2020, ജൂലൈ 7, ചൊവ്വാഴ്ച

ആത്മീയതയുടെ ഇരുണ്ടവശങ്ങൾ


യഥാർത്ഥത്തിൽ ഇനി പറയാൻ പോകുന്നത് ആത്മീയതയുടെ ഇരുണ്ടവശങ്ങൾ അല്ല ആത്മീയത എന്ന് നാം കരുതുന്നതിന്റെ ഇരുണ്ട വശങ്ങൾ ആണ്. പലപ്പോഴും ആത്മീയത യാഥാർത്ഥ്യങ്ങളിൽ നിന്ന് മാറി നിൽക്കാനുള്ള ഒരു ഇടത്താവളം മാത്രമാണ്. 'സ്വർഗ്ഗം' എന്നൊക്കെ പറയുന്ന പോലെ നമ്മൾ എത്തിച്ചേരുന്ന ഒരു ഉയർന്ന തലത്തെ കുറിച്ചുള്ള മധുരസ്മരണകളാൽ വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ മറക്കാനുള്ള ഉപാധി. യഥാർത്ഥത്തിൽ എന്താണോ നമ്മുടെ പൂർവികർ ആത്മീയമായ ജീവിതം കൊണ്ട് അർത്ഥമാക്കിയത് അതിന് തികച്ചും വിരുദ്ധമാണ് ഇത്തരം ആത്മീയത.John Wellwood എന്ന psychologist ഇതിനെ 'Spiritual Bypassing' എന്ന പേരിലാണ് വിശേഷിപ്പിച്ചത്.

എന്താണ് ഇങ്ങിനെ സഞ്ചരിക്കുന്നതിന്റെ ലക്ഷണങ്ങൾ..? ആത്മീയർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും കടന്ന് പോയിട്ടുള്ള അവസ്ഥകൾ ആകാം ഇതിൽ പലതും അത് കൊണ്ട് വിഷമിക്കേണ്ട കാര്യം ഒന്നുമില്ല. ഇതിനെക്കുറിച്ച് ബോധവാന്മാർ ആകുക എന്നതാണ് പ്രാധാന്യം. മറ്റൊരാളോട് സത്യസന്ധത പുലർത്താൻ കഴിഞ്ഞില്ലെങ്കിലും നമ്മളോട് സത്യസന്ധത പുലർത്തുക. ഇതിൽ പറയുന്ന എല്ലാ അവസ്ഥകളിലൂടെയും ഞാൻ കടന്ന് പോയിട്ടുണ്ട് അല്ലെങ്കിൽ കടന്ന് പോയവരെ കണ്ടിട്ടുണ്ട്, അത് കൊണ്ട് തന്നെയാണ് കൃത്യമായി പറയാൻ സാധിക്കുന്നതും.

1. ആത്മീയ ഈഗോ

ആത്മീയനായ വ്യക്തി മറ്റുള്ളവരെക്കാൾ ഉയർന്ന ബോധമുള്ളവനാണ്... മറ്റുള്ളവരുടെ ചിന്താഗതികൾ തന്നെക്കാൾ താഴ്ന്നതാണ്... എന്നിങ്ങനെയുള്ള ചിന്തകളെയാണ് ആദ്യം നേരിടേണ്ടത്. അത് പോലെ തന്നെയാണ് എന്റെ ഗുരു മറ്റുള്ളവരെക്കാൾ ഉയർന്നവനാണ്, ബോധപ്രാപ്തനാണ്, എന്റെ പരമ്പര വളരെ ശ്രേഷ്ഠമാണ് എന്ന ചിന്തകളും. ആരെയും വിധിക്കാതിരിക്കുക...നിന്ദിക്കാതിരിക്കുക ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ആത്മീയമായ ഈഗോയിൽ നിന്ന് രക്ഷപ്പെടാം.

