വ്യക്തിയുടെയും ബിസിനസിന്റെയും വളര്‍ച്ചയ്‌ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രശസ്‌ത മോട്ടീവേഷണല്‍ ട്രെയ്‌നറായ പോള്‍ റോബിന്‍സണിന്റെ ബെസ്റ്റ് സെല്ലിംഗ് ഓഡിയോ ബുക്കായ മണി മാഗ്‌നറ്റിസത്തില്‍ നിന്ന് ഒരു ഭാഗം
നമുക്കേവര്‍ക്കും ഒരുപാട് ശീലങ്ങളുണ്ട്. ഇവയെല്ലാം സൃഷ്‌ടിക്കുന്നത് നാം തന്നെയാണ്. പക്ഷേ പിന്നീട് ഈ ശീലങ്ങളാണ് നമ്മെ പുനഃസൃഷ്‌ടിക്കുന്നത്. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും നിശ്ചയിക്കുന്നത് ഈ ശീലങ്ങളാണ്. നമ്മുടെ ജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കുന്നതും ഈ പ്രവര്‍ത്തനങ്ങളാണ്. പണത്തിന്റെ കാര്യത്തിലും നമുക്കെല്ലാവര്‍ക്കും ഓരോ ശീലങ്ങളുണ്ട്. ഉദാഹരണത്തിന് നിക്ഷേപിക്കുന്ന കാര്യത്തിലും പണം ചെലവിടുന്ന കാര്യത്തിലുമെല്ലാം നാം പിന്തുടരുന്ന ശീലം. അല്‍ഭുതമെന്നു പറയട്ടെ പണത്തിന്റെ കാര്യത്തില്‍ നാം പിന്തുടരുന്ന ശീലങ്ങളാണ് നമ്മെ ധനികരും ദരിദ്രരും ആക്കുന്നത്. ഇതില്‍ അതിശയോക്തിയുണ്ടെന്ന് തോന്നാം. പക്ഷേ സത്യം അതാണ്. നാം നമ്മുടെ ശീലങ്ങളെക്കുറിച്ച് വലുതായി ബോധവാന്മാരല്ല എന്നതാണ് ഏറ്റവും ദുഃഖകരമായ സംഗതി.
ധനികര്‍ പണത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന ശീലം നോക്കൂ. ദരിദ്രരില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണത്. ധനികര്‍ അവരുടെ ജീവിതത്തില്‍ പുലര്‍ത്തുന്ന, പിന്തുടരുന്ന ശീലങ്ങളാണ് അവരെ ധനികരാക്കി നിലനിര്‍ത്തുന്നതും. ധനികരുടെ ജീവിതം വിശകലനം ചെയ്‌താല്‍ അവരുടെ പ്രധാനപ്പെട്ട ഏഴ് `മണി ഹാബിറ്റു’കളെ കണ്ടെത്താം. ഈ മണി ഹാബിറ്റുകളാണ് ധനം ആര്‍ജിക്കാനും അത് നിലനിര്‍ത്താനും അവരെ പ്രാപ്‌തമാക്കുന്നത്. ഇതാ ആ ഏഴ് മണി ഹാബിറ്റുകള്‍.
1. ആദ്യം നിങ്ങള്‍ക്കു തന്നെ പണം നല്‍കൂ
ജോര്‍ജ് ക്ലോവ്‌സണിന്റെ ബെസ്റ്റ് സെല്ലറായ `ദി റിച്ചസ്റ്റ് മാന്‍ ഓഫ് ബാബിലോണി’ല്‍ പണം പലിശയ്‌ക്കു നല്‍കുന്നയാള്‍ നല്‍കുന്ന ഒരു ഉപദേശമുണ്ട്. “നിങ്ങള്‍ സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം നിങ്ങള്‍ തന്നെ സൂക്ഷിക്കുക.” മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആദ്യം നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേതനം നല്‍കുക. ബാബിലോണിയന്‍ ലോ ഓഫ് ഫിനാന്‍ഷ്യല്‍ സക്‌സസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
കൂടൂതല്‍ വ്യക്തമായി പറഞ്ഞാല്‍ ആഴ്‌ചയിലെ ഒരു ദിവസം സമ്പാദിക്കുന്നത് നിങ്ങള്‍ നിങ്ങള്‍ക്കായി മാറ്റുക. അത് ഫിനാന്‍ഷ്യല്‍ ഫ്രീഡം എക്കൗണ്ട് എന്ന പേരില്‍ വക മാറ്റി സൂക്ഷിക്കുക. പെട്ടെന്ന് എടുത്ത് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാകരുത് ഈ പണം സൂക്ഷിക്കേണ്ടത്. ഈ എക്കൗണ്ട് നമ്പറിന് ഒരു എ.റ്റി.എം കാര്‍ഡ് പോലും വേണ്ട. ഈ സമ്പാദ്യം വളര്‍ന്ന് പിന്നീടൊരു വരുമാനമായി മാറും. ഒരു നിമിഷം, ഈ ചോദ്യം നിങ്ങളോട് തന്നെ ചോദിക്കൂ. എത്ര തവണ നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ പണം നല്‍കിയിട്ടുണ്ട്?
