായും സംഭവിച്ചുകൊള്ളും, അതിന് അവിടെ പ്രത്യേക ഉദ്യമം ഒന്നും ആവശ്യമില്ല.

2020, മാർച്ച് 17, ചൊവ്വാഴ്ച

സംസാരദുഃഖം


അദ്ധ്യാസം (ദേഹോfഹം ബുദ്ധി -- ദേഹമാണ് ഞാൻ എന്ന തോന്നൽ) കാരണം--നാം എന്തെല്ലാം ചെയ്യേണ്ടി വരുന്നു? അതിന്നുവേണ്ട രക്ഷചെയ്യണം കുളിപ്പിക്കണം വസ്ത്രമണിയിക്കണം രോഗം വന്നാൽ ചികിത്സിക്കണം ചിലപ്പോൾ മറ്റുള്ളവരുടെ രക്തം സ്വീകരിക്കണം. അതുപോലെ ഹൃദയം മാറ്റിവയ്ക്കേണ്ടിയും വന്നേക്കാം!

ദേഹത്തെ വേണ്ടവിധം നോക്കി സംരക്ഷിച്ചാലും പോരാ വീട് വാഹനം റേഡിയോ ടെലഫോൺ തുടങ്ങി അതാവശ്യപ്പെടുന്ന വസ്തുക്കളുടെ പിന്നാലെ പായുകയും വേണം. ഈ അടിമത്തത്തിൽ തന്നെ ഞാൻ വിടാതെ കൂടാൻ എന്താണ് കാരണം?. അതോ -- ഈ ദേഹം ഞാനാണ്. ദേഹത്തിന്റെ സുഖം തന്നെ എന്റെ സുഖം! എന്ന വിചാരം. വിചിത്രമെന്നല്ലാതെ എന്തുപറയാൻ!

ഞാനൊരു പുഴുവാണ്' എന്നൊരു മാനസികരോഗിക്ക് തോന്നുകയാണെന്നിരിക്കട്ടെ -- അയാൾക്ക് പിന്നെ പക്ഷികളെ ഭയമായിരിക്കും. അവ വന്ന് തന്നെ കൊത്തിത്തിന്നെങ്കിലോ!

മനുഷ്യനാണ് ഞാൻ-പുഴുവല്ല എന്ന് അയാൾക്ക് പൂർണ്ണ ബോദ്ധ്യം, സ്വയം വന്നെങ്കിലേ ആ ഭയം വിട്ടുനീങ്ങു. നിങ്ങൾ പുഴുവല്ല എന്ന് ഒരു മനോരോഗവിദഗ്ദ്ധൻ എത്രതന്നെ ആവർത്തിച്ചു പറഞ്ഞാലും മനുഷ്യനാണ് താൻ എന്ന പൂർണ്ണബോധം അയാൾക്കുണ്ടാവുന്നില്ലെങ്കിൽ അതുകൊണ്ട് പ്രയോജനമില്ല.

അതുപോലെ പരമാത്മാവാണു നീ എന്ന ഗുരൂപദേശം എത്രയോ തവണ ആവർത്തിച്ച് ശ്രവിക്കുന്നുണ്ടാവാം. വിവേകചൂഡാമണിപോലുള്ള ആദ്ധ്യാത്മികഗ്രന്ഥങ്ങൾ വായിക്കുന്നുണ്ടാവാം. സത്സംഗങ്ങളിൽ പങ്കെടുക്കുന്നുണ്ടാവാം, പഠനക്ലാസ്സുകളിൽ ശാസ്ത്രചർച്ച ചെയ്യുന്നുണ്ടാവാം -- ഇങ്ങനെയൊക്കെയാണെങ്കിലും, ഈ ശരീരമാണ് ഞാൻ എന്ന ബോധം നമ്മിലെല്ലാം രൂഢമൂലമായി കിടക്കുന്നുണ്ട്. എന്തു കൊണ്ട്? പരമദിവ്യമായ സ്വസ്വരൂപം -- സച്ചിദാനന്ദസ്വരൂപിയായ ആത്മാവാണ് ഞാൻ എന്ന യാഥാർത്ഥ്യം - അറിയായ്കയാൽ.