2. വൈകാരികമായ നിഷേധങ്ങൾ

ആത്മീയമായ പാതയിൽ സഞ്ചരിക്കുന്ന വ്യക്തിയ്ക്ക് ചില വികാരങ്ങൾ മാത്രമേ പാടുള്ളൂ എന്ന് നാം നിശ്ചയിക്കും. അതല്ലാതെ വരുന്ന എല്ലാ വികാരങ്ങളെയും കഷ്ടപ്പെട്ട് അടിച്ചമർത്തും. പല ആത്മീയ സാധകരും മാനസികമായ പ്രശ്നങ്ങൾ നേരിടുന്നതിന്റെ പ്രധാന കാരണം ഇത് തന്നെയാണ്. എല്ലാ വികാരങ്ങളെയും തന്നെ കൂടുതൽ അറിയാനുള്ള അവസരമായി സ്വീകരിക്കുക. നമ്മുടെ ഋഷിവര്യന്മാരെ നോക്കിയാൽ അവരെല്ലാം ക്രോധവും, കാമവും, ദുഖവും എല്ലാം പ്രകടിപ്പിച്ചിരുന്നതായി കാണാം. ഒരു വികാരത്തിലൂടെ പൂർണമായും കടന്ന് പോകുമ്പോൾ മാത്രമാണ് അത് പരിവർത്തനപ്പെടുന്നത് അടിച്ചമർത്തുമ്പോൾ അല്ല. 'രസ സാധന' തന്ത്രത്തിലെ ഒരു ഉപാസന പദ്ധതിയും കൂടിയാണ്.

3. ആത്മീയ നിദ്രാടനം

ഭൂരിഭാഗം പേരും ഏതെങ്കിലും പ്രഭാഷണം കേട്ടോ പുസ്തകങ്ങൾ വായിച്ചോ ആകും ആത്മീയതയിൽ ആകൃഷ്ടരാകുക. എന്നാൽ കുറച്ചു കഴിഞ്ഞാൽ എന്താണ് തന്റെ ലക്ഷ്യം എന്ന് മറന്ന് വായനകളും ചർച്ചകളും മാത്രമായി ഒരു സ്വപ്നലോകത്തിൽ അകപ്പെടുന്നു.

4. ആത്മീയ ഒളിച്ചു കടത്തലുകൾ

ഇന്ന് പലരും തന്ത്രശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെടുവാൻ ഒരു പ്രധാന കാരണം തനിക്ക് പ്രിയങ്കരമായ മാംസം, മത്സ്യം, മദ്യം, രതി ഇവയെല്ലാം ഒരു ആത്മീയ പരിവേഷം നൽകി ആസ്വദിക്കാം എന്നതിനാൽ ആണ്. തന്ത്ര മണ്ഡലത്തിൽ ഈ വസ്തുക്കൾ ഉപയോഗിക്കുന്ന പദ്ധതികൾ സാധകന്റെ തലം അനുസരിച്ച് വ്യത്യസ്തമാണ്. ഭൗതികമായ ആസ്വാദനത്തിന് അവിടെ ഒരു പ്രാധാന്യവും ഇല്ല.

5 ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറൽ

'എല്ലാം വിധി പോലയെ വരൂ. ഞാൻ ഒന്നും ചെയ്യേണ്ടതില്ല' - ഈ ധാരണ ഏറ്റവും അപകടം പിടിച്ചതാണ്. ഈശ്വരനോടുള്ള സമർപ്പണം നമ്മുടെ കഴിവിനെ ഏറ്റവും പൂർണതയിൽ ഉപയോഗിക്കുക എന്നതിൽ ആണ് അടങ്ങിയിരിക്കുന്നത്. സ്വധർമ്മത്തിന് ഏറ്റവും പ്രധാന്യം നല്കിയിട്ടുള്ളതും അത് കൊണ്ട് തന്നെയാണ്.

6. ഫേസ്ബുക്ക് ആത്മീയത

ജീവിതത്തിൽ പരാജയപ്പെട്ട് ഇരിക്കുന്ന വ്യക്തികൾക്ക് പോലും ഫേസ്ബുക്കിൽ ആത്മീയത പറഞ്ഞു കയ്യടി വാങ്ങാം എന്നതാണ് രസകരം. തനിക്ക് പുറത്ത് ലഭിക്കാത്ത അംഗീകാരം ഇത്തരം ആത്മീയ കൂട്ടായ്മകളിൽ നിന്ന് കിട്ടുമ്പോൾ താൻ ബോധപ്രാപ്തനായി എന്ന് വരെ ഇവർക്ക് തോന്നിതുടങ്ങും.

'ശ്രദ്ധ' ഇതൊന്ന് മാത്രമാണ് ആത്മീയതയിലെ ഈ ചതിക്കുഴികൾ മനസ്സിലാക്കുന്നതിന് ഒരേയൊരു വഴി. സ്വന്തം ജീവിതത്തെ കൃത്യമായി വിലയിരുത്തുക പരിവർത്തനത്തിന് ശ്രമിക്കുക...

പൂർണ്ണ ശൂന്യനാകുക


ശ്രീ ബുദ്ധൻ കണ്ടുപിടിച്ച അത്യഗാധമായ ധ്യാനങ്ങളിൽ ഒന്നിതാകുന്നു.