100 പേരില്‍ വെറും അഞ്ചുപേര്‍ മാത്രമാണ് ആദ്യം സ്വയം വേതനം നല്‍കുന്നവര്‍. മറ്റ് 95 പേര്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല? ഈ ചോദ്യം അവരോട് ചോദിച്ചാല്‍ മറുപടിയിതാകും: അത്തരത്തില്‍ മാറ്റിവെക്കാന്‍ മാത്രം പണം എന്റെ കൈവശമില്ല. “ആകെ ദാരിദ്ര്യമാണ്, എന്റെ കൈയില്‍ ബാക്കിയൊന്നുമില്ല,” നിങ്ങള്‍ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമിത്. ഇനി ധനികരെ നോക്കൂ. അവര്‍ ഏറ്റവുമാദ്യം ശ്രദ്ധിക്കുന്നത് അവരവരെ തന്നെയാണ്. അവര്‍ക്കറിയാം അവര്‍ ആടുന്ന നാടകത്തിലെ നായകന്‍ അവര്‍ തന്നെയാണെന്ന്. ദരിദ്രരാകട്ടെ സ്വന്തം ജീവിതത്തിലെ എക്‌സ്‌ട്രാ നടന്മാരുടെ സ്ഥാനമാണ് സ്വയം കല്‍പ്പിച്ച് സ്വന്തമാക്കിയിരിക്കുന്നത്.
ധനികനാകണമെങ്കില്‍ ആദ്യം നിങ്ങള്‍ക്കു തന്നെ ചെക്കെഴുതൂ. രണ്ടാമതായി നിങ്ങളുടെ നികുതികള്‍ നല്‍കൂ. മൂന്നാമതായി ലൈഫ്‌സ്റ്റൈല്‍ ബജറ്റിനുള്ള തുക വക മാറ്റൂ. നാലാമതായി നിങ്ങളുടെ ബില്ലുകള്‍ക്കുള്ള തുക മാറ്റിവെക്കുക.
2. സമ്പാദിക്കുക, നിക്ഷേപിക്കുക
എന്തുകൊണ്ടാണ് ചിലര്‍ മറ്റുള്ളവരെ അപേക്ഷിച്ച് പത്തുമടങ്ങ് സമ്പാദിക്കുന്നത്? അവര്‍ പത്തുമടങ്ങ് അധ്വാനശീലരായതുകൊണ്ടാണോ? അല്ലെങ്കില്‍ അവര്‍ പത്തുമടങ്ങ് സ്‌മാര്‍ട്ടായതുകൊണ്ടോ? തീര്‍ച്ചയായും അല്ല. സമ്പന്നര്‍ പണം സമ്പാദിക്കുന്നതിനെ ഇഷ്‌ടപ്പെടുന്നു. ഒപ്പം അത് ബുദ്ധിപരമായി ചെലവിടുകയും ചെയ്യുന്നു.