പട്ടുനൂൽപ്പുഴു സ്വന്തം ഉമിനീരിൽനിന്നുണ്ടാകുന്ന നൂലു കൊണ്ട് തനിക്ക് ചുറ്റും, തന്നെ പൊതിഞ്ഞുകൊണ്ട് കോശം നിർമ്മിക്കുന്നു. ക്രമേണ ഈ കോശം കൂടുതൽ ദൃഢമായിത്തീരുകയാൽ പുറത്തുകടക്കാൻ പറ്റാതെ പുഴു അതിന്നുള്ളിൽ കുടുങ്ങിപ്പോകുന്നു. അതുമാതിരി ഞാൻ ദേഹമാണ് എന്ന തെറ്റിദ്ധാരണ ഉണ്ടായിക്കഴിഞ്ഞാൽ ആ അജ്ഞാനം ദേഹത്തിന്റെ സുരക്ഷിതത്വത്തിന്നു വേണ്ടി ഒടുങ്ങാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയായി. ആവശ്യങ്ങൾ പെരുകിപ്പെരുകി പൊട്ടിച്ചു പുറത്തുകടക്കാൻ പറ്റാത്തവിധം ബലവത്തായിത്തീർന്ന് മനുഷ്യനെ ചുറ്റിവരിഞ്ഞ് ബന്ധിച്ച് അസ്വതന്ത്രനാക്കിത്തീർക്കുന്നു.

ഇങ്ങനെ എണ്ണമറ്റ ആവശ്യങ്ങൾ കാരണം നിങ്ങൾ വീർപ്പുമുട്ടുകയാണ്. നിങ്ങളുടെ സ്വതസിദ്ധമായ ബലവീര്യങ്ങളോ കഴിവുകളോ മേധാശക്തിയോ ഒന്നും ഇപ്പോൾ ശോഭിക്കുന്നില്ല -- സ്വസൃഷ്ടങ്ങളായ പൂർവ്വസംസ്കാരങ്ങൾക്ക് വശംവദരായിത്തന്നെ വർത്തിക്കേണ്ട ഗതികേട് വന്നതു കൊണ്ട് ഈ ക്ലേശങ്ങളല്ലാം ഒരേ ഒരു കാരണത്തിൽനിന്നാണ് ഉണ്ടായത് -- സ്വസ്വരൂപം നിങ്ങൾ വിസ്മരിച്ചു. ഇത്രയും കാലം 'ശരീരാദ്യുപാധി സമൂഹമായ അനാത്മാവാണ് ഞാൻ' എന്ന തെറ്റിദ്ധാരണയിലാണ് നിങ്ങൾ ജീവിച്ചുപോന്നത്. ഈ അവസ്ഥയിൽ ബഹുവിധ ക്ലേശങ്ങൾ അനുഭവിക്കാനിടയാവുന്നു. ഇതുതന്നെ *🎼ബന്ധം* സംസാരദുഃഖം

2020, മാർച്ച് 13, വെള്ളിയാഴ്‌ച

ചിന്തിച്ചു പ്രവർത്തിക്കുക


ഒരു തവളയെ പിടിച്ചു വെള്ളത്തിലിട്ടു വെള്ളം ചൂടാക്കിയാൽ വെള്ളത്തിന്റെ ചൂട് കൂടുന്നതിനനുസരിച്ചു തവള തന്റെ ശരീരതാപം ക്രമപ്പെടുത്തിക്കൊണ്ടിരിക്കും . വെള്ളം ചൂടായി തിളയ്ക്കാൻ തുടങ്ങുമ്പോൾ തവളയ്ക്കു അത് സഹിക്കാവുന്നതിലധികം ചൂട് ആണെന്ന് മനസ്സിലാവും... അപ്പോൾ അത് പാത്രത്തിനു വെളിയിലേക്ക് ചാടി രക്ഷപെടാൻ നോക്കും.

പക്ഷെ ചൂടിനനുസരിച്ചു ശരീരതാപം ക്രമപ്പെടുത്തി അവശനായ തവള പുറത്തു ചാടാൻ കഴിയാതെ തിളച്ച വെള്ളത്തിൽ വെന്തു മരിക്കും!

എന്താണ് തവളയെ കൊന്നത് ?

പലരും പറയും തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂടാണെന്ന് , പക്ഷെ യഥാർത്ഥത്തിൽ തവളയെ കൊന്നത് വെള്ളത്തിൽ നിന്നും എപ്പോൾ ചാടി രക്ഷപ്പെടണം എന്ന് തീരുമാനിക്കാൻ പറ്റാതെ വന്ന അതിന്റെ കഴിവുകേടാണ് .