''പൂർണ്ണ ശൂന്യനാകുക.'' ആരുമല്ലാത്തവനാകുക, ആരുമില്ലാത്തവ നാകുക, ഒന്നുമല്ലാത്തവനാകുക, ഒന്നു മില്ലാത്തവനാകുക.

അത്യുന്നതമായ ശൂന്യതയത്രെ യഥാർത്ഥമായ പൂർണ്ണത.

മനസ്സെന്ന പാത്രം ചിന്തകളാൽ സദാ പൂരിതമാണല്ലോ....! രണ്ടു ചിന്തകൾക്കിടയിൽ , ''ശൂന്യതയുണ്ട്''. ഇതു തിരിച്ചറിയാൻ..... ശ്രദ്ധയും, അഭ്യാസവും ആവശ്യമാണ് .

രമണമഹർഷിയുടെ ഉപദേശം ഇവിടെ ശ്രദ്ധേയമാണ്....''ചുമ്മാ ഇരു''.

ചുമ്മാ ഇരുന്ന് ചിന്തകളെ നിരീക്ഷിച്ചാൽ , ചിന്തകൾക്കിടയിലെ ശൂന്യതയെ കാണുകയും, അനുഭവിക്കുകയും, അതിന്റെ വ്യാപ്തി കൂട്ടുകയും, അതായി തീരുകയും ചെയ്താൽ.... ''ബുദ്ധനായി തീർന്നിടാം''... ''ഉണർന്നവനാകാം'' .... ''സ്വതന്ത്രനാകാം''....

2020, ജൂലൈ 4, ശനിയാഴ്‌ച

പ്രകാശത്തിൽ നിറയട്ടെ


ശാന്തമായ വെള്ളത്തിൽ മാത്രമേ രാത്രിയിൽ ചന്ദ്രൻ പ്രതിഫലിച്ചു കാണാൻ കഴിയു , അതുപോലെ ശാന്തമായ മനസ്സിൽ മാത്രേ പ്രകാശം കാണാൻ കഴിയു, ശാന്തമായി ഇരുന്നു ഉള്ളിലെ പ്രകാശം കാണുക , പരമസന്തോഷത്തിൽ ജീവിക്കുക , പ്രകാശത്തിൽ നിറയട്ടെ.

2020, ജൂലൈ 2, വ്യാഴാഴ്‌ച

സാമ്പത്തിക ഭദ്രത + ആത്മീയ അനുഭവം


ആത്മീയ അനുഭവം ആഗ്രഹിക്കുന്നവർ പലപ്പോഴും സാമ്പത്തിക ഭദ്രത ആഗ്രഹിക്കാറില്ല.

ഭാവിയെ കുറിച്ച് ചിന്തിക്കാതെ തനിക്കുള്ളത് മുഴുവൻ പങ്കുവെക്കാൻ അവർ തയ്യാറാകുന്നു.

എന്നാൽ *ശാന്തമായ മനസ്സ്* ആത്മീയ ഉന്നതി ആഗ്രഹിക്കുന്നവർക്ക് പ്രധാനമാണ്. അതിന് സാമ്പത്തിക ഭദ്രത (Positive Money ) നമ്മുടെ സമൂഹത്തിൽ അനിവാര്യമാണ്.

പോരായ്മകളിൽ ദുഃഖിക്കുന്ന മനസ്സിന് ആത്മീയത വിദൂര സ്വപ്നം മാത്രമാണ്.

ബോധശാസ്ത്രത്തിൽ പറയുന്ന ഒരു പ്രധാന തത്വശാസ്ത്രമാണ് *കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്* എന്നത്. രണ്ടും മനസ്സിനെ അസ്വസ്ഥമാകുന്നു.

ഒരു ലക്ഷം രൂപ പോസിറ്റീവ് പണം കൈവശം ഉള്ളയാൾ 1000 രൂപ കടമായി നൽകിയാൽ അത് അദ്ദേഹത്തിന്റെ മനസ്സിനെ ബാധിക്കില്ല.

എന്നാൽ ഏറ്റവും അടുത്ത സുഹൃത്തിനെ അല്ലെങ്കിൽ ബന്ധുവിനെ രണ്ട് ലക്ഷം രൂപ നൽകി സഹായിച്ചാലോ. *സംഗതി കൈവിട്ടു പോകും.*

ആത്മീയ ഉന്നതി ആഗ്രഹിക്കുന്നവർക്ക് ഇത്തരം പരീക്ഷണം വരുന്നത് *സ്വാഭാവികം മാത്രമാണ്.* മനസ്സ് ഇപ്പോഴും മമതാബന്ധങ്ങളിൽ ബന്ധിതനാണോ എന്ന പരീക്ഷണം ആണ് വരുന്നത്.

