2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

റൈറ്റ് സഹോദരന്മാര്‍


റൈറ്റ് സഹോദരന്മാര്‍

അമേരിക്കയിലെ സൂസന്‍- മില്‍ട്ടണ്‍ ദമ്പതികളുടെ മക്കളായിരുന്നു റൈറ്റ് സഹോദരന്മാര്‍ എന്ന പേരില്‍ പ്രശസ്തരായ വില്‍ബര്‍ റൈറ്റും (ജനനം 1867) ഓര്‍വില്‍ റൈറ്റും (ജനനം 1871). ജോലി സംബന്ധമായി ഒരുപാട് യാത്ര ചെയ്തിരുന്ന മില്‍ട്ടണ്‍ റൈറ്റ് വീട്ടിലെത്തുന്നത് കുട്ടികള്‍ക്കായി കൈ നിറയെ കളിപ്പാട്ടങ്ങളുമായാണ്. ഒരു ടോയ് ഹെലിക്കോപ്റ്ററുമായാണ് 1878 ല്‍ ഒരു ദിവസം മില്‍ട്ടണ്‍ വീട്ടിലെത്തിയത്. വ്യോമയാന ശാസ്ത്രത്തിന്റെ കുലപതിയായ അല്‍ഫോന്‍സ് പെനോദിന്റെ പ്രശസ്തമായ കണ്ടുപിടുത്തത്തിന്റെ ഒരു മോഡലായിരുന്നു അത്. കോര്‍ക്കും മുളയും പേപ്പറും ഉപയോഗിച്ച് നിര്‍മിച്ച ആഹെലിക്കോപ്റ്ററിന്റെ റോട്ടര്‍ തിരിക്കാന്‍ ഒരു റബര്‍ ബാന്‍ഡുമുണ്ടായിരുന്നു. ഈ കളിപ്പാട്ടം ഏറെ ഇഷ്ടപ്പെട്ടു വില്‍ബറിനും ഓര്‍വിലിനും. അത് പൊളിയുന്നതുവരെ കളിച്ച ശേഷം അവര്‍ അതിനു സമാനമായ മറ്റൊരു മോഡലുണ്ടാക്കി. പറക്കണമെന്ന തങ്ങളുടെ സ്വപ്നത്തിന് തുടക്കം കുറിച്ചത് ആ ഹെലിക്കോപ്റ്ററിനോട് തോന്നിയ ആകര്‍ഷണമാണെന്ന് പിന്നീട് റൈറ്റ് സഹോദരന്മാര്‍ പറഞ്ഞിട്ടുണ്ട്.

ആകാശത്തില്‍ പറക്കണമെന്ന മോഹം മനസില്‍ വീണതോടെ വ്യോമയാന രംഗത്തെക്കുറിച്ച് കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കാന്‍ തുടങ്ങി വില്‍ബര്‍. അടുത്തുള്ള ലൈബ്രറികളിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് വാഷിംഗ്ടണ്‍ ഡിസിയിലെ സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനെയും സമീപിച്ചു. വര്‍ഷങ്ങളോളം മോട്ടറുകളും സൈക്കിളുകളും പ്രിന്റിംഗ് പ്രസും ഉള്‍പ്പെടെ വിവിധയിനം മെഷീനറികളെക്കുറിച്ച് പഠിക്കാനും അവര്‍ ശ്രദ്ധിച്ചു, വിജയത്തിന് ആവശ്യമായ സാങ്കേതിക വിജ്ഞാനം നേടാന്‍ ഇത് സഹായകമായി. 1899 മുതല്‍ ആയിരക്കണക്കിന് പരീക്ഷണ പറക്കലുകളാണ് ഇവര്‍ നടത്തിയത്. ഇരുന്നൂറിലേറെ വ്യത്യസ്ത ചിറകുകളാണ് 1901-ല്‍ മാത്രം ഇവര്‍ ടെസ്റ്റ് ചെയ്തത്, അടുത്ത വര്‍ഷം എഴുന്നൂറിലേറെ ഗ്ലൈഡറൂകളും. ഈ പരീക്ഷണങ്ങള്‍ക്ക് വേണ്ട ചെലവ് കണ്ടെത്തിയിരുന്നത് അവരുടെ സൈക്കിള്‍ കടയിലെ വരുമാനത്തില്‍ നിന്നായിരുന്നു.

പക്ഷികളുടെ പറക്കലില്‍ നിന്നും പു തിയ പാഠങ്ങള്‍ പഠിച്ചും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയും ഒടുവില്‍ 1903 ഡിസംബര്‍ 17ന് അവരുടെ ആദ്യത്തെ വിമാനം പറന്നുയര്‍ന്നു. ആധുനിക വ്യോമയാന മേഖലയുടെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന റൈറ്റ് സഹോദരന്മാരില്‍ വില്‍ബറിന് അന്ന് പ്രായം 35, ഓര്‍വിലിന് 32. ഇവരുടെ കഴിവും അധ്വാനവും ഗതാഗത മേഖലയില്‍ വിപ്ലവമാണുണ്ടാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