നാം എല്ലാവരും തന്നെ ഈ തവളയെ പോലെ സ്വയം അഡ്ജസ്റ്റ് ചെയ്തു മറ്റുള്ളവരോടും , ജീവിത സാഹചര്യങ്ങളോടും ഒക്കെ ആയി പൊരുത്തപ്പെട്ടു ജീവിക്കേണ്ടതുണ്ട് ... പക്ഷെ എപ്പോൾ ഒക്കെ അഡ്ജസ്റ്റ് ചെയ്യണം എപ്പോൾ ഒക്കെ നേരിടണം എന്ന് നമ്മൾ മനസ്സിലാക്കണം.

നമ്മളെ വൈകാരികമായും , മാനസികമായും , ശാരീരികമായും , സാമ്പത്തികമായും ചൂഷണം ചെയ്യാൻ മറ്റുള്ളവരെ അനുവദിച്ചു അതിനോട് അഡ്ജസ്റ്റ് ചെയ്തു ചെയ്തു ജീവിച്ചാൽ നമുക്കും ഈ തവളയുടെ അവസ്ഥയാവും!

അതുകൊണ്ടു ചൂഷണത്തിൽ നിന്നും പുറത്തു ചാടാൻ ശക്തി ഉള്ളപ്പോൾ ചാടുക ... ചിന്തിച്ചു പ്രവർത്തിക്കുക !

2020, മാർച്ച് 7, ശനിയാഴ്‌ച

പതഞ്ജലി പറയുന്നത് ന്യായവാദങ്ങൾ


പതഞ്ജലി പറയുന്നത് ന്യായവാദങ്ങൾ മൂന്നുതരത്തിലുണ്ടെന്നാണ്. ഒന്നിനെ അദ്ദേഹം 'കുതർക്കം ' എന്ന് വിളിക്കുന്നു. നിഷേധങ്ങളിലേക്ക് തിരിഞ്ഞു നിൽക്കുന്നതായ ന്യായവാദങ്ങളാണവ. എല്ലായ്പ്പോഴും 'ഇല്ല ' എന്ന രീതിയിൽ ചിന്തിച്ചുകൊണ്ട്, നിഷേധിച്ചുകൊണ്ട്, സംശയിച്ചുകൊണ്ട് അവിശ്വസിച്ചുകൊണ്ട് നാസ്തിക -നിഷേധന്യായവാദബുദ്ധിയോടെ.

കുതർക്കത്തിൽ ജീവിക്കുന്നവനായ ഒരുവൻ, നിങ്ങളെന്തുതന്നെ പറഞ്ഞാലും അതിനെയെങ്ങനെ നിഷേധിക്കാം, എങ്ങനെ വിയോജിക്കാം, അതിനോട് എങ്ങനെ 'ഇല്ല ' എന്ന് പറയാം, എന്നൊക്കെയാണ് എല്ലായ്പ്പോഴും ചിന്തിക്കുക. അയാൾ വിപരീതദിശയിലേക്കാണ് നോക്കുക. അയാളെപ്പോഴും പരാതിപെട്ടുകൊണ്ടും മുറുമുറുത്തുകൊണ്ടുമിരിക്കും. എന്തോ എവിടെയോ തെറ്റാണ് എന്നയാൾക്ക് എല്ലായ്പ്പോഴും തോന്നിക്കൊണ്ടിരിക്കും. നിങ്ങൾക്കയാളെ ശരിയായതിലേക്ക് കൊണ്ടുവരാൻ കഴിയില്ല. കാരണം, അതാണയാളുടെ ദിശാബോധം. സൂര്യനെ നോക്കുവാൻ നിങ്ങളയാളോട് പറയുകയാണെങ്കിൽ അയാൾ സൂര്യനെ കാണുകയില്ല. സൂര്യകളങ്കങ്ങളെയാണ് അയാൾ കാണുക. കാര്യങ്ങളുടെ ഇരുണ്ട വശങ്ങളെയാണ് അയാളെപ്പോഴും കണ്ടെത്തുക. ഇതാണ് കുതർക്കം. തെറ്റായ രീതിയിലുള്ളതായ യുക്തിപ്രയോഗം. ഇത് യുക്തിചിന്തകളായിത്തന്നെ തോന്നിപ്പിക്കും.