അത് തിരിച്ചറിയാൻ ആ സമയത്തു കഴിയുമ്പോൾ മാത്രമാണ് ആ വ്യക്തിക്ക് ആത്മീയമുന്നേറ്റം സാധ്യമാകുന്നത്.

നന്ദി

വെറുതെ കൊടുത്താല്‍ അത് കൊടുക്കുന്നയാള്‍ വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും


ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്നപ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായിരുന്നു അയാളുടെ പരാതി. കുറെയേറെ നേരം അയാള്‍ ബുദ്ധനെ ഭള്ളു പറഞ്ഞു. ധ്യാനത്തില്‍ നിന്നുണര്‍ന്നു കഴിഞ്ഞിട്ടും ബുദ്ധന്‍ ചിരിച്ചു കൊണ്ടു എല്ലാം കേട്ട് മിണ്ടാതിരുന്നു.

ശകാര വർഷം നടത്തിയ ആള്‍ ഇത് കണ്ടു നിസ്സഹായനായി, അയാളുടെ കോപം ഒന്നടങ്ങിയപ്പോള്‍ ബുദ്ധന്‍ ചോദിച്ചു : മാന്യരേ നിങ്ങള്‍ ഒരാള്‍ക്ക്‌ എന്തെങ്കിലും വെറുതെ കൊടുത്താല്‍ അത് കൊടുക്കുന്നയാള്‍ വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും ?

അയാള്‍ പറഞ്ഞു : താങ്കള്‍ എന്ത് വിഡ്ഢിയാണ് , അയാള്‍ വാങ്ങിയില്ലെങ്കില് കൊടുക്കുന്നയാളിന് തന്നെ അത് തിരിച്ചു കിട്ടും .

ബുദ്ധന്‍ : അപ്പോള്‍ നിങ്ങള്‍ എനിക്ക് കുറച്ചു സമയം ആയി തന്നു കൊണ്ടിരുന്നതൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല, എല്ലാം നിങ്ങൾക്കു തന്നെ കിട്ടിയല്ലോ.

ദേഷ്യം നമ്മെ പാടെ നശിപ്പിക്കും !ഇതുവായിക്കുന്നിടം മുതൽ നാളെ ഇതേ സമയം വരെ ആരോടും ദേഷ്യം കാണിക്കാതിരിക്കാൻ ശ്രമിച്ചാലോ ??

ചിന്ത


ചിന്തയക്കൊരിക്കലും ഏതെങ്കിലുമൊരു മൗലികമായ സത്യത്തിലെത്തിച്ചേരാൻ കഴിയുകയില്ല. ചിന്തയൊരിക്കലും മൗലികമല്ല. അതെല്ലാമിപ്പോഴും ഭൂത കാലത്തിന്റെതാണ്, പഴയതിന്റെതാണ്, അറിയപ്പെടുന്നതിന്റെയാണ്. ചിന്തയ്ക്ക് അറിയപ്പെടാത്തതിനെ സ്പർശിക്കാൻ കഴിയില്ല. അത് അറിയപ്പെട്ടു കഴിഞ്ഞതിന്റെ വൃത്തത്തിൽ കിടന്ന് തിരഞ്ഞു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് സത്യത്തെ അറിഞ്ഞുകൂടാ. നിങ്ങൾക്ക് ദൈവത്തെ അറിഞ്ഞുകൂടാ. അപ്പോൾ നിങ്ങൾക്കെന്താണ് ചെയ്യുവാൻ കഴിയുക? നിങ്ങൾക്കതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയും. നിങ്ങൾ വൃത്തങ്ങളിൽ കിടന്നു വട്ടം ചുറ്റി കൊണ്ടിരിക്കും. നിങ്ങൾക്കതിന്റെ യാതൊരനുഭവത്തിലേക്കും ഒരിക്കലുമെത്തിച്ചേരാൻ കഴിയില്ല. അതിനാൽ കിഴക്കുള്ളവരുടെ ഊന്നൽ ചിന്തിക്കുന്നതിലല്ല മറിച്ച് കാണുന്നതിനാണ്. നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല, എന്നാൽ കാണാൻ കഴിയും. നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് യാതൊരു നിർണയത്തിലുമെത്തിച്ചേരാൻ കഴിയില്ല, എന്നാൽ തിരിച്ചറിയാൻ കഴിയും. അതിലൊരനുഭവം വിവരണങ്ങളിലൂടെ, അറിവിലൂടെ, മത ഗ്രന്ഥങ്ങളിലൂടെ, സിദ്ധാന്തങ്ങളിലൂടെ, തത്വ ചിന്തകളിലൂടെ നേടിയെടുക്കുവാൻ കഴിയില്ല. അറിവുകളിലൂടെ നിങ്ങൾക്കതിനെ അനുഭവിക്കാൻ കഴിയില്ല. എല്ലാ അറിവുകളെയും നിങ്ങൾ വലിച്ചെറിയുകയാണെങ്കിൽ മാത്രമേ നിങ്ങൾക്കത് അനുഭവിക്കാൻ സാധ്യമാവുകയുള്ളൂ. നിങ്ങൾ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും ശേഖരിച്ച് വച്ചിട്ടുള്ളതുമായ എല്ലാറ്റിനെയും.. നിങ്ങളുടെ മനസ് സംഭരിച്ചു വച്ചിട്ടുള്ളതായ എല്ലാ ചപ്പുചവറുകളെയും മുഴുവൻ ഭൂത കാലത്തെയും നിങ്ങൾക്ക് മാറ്റി വയ്ക്കേണ്ടി വരും. അപ്പോൾ നിങ്ങളുടെ കണ്ണുകൾ ശുദ്ധമാകും. അപ്പോൾ നിങ്ങളുടെ ബോധം മേഘാവൃതമല്ലാതാകും. അപ്പോൾ നിങ്ങൾക്കത് കാണാൻ കഴിയും.