ഭൂരിഭാഗം പേരും പറയുന്ന ഒന്നുണ്ട്. എനിക്ക് സമ്പാദിക്കാന്‍ മാത്രം പണമില്ല. എന്നാല്‍ സമ്പാദ്യശീലം ആരംഭിക്കുന്നതിന് നിങ്ങള്‍ക്ക് എത്ര പണം കൈയില്‍ വരണം. സമ്പാദ്യം ഒരിക്കലും കൈയില്‍ വരുന്ന പണവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. അതൊരു ശീലമാണ്. ഒരു രൂപയാണ് നിങ്ങള്‍ സമ്പാദിക്കുന്നതെങ്കില്‍ പോലും അതൊരു സമ്പാദ്യശീലമാണ്. ഇന്നു തന്നെ തുടങ്ങൂ സമ്പാദ്യശീലം. അതൊരു നിക്ഷേപക്കുടുക്കയിലൂടെയാകാം. എന്നാലും അത് തുടങ്ങിയിരിക്കണം. നിങ്ങള്‍ക്ക് ഒരുപാട് പണം കിട്ടുമ്പോള്‍ നിക്ഷേപിക്കാമെന്ന് ധരിക്കുന്നത് തെറ്റാണ്. അത് സാധിക്കില്ല. ഇപ്പോള്‍ ധനികരായവരോട് നിങ്ങളൊന്നു ചോദിച്ചു നോക്കൂ. അവര്‍ പറയുക അവരുടെ ആദ്യകാല ചെറിയ ചെറിയ നിക്ഷേപങ്ങളെ കുറിച്ചാകും.
സമ്പന്നര്‍ ഓരോ പൈസയെയും പണം വിളയുന്ന മരത്തെ ഉള്ളിലൊതുക്കുന്ന വിത്തായാണ് പരിഗണിക്കുക. അതുകൊണ്ട് തന്നെ അവര്‍ പണത്തെ ബുദ്ധിപരമായി നിക്ഷേപിക്കുന്നു. പണം വീണ്ടും പണത്തെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. വിതയ്‌ക്കാന്‍ വെച്ചിരിക്കുന്ന വിത്തെടുത്ത് അവര്‍ ഭക്ഷിക്കില്ല. എന്നാല്‍ ദരിദ്രരെ നോക്കൂ. അവര്‍ അപ്പപ്പോള്‍ മുന്നില്‍ വരുന്ന ആവശ്യങ്ങള്‍ക്കായി കൈയിലുള്ളതെല്ലാം ചെലവിടും. നിസ്വരായി തുടരും. സമ്പന്നരുടെ പണം പലമടങ്ങ് വര്‍ധിക്കുന്നത് കണ്ട് അല്‍ഭുതം കൊണ്ട് കണ്ണുമിഴിച്ച് നില്‍ക്കും.
സാധാരണക്കാരെ അപേക്ഷിച്ച് ധനികര്‍ അവരുടെ പണത്തെ വീക്ഷിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പണം സമ്പാദിക്കുക, ചെലവിടുക എന്നതിനേക്കാളുപരി പണത്തെ ഒരു മികച്ച നിക്ഷേപ ഉപകരണമായി ഇവര്‍ കാണുന്നു. പണം പലമടങ്ങ് വര്‍ധിപ്പിക്കുകയെന്നതാണ് ഇവരുടെ പ്രഥമ ലക്ഷ്യം. അതിനായി തികച്ചും കരുതലോടെയും ബുദ്ധിപരമായും ഇവര്‍ നിക്ഷേപം നടത്തുന്നു.
ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും തികച്ചും വ്യത്യസ്‌തമായ നിക്ഷേപ മാതൃകകളാണുള്ളത്. ഭൂരിഭാഗം പേരും നേടുന്നത് പൂര്‍ണമായും ചെലവാക്കുന്നു. അപ്പോള്‍ അവരുടെ സമ്പാദ്യം വെറും പൂജ്യമായി മാറും. മാസാദ്യം കിട്ടുന്ന പണം മാസാവസാനത്തോടെ തീര്‍ന്നു പോകുന്നു. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് കടം വാങ്ങുന്നു. അത് തീര്‍ക്കാന്‍ പറ്റാതെ വീണ്ടും കടം വാങ്ങുന്നു. ഇങ്ങനെ ഒന്നുമൊന്നും സമ്പാദിക്കാനാകാതെ അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
എന്നാല്‍ സമ്പന്നര്‍ ഇങ്ങനെയല്ല. അവര്‍ നേടുന്ന പണത്തിന്റെ ഭൂരിഭാഗവും നിക്ഷേപിക്കുന്നു. നിങ്ങള്‍ക്കും സമ്പന്നനാകണോ അവരുടെ പാത പിന്തുടരൂ.