അതൊടുവിൽ നാസ്തികതയിലേക്ക് നയിക്കും. അപ്പോൾ നിങ്ങൾ ഈശ്വരനെ നിഷേധിക്കും കാരണം, നിങ്ങൾക്ക് ശരിയായതിനെ കാണുവാൻ കഴിയില്ലായെങ്കിൽ, പിന്നെയെങ്ങിനെയാണ് നിങ്ങൾക്ക് ഈശ്വരനെ കാണാനാവുക? നിങ്ങൾ സ്വാഭാവികമായും നിഷേധിക്കും. അപ്പോഴീ മുഴുവൻ നിലനിൽപ്പും ഇരുണ്ടതായിത്തീരും. അപ്പോഴെല്ലാം തന്നെ തെറ്റാണ്. നിങ്ങൾക്ക് ചുറ്റും ഒരു നരകം തന്നെ സൃഷ്ട്ടിച്ചെടുക്കാൻ നിങ്ങൾക്ക് കഴിയും. നിഷേധാത്മകമായ യുക്തിയാണിത്. ഇതാണ് കുതർക്കം.

പിന്നെയുള്ളത് സാധാരണയായ തർക്കബുദ്ധിയാണ് --സാമാന്യന്യായവിചാരം. എന്നാലീ സാമാന്യ ന്യായബുദ്ധി നിങ്ങളെ എവിടെയുമെത്തിക്കില്ല. അത് ഒരു വൃത്തത്തിൽ തന്നെ ചുറ്റി തിരിഞ്ഞുകൊണ്ടിരിക്കലാണ്. കാരണം, അതിന് യാതൊരു ലക്ഷ്യവുമില്ല. നിങ്ങൾക്ക് യുക്തിയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കാം, എന്നാൽ നിങ്ങളൊരു അന്തിമ തീരുമാനത്തിലെത്തിച്ചേരുകയില്ല. എന്തുകൊണ്ടെന്നാൽ, തുടക്കത്തിലേ ഒരു ലക്ഷ്യമുണ്ടെങ്കിൽ മാത്രമേ ഈ യുക്തിചിന്തകൾക്ക് ഒരന്തിമ തീരുമാനത്തിലെത്തിച്ചേരാൻ കഴിയൂ. നിങ്ങളൊരു പ്രത്യേക ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ എവിടെയെങ്കിലും എത്തിച്ചേരും. എന്നാൽ നിങ്ങളെല്ലാ ദിശകളിലേക്കും നീങ്ങികൊണ്ടിരിക്കുകയാണെങ്കിൽ --ചിലപ്പോൾ തെക്കോട്ടു, ചിലപ്പോൾ പടിഞ്ഞാറോട്ട് -അപ്പോൾ നിങ്ങൾ ഊർജ്ജം വെറുതെ നഷ്ട്ടപ്പെടുത്തുകയാണ്.

ലക്ഷ്യമൊന്നുമില്ലാതെ ന്യായവിചാരം ചെയ്യുന്നതിനെയാണ് തർക്കം എന്ന് പറയുന്നത്. നിഷേധാത്മകമായ സമീപനത്തോടെയുള്ള ന്യായവാദത്തെയാണ് കുതർക്കം എന്ന് പറയുന്നത്. സ്പഷ്ടമായ അടിസ്ഥാനത്തോടെയുള്ള ന്യായവാദത്തെ വിതർക്കം എന്ന് പറയുന്നു. വിതർക്കം എന്നാൽ യുക്തിഭദ്രമായ വിചിന്തനമാണ്. ആന്തരിക സമാധാനം കാംക്ഷിക്കുന്നവനായ ഒരുവൻ വിതർക്കത്തിൽ -വിശേഷാലുള്ള താർക്കിക പദ്ധതികളിൽ പ്രത്യേക ശിക്ഷണം നേടേണ്ടതുണ്ട്. അയാളെല്ലായ്‌പ്പോഴും പ്രസാദാത്മകചിന്തയിലേക്ക് -സാക്ഷാലുള്ളതായതിലേക്ക് നോക്കും. അയാൾ പുഷ്പ്പങ്ങളെ എണ്ണുകയും മുള്ളുകളെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യും. -വാസ്തവത്തിലവിടെ മുള്ളുകൾ ഇല്ലാഞ്ഞിട്ടല്ല, എന്നാൽ അയാളതിൽ താല്പര്യവാനല്ല എന്നു മാത്രം.

