2021, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

Alexander Fleming and Winston Churchill

സ്കോട്ട്ലന്‍റില്‍ ഫ്ലെമിംഗ് എന്ന് പേരുള്ള ദരിദ്രനായ ഒരു കൃഷിക്കാരനുണ്ടായിരുന്നു.

ഒരു ദിവസം അയാള്‍ പാടത്ത് പണിയെടുത്തു കൊണ്ടിരിക്കെ അടുത്തെവിടെയോ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. കയ്യിലിരുന്ന പണിയായുധങ്ങള്‍ താഴെയിട്ട് അയാള്‍ കരച്ചില്‍ കേട്ട ഭാഗത്തേക്കോടി. വയലിനടുത്തുള്ള ചതുപ്പില്‍ അരവരെ താഴ്ന്നു കഴിഞ്ഞിരുന്ന ഒരു ആണ്‍കുട്ടി "രക്ഷിക്കണേ" എന്ന് ഉറക്കെ നിലവിളിക്കുന്നു.

ഫ്ലെമിംഗ് ആ കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിച്ചു.

പിറ്റേദിവസം രാവിലെ ഫ്ലെമിംഗിന്‍റെ വീടിനു മുന്നില്‍ മനോഹരമായി അലങ്കരിച്ചഒരു കുതിരവണ്ടി വന്നു നിന്നു.

വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച കുലീനത്വമുള്ള ഒരു മനുഷ്യന്‍ വണ്ടിയില്‍ നിന്നിറങ്ങി.

"താങ്കള്‍ ഇന്നലെ രക്ഷപ്പെടുത്തിയത് എന്‍റെ മകനെയാണ്." അയാള്‍ പരിചയപ്പെടുത്തി, "ഞാന്‍ താങ്കള്‍ക്കെന്തു പ്രതിഫലമാണ് നല്‍കേണ്ടത് ?"

"ഏയ്‌, ഒന്നും വേണ്ട. പ്രതിഫലം ആഗ്രഹിച്ചല്ല ഞാനങ്ങനെ ചെയ്തത്" കൃഷിക്കാരന്‍ പറഞ്ഞു.

അപ്പോള്‍ വീടിനുള്ളില്‍ നിന്നും ഒരാണ്‍കുട്ടി പുറത്തേക്കിറങ്ങി വന്നു.

"ഇതാരാ ?" കുതിരവണ്ടിയില്‍ വന്നയാള്‍ ചോദിച്ചു.

"എന്‍റെ മകനാണ്"

"എങ്കില്‍ ഞാന്‍ വേറൊരു നിര്‍ദ്ദേശം പറയട്ടെ ?" ധനികന്‍ പറഞ്ഞു തുടങ്ങി.

"മകനൊരു നല്ല ഭാവിയുണ്ടായിത്തീരണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നില്ലേ ? എന്‍റെ മകനൊപ്പം അവന്‍ പഠിക്കുന്ന സ്കൂളില്‍ത്തന്നെ അതേ സൌകര്യങ്ങളോടെ നിങ്ങളുടെ മകനും പഠിക്കട്ടെ. നിങ്ങളുടെ ഗുണങ്ങള്‍ പകര്‍ന്നു കിട്ടിയിരിക്കുന്നതുകൊണ്ട് അവന്‍ ഭാവിയില്‍ നമുക്ക് രണ്ടാള്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന നിലയില്‍ മിടുക്കനായിത്തീരുമെന്ന് എനിക്കുറപ്പുണ്ട്"

മകന്‍റെ ഭാവിയെക്കരുതി കര്‍ഷകന്‍ സമ്മതിച്ചു.

കൃഷിക്കാരന്‍ ഫ്ലെമിംഗിന്‍റെ മകന്‍ രാജ്യത്തെ ഏറ്റവും നല്ല സ്കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ലണ്ടനിലെ സെന്‍റ് മേരീസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സ്കൂളില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് മാനവരാശിയുടെ വിധിതന്നെ മാറ്റിയെഴുതിയ, നൂറ്റാണ്ടിന്‍റെ കണ്ടുപിടുത്തമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തിയ, പെന്‍സിലിന്‍ എന്ന മഹത്തരമായ കണ്ടുപിടുത്തത്തിനുടമയായി - 1945 ല്‍ വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ സര്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ് !

വര്‍ഷങ്ങള്‍ക്കു ശേഷം ഫ്ലെമിംഗ് എന്ന കര്‍ഷകന്‍ ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ ധനികന്‍റെ മകന്‍ കടുത്ത ന്യുമോണിയ പിടിപെട്ട് മരണശയ്യയിലായി. കര്‍ഷകന്‍റെ മകന്‍റെ കണ്ടുപിടുത്തമായ പെന്‍സിലിന്‍ അയാളുടെ ജീവന്‍ രക്ഷിച്ചു. റാന്‍ഡോള്‍ഫ് പ്രഭു എന്ന ധനികന്‍റെ മകന്‍ പില്‍ക്കാലത്ത്‌ ഇംഗ്ലണ്ട് കണ്ട ഏറ്റവും പ്രതിഭാധനരായ ഭരണാധികാരികളില്‍ ഒരാളായി - സര്‍ വിന്‍സ്ട്ടന്‍ ചര്‍ച്ചില്‍.

ഏതോ മഹാന്‍റെ വാക്കുകള്‍ കടമെടുക്കുന്നു :

- നാം നല്‍കുന്ന അളവുപാത്രത്തില്‍ത്തന്നെയായിരിക്കും നമുക്കും ലഭിക്കുക.

- പ്രതിഫലേച്ഛയില്ലാതെ പ്രവൃത്തിക്കുക.

- ഒരിക്കലും വേദനയറിഞ്ഞിട്ടില്ലാത്തതുപോലെ സ്നേഹിക്കുക.

- ശൂന്യമായ സദസ്സിനു മുന്നിലെന്നപോലെ നൃത്തം ചെയ്യുക.

- ശ്രവിക്കാന്‍ താന്‍ മാത്രമേയുള്ളൂ എന്നതുപോലെ ആസ്വദിച്ചു പാടുക.

- ഈ ഭൂമിയില്‍ത്തന്നെയാണ് സ്വര്‍ഗ്ഗം എന്ന മട്ടില്‍ ജീവിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