വരുമാനം വര്‍ധിക്കുന്തോറും ചെലവും വര്‍ധിക്കുമെന്നാണ് പാര്‍ക്കിന്‍സണ്‍സ് നിയമം പറയുന്നത്. എത്രത്തോളം കൂടുതല്‍ പണം നിങ്ങള്‍ സമ്പാദിക്കുന്നുവോ അത്രത്തോളം ചെലവും വര്‍ധിക്കും. എങ്ങനെ ഇതിനെ മറികടക്കും? അതിനായി ഇതാ മൂന്നാമത്തെ ശീലം.
3. മിതവ്യയം ശീലിക്കുക
മിതവ്യയം എന്നാല്‍ നിങ്ങളുടെ പണം ബുദ്ധിപൂര്‍വം വിനിയോഗിക്കുകയെന്ന് സാരം. പണം ചെലവിടല്‍ എന്ന കലയില്‍ പ്രാവീണ്യം നേടുകയാണ് സമ്പാദ്യശീലം തുടങ്ങുന്നതിന് ആദ്യം വേണ്ടത്. ലോകത്തെ കോടീശ്വരന്മാരെ നോക്കൂ. അവരെല്ലാം ഇപ്പോഴും ലളിതജീവിതം നയിക്കുന്നവരാണ്. ഐക്കിയയുടെ സ്ഥാപകനായ ഇംഗ്‌വാര്‍ കംപ്രാഡ് ഇപ്പോഴും തന്റെ 15 വര്‍ഷം പഴക്കമുള്ള വോള്‍വോയിലാണ് സഞ്ചാരം. ലോകത്തെ മുന്‍നിര നിക്ഷേപകനും സമ്പന്നനുമായ വാറന്‍ ബുഫെ ഇപ്പോഴും 50 വര്‍ഷം മുമ്പ് വാങ്ങിയ വീട്ടിലാണ് താമസം. അസിം പ്രേംജിയും നാരായണ മൂര്‍ത്തിയുമെല്ലാം നയിക്കുന്നത് ലളിത ജീവിതം തന്നെ.
അമേരിക്കന്‍ ഹാസ്യകാരനും നടനുമായ വില്‍ റോജേഴ്‌സ് ഒരിക്കല്‍ പറഞ്ഞതുപോലെ “കുറേയേറെ ആളുകള്‍ തങ്ങള്‍ ഒരിക്കലും സമ്പാദിക്കാത്ത കുറേ പണം ചെലവിടുന്നു, അവര്‍ക്കാവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നു, അവര്‍ ഇഷ്‌ടപ്പെടാത്തവരില്‍ മതിപ്പുളവാക്കാന്‍ ശ്രമിക്കുന്നു.” ഇതുതന്നെയല്ലേ നമുക്കു ചുറ്റും നടക്കുന്നത്. അമിതവ്യയശീലം നിങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കും.
മിതവ്യയശീലം വളര്‍ത്താന്‍ ആദ്യം നിങ്ങളുടെ ചെലവുകള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതൂ. ഈ പട്ടികയില്‍ ആദ്യമുള്ളതിന് ആദ്യം പണം ചെലവിടുക. ഒരു റഷ്യന്‍ പഴമൊഴിയുണ്ട്. `ചെലവിടാന്‍ പെട്ടെന്ന് സാധിക്കും. സമ്പാദിക്കുകയെന്നത് ദീര്‍ഘമായ കാര്യവും.’ അതുകൊണ്ട് പണം ചെലവിടേണ്ടി വരുമ്പോള്‍ അങ്ങേയറ്റം കരുതലോടെ പ്രവര്‍ത്തിക്കുക. ബുദ്ധിപരമായി തീരുമാനമെടുക്കുക.
ഇത് പ്ലാസ്റ്റിക് മണിയുടെ കാലമാണ്. എന്തും ക്രെഡിറ്റ് കാര്‍ഡ് നല്‍കി വാങ്ങുന്ന ശീലമാണേവര്‍ക്കും. അത് നിര്‍ത്തുക. പണം നല്‍കി സാധനം വാങ്ങുക. കൈയില്‍ നിന്ന് പണം കൊടുക്കുമ്പോള്‍ വാങ്ങുന്ന സാധനം നിങ്ങള്‍ക്ക് ആവശ്യമുള്ളത് തന്നെയാണോയെന്ന് രണ്ടാമതൊന്ന് ചിന്തിക്കും. കടത്തിന്റെ മുകളില്‍ കടം കയറ്റുന്ന രീതിയും ഒഴിവാക്കുക. ഒരിക്കലും നിങ്ങള്‍ക്ക് ആ ചുഴിയില്‍ നിന്ന് മോചിതരാകാന്‍ സാധിക്കില്ല. ഒരു ചെറിയ ചെലവ് പോലും സൂക്ഷിച്ച് ചെയ്യുക. കാരണം ഒരു കപ്പല്‍ മുങ്ങാന്‍ ചെറിയൊരു ലീക്ക് മതി.