കുതർക്കിയായ ഒരുവൻ മുള്ളുകളെ എണ്ണുന്നു. അപ്പോൾ പൂവുകൾ മിഥ്യകളായിത്തീരും. വിതർക്കിയായ ഒരുവൻ പൂവുകളെണ്ണുന്നു അപ്പോൾ മുള്ളുകൾ മിഥ്യകളായിത്തീരുന്നു. അതുകൊണ്ടാണ് പതഞ്ജലി പറയുന്നത് :വിതർക്കമാണ് ഒന്നാമത്തെ ഘടകം. അപ്പോൾ മാത്രമേ ആനന്ദാനുഭൂതിയും സാദ്ധ്യമാകൂ. വിതർക്കത്തിലൂടെ ഒരുവൻ സ്വർഗ്ഗത്തിലേക്കുയരും. ഒരുവൻ തനിക്ക് ചുറ്റിലും തന്റേതായൊരു സ്വർഗ്ഗത്തെ സൃഷ്ടിച്ചെടുക്കും.

നിർണ്ണായകമായത് നിങ്ങളുടെ വീക്ഷണഗതിയാണ്. നിങ്ങൾക്കു ചുറ്റിലും എന്താണോ നിങ്ങൾക്ക് കണ്ടുകിട്ടുന്നത്, അത് നിങ്ങളുടെ തന്നെ സൃഷ്ടിയാണ് -അതു സ്വർഗ്ഗമായാലും ശരി നരകമായാലും ശരി. പതഞ്ജലി പറയുന്നു -വിതർക്കത്തിലൂടെ മാത്രമേ, സാക്ഷാലുള്ളതായ ഈ വിശേഷന്യായവിചാരത്തിലൂടെ മാത്രമേ ഒടുവിൽ നിങ്ങൾക്ക് യുക്തിക്കും തർക്കത്തിനും അപ്പുറമെത്താനാകൂ. നിഷേധാത്മകമായ തർക്കത്തിലൂടെ നിങ്ങൾക്കൊരിക്കലും അക്കരെ പറ്റുവാൻ സാധ്യമല്ല ; കാരണം നിങ്ങൾ എത്രയുമധികം 'ഇല്ല ' എന്നു പറയുന്നുവോ അത്രയുമധികം നിങ്ങൾ കാര്യങ്ങളെ വിഷാദാത്മകമായി കാണാൻ തുടങ്ങും. കാലക്രമത്തിൽ നിങ്ങൾക്കുള്ളിൽ 'ഇല്ല ' എന്ന ഭാവം സ്ഥിരമായി തീരും. നിങ്ങളൊരിരുണ്ട രാത്രിയായിത്തീരും. നിങ്ങൾക്കുള്ളിൽ മുള്ളുകൾ മാത്രം - പൂക്കളൊന്നും തന്നെ നിങ്ങളിൽ വിടരുകയില്ല. ഒരു മരുഭൂമിയായി തീരും നിങ്ങൾ.

'അതെ ' എന്ന് നിങ്ങൾ പറയുമ്പോഴാകട്ടെ, അപ്പോൾ നിങ്ങൾക്ക് കൂടുതൽ കൂടുതൽ കാര്യങ്ങളോട് 'അതെ 'യെന്നു പറയാനാകും. നിങ്ങൾ 'അതെ 'യെന്ന് പറയുന്നവനായി തീരും. ജീവിതം സ്വീകരിക്കപ്പെട്ടു. നിങ്ങളുടെ 'അതെ ' യായി, മഹത്തരവും സുന്ദരവും സത്യവുമായ എല്ലാം തന്നെ നിങ്ങളുൾക്കൊള്ളാൻ തുടങ്ങും. 'അതെ ' എന്നത് നിങ്ങളിൽ ദൈവീകതക്ക് കടന്നുവരുന്നതിനായുള്ള ഒരു വാതിലായി മാറും 'ഇല്ല ' എന്നത് ഒരടഞ്ഞ വാതിലുമാണ്. അടഞ്ഞ വാതിലിനോടൊപ്പം നിങ്ങളൊരു നരകമാണ് ; തുറന്ന വാതിലിനോടൊപ്പം, തുറക്കപ്പെട്ടതായ എല്ലാ ജനൽ-വാതിലുകളോടൊപ്പം അസ്തിത്വം നിങ്ങളുടെ ഉള്ളിലേക്ക് ഒഴുകിയെത്തുന്നു. നിങ്ങൾ ഉന്മേഷവാനും യുവത്വം മുറ്റിനിൽക്കുന്നവനും ചൈതന്യവാനുമായിത്തീരും. നിങ്ങളൊരു പുഷ്പ്പമായിത്തീരും.