ഓഷോ

2020, ജൂലൈ 1, ബുധനാഴ്‌ച

Musk Deer


ഏറ്റവും നല്ല സുഗന്ധമുള്ള പെർഫ്യൂം ആണ് musk.. കോസ്‌റ്റലി ആണ്, സുഗന്ധമാണെങ്കിലോ പറയാനില്ല. ഈ പെർഫ്യൂം ഉണ്ടാകുന്നത് മാനിന്റെ ശരീരത്തിലാണ്... സ്വന്തം ശരീരത്തിലെ ഈ സുഗന്ധം അറിയാതെ, ആസ്വദിക്കാതെ പുറമെ അതിനെ അന്വേഷിക്കുകയാണ് ആ പാവം മാനുകൾ ചെയ്യുന്നത്..

പാവം മാൻ അല്ലെ.. എന്നാൽ നാം മനുഷ്യരോ. ബുദ്ധിമാൻമാർ ആണല്ലേ നമ്മൾ.. എന്നാൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള, അല്ലെങ്കിൽ ലോകം തന്നെ നമുക്ക് കീഴ്‌പ്പെടുത്തി തന്ന നമ്മൾ ആ പാവം മാനിനെ പോലെ തന്നെയല്ലേ.. പുറം ലോകത്തെ സുഖം എത്ര കാലമായി നാം അന്വേഷിക്കുന്നു. കിട്ടിയോ, കിട്ടില്ല എന്നതാണ് പ്രകൃതി നിയമം..

അത് നമ്മുടെ അകത്താണുള്ളത്, യഥാർത്ഥ മസ്ക്, അല്ലെങ്കിൽ ഡയമണ്ട്, അതിനെ അറിഞ്ഞവൻ മാത്രമേ യഥാർത്ഥ സെൽഫ് ലവ് സംഭവിക്കുകയുള്ളൂ.. ഇത് ആത്യന്തിക സത്യമാണ്..

അതിനു മൂന്നു വഴികളാണ് വേദങ്ങളും, ക്വാണ്ടം ഫിസിസ്റ്റുകളൊക്കെ പറയുന്നത്.

അതിൽ ഒന്ന് മനസ്സിനെ എല്ലാ നെഗറ്റീവ് മാലിന്യങ്ങളിൽ നിന്നും (ദേഷ്യം, അസൂയ, പക, വെറുപ്പ്, etc )സംരക്ഷിക്കുക എന്നതാണ്... ഇങ്ങനെ മനസ്സ് ശുദ്ധീകരിച്ചവരുടെ അകത്തു നിന്നും ആ സുഗന്ധം പുറത്തേക്ക് ഒഴുകും. അത് സ്വയം ആസ്വദിക്കുകയും, മറ്റുള്ളവരിലേക്ക് പകരപ്പെടുകയും ചെയ്യും.

.

സ്വയം ഉരുകി തീർന്നു മറ്റുള്ളവർക്ക് പ്രകാശം പരത്തുന്ന ആധുനിക സിദ്ധാന്തത്തിൽ നിന്നും മാറി, സെൽഫ് ലവ് ഉണ്ടാകുകയും, മറ്റുള്ളവർക്ക് പ്രകാശം നൽകുന്ന നക്ഷത്രങ്ങളെ പോലെയായിരിക്കുകയും ചെയ്യും...

,