(യോഗ :ആത്മീയതയുടെ ശാസ്ത്രം )........... എന്ന പുസ്തകത്തിൽ നിന്നും................ ഓഷോ................... ഓഷോ........... ഓഷോ............. ഓഷോ.............

അഹങ്കാര (Ego) ത്തിന്റെ കാരണങ്ങൾ


ഒരാൾക്ക് അയാളുടെ സമ്പത്തിലുള്ള അഭിമാനം, സ്ഥാനമാനങ്ങൾ , അധികാരം, സമൂഹത്തിൽ നിന്നുള്ള അംഗീകാരം , ബുദ്ധിയിലും കഴിവിലും സൗന്ദര്യത്തിലുമുള്ള അഭിമാനം, ബന്ധങ്ങളിലുള്ള അഭിമാനം (ഭർത്താവ് , ഭാര്യ , അച്ഛൻ , അമ്മ , ജ്യേഷ്ഠൻ , അനുജൻ etc.,) പാണ്ഡിത്യം, സത്യാനുഭവങ്ങളില്ലാത്ത ജ്ഞാനം തുടങ്ങിയവ അദ്ദേഹത്തെ ഒരു അഹങ്കാരി(egoist) അഥവാ താൻ ഒരു പ്രത്യേക വ്യക്‌തിയാണെന്ന ഭാവം അയാളിൽ ജനിപ്പിക്കുന്നു.

അതായത് മുകളിൽ പറഞ്ഞ കാര്യങ്ങളിലൊന്നും അഭിമാനമില്ലാത്ത ഒരാൾക്കേ അഹങ്കാരം തീരെ ഇല്ലാതെ ജീവിക്കാനും മറ്റുള്ളവരോട് വിനയവും താഴ്മയും യഥാർത്ഥ സ്നേഹവും കാണിക്കാൻ പറ്റുകയുള്ളു.

ഈ അഭിമാനങ്ങൾ കളയാതെ ഒരാൾ വിനയവും താഴ്മയും സ്നേഹവും കാണിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ വെറും നാട്ട്യമാണ് .

ഒരാൾ അയാളുടെ അഭിമാനങ്ങളെല്ലാം ദൂരെ വലിച്ചെറിഞ്ഞാൽ മാത്രമേ താൻ വ്യക്തിയാണെന്ന ചിന്തയിൽ നിന്ന് രക്ഷപ്പെടാനും സത്യാനുഭവത്തിലേക്ക് പതുക്കെ ഉയരാനും സാധിക്കുകയുള്ളൂ.

പഞ്ചതന്മാത്ര


പഞ്ചതന്മാത്രകളായ ശബ്ദസ്പർശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങൾ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും; വചനം, ഗമനം, ദാനം, മലവിസർജ്ജനം, ആനന്ദിക്കൽ എന്നീ അഞ്ച് പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കർമ്മേന്ദ്രിയങ്ങളും; ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി(പ്രാണൻ,അപാനൻ, ഉദാനൻ, വ്യാനൻ, സമാനൻ) പഞ്ചവായുക്കളും മനസ്സും ബുദ്ധിയും അടങ്ങുന്ന പതിനേഴ് തത്ത്വങ്ങളാണ് സൂക്ഷ്മശരീരം.

ഈ സൂക്ഷ്മശരീരത്തിന്റെ പ്രശ്നങ്ങൾ സ്ഥൂലശരീരത്തിന്റെ രോഗങ്ങൾക്ക് ഹേതുവാകും. സ്ഥൂലശരീരത്തിന്റെ പ്രശ്നങ്ങൾ സൂക്ഷ്മശരീരത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. യോഗപ്രാണായാമധ്യാനാദികളാൽ സൂക്ഷ്മശരീരത്തെ ക്രമീകരിക്കാൻ കഴിയും. ' പഞ്ചഭൂതശരീരസ്യ പഞ്ചഭൂതാനി ച ഔഷധം ' എന്ന തത്ത്വപ്രകാരം സ്ഥൂലശരീരത്തിനേയും ക്രമീകരിക്കാൻ കഴിയും.