ചെറിയൊരു കടമുണ്ടെങ്കില്‍ അത് കുഴിച്ച് വലുതാക്കാന്‍ നോക്കാതെ തീര്‍ക്കാന്‍ നോക്കുക. കുറെ കടങ്ങളുള്ളവര്‍ ചെറിയ ചെറിയ കടങ്ങള്‍ ആദ്യം തീര്‍ക്കുക. അതോടെ ആത്മവിശ്വാസം വരും. വാങ്ങിയ സാധനങ്ങളുടെ പട്ടിക നോക്കാതെ തീര്‍ത്ത കടങ്ങളുടെ പട്ടിക മുന്നില്‍ കാണുമ്പോള്‍ സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും തിരികെയെത്തും. വലിയ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് പണം വാങ്ങാതെയിരിക്കുക. മിതവ്യയം എന്നതിന് സ്വന്തമായൊരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ വേണമെന്ന അര്‍ത്ഥം കൂടിയുണ്ട്. ഒരു റിട്ടയര്‍മെന്റ് പദ്ധതി വേണം. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കുറച്ച് പണം മാറ്റിവെക്കണം. സമ്പന്നര്‍ക്ക് ഒരു സേഫ്‌റ്റി ഡിപ്പോസിറ്റ് ബോക്‌സ് കാണും എപ്പോഴും. അടിയന്തരഘട്ടങ്ങളില്‍ വിനിയോഗിക്കുന്നതിനുള്ള പണമാണ് ഇതില്‍ നിക്ഷേപിക്കുക.
4. സ്വന്തം കാര്യത്തില്‍ ശ്രദ്ധയൂന്നുക
സാമ്പത്തിക കാര്യത്തില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ജോലിയോ ബിസിനസോ ആണ്. സ്വര്‍ണമുട്ടയിടുന്ന താറാവാണ് ഇത്. അതിനെ കൊല്ലരുത്. ജോലിയാണെങ്കിലും ബിസിനസാണെങ്കിലും അതില്‍ അനുനിമിഷം ഉയരാന്‍ നോക്കുക. അതുവഴി കൂടുതല്‍ സമ്പാദിക്കാനാകും. ബിസിനസ് വളര്‍ത്താന്‍ വിഷന്‍ വേണം. എല്ലാ ധനികരും വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്. അവരെപ്പോഴും തങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പ്രചോദിതരായിരിക്കും. ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ച് തലപുകച്ച് നടക്കില്ല ഇവര്‍. ധനികര്‍ എപ്പോഴും അവരുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടേയിരിക്കും. എപ്പോഴും മെച്ചപ്പെടാനുള്ള അവസരങ്ങളുണ്ട്. നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കൂ. ലക്ഷ്യങ്ങള്‍ പിറകെ വരും. ഒരിക്കലും പാതിവഴിയില്‍ വെച്ച് ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കരുത്. ഒപ്പം അച്ചടക്കവും ആസൂത്രണവും ശീലിക്കുക. ധനികര്‍ അവരുടെ പണവും ഊര്‍ജവും സ്വാധീനവുമെല്ലാം ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ് ഉപയോഗിക്കുക. അവര്‍ക്ക് കൃത്യമായ സാമ്പത്തിക ആസൂത്രണവും ഉണ്ടാകും. ഇവര്‍ സാമ്പത്തിക വിദഗ്‌ധരുടെ ഉപദേശങ്ങളും സ്വീകരിക്കും.
5. വിശദമായി പഠിച്ച ശേഷം റിസ്‌കെടുക്കുക
സാമ്പത്തികമായി വളരെ ഉയര്‍ന്നതലത്തിലുള്ളവര്‍, പ്രത്യേകിച്ച് സ്വന്തം പ്രയത്‌നത്താല്‍ ധനികരായവര്‍ക്ക് ഒരു പരിധിവരെയുള്ള തിരിച്ചടികള്‍ താങ്ങാന്‍ ശേഷിയുണ്ടാകും. ഒരു തിരിച്ചടി വന്നാല്‍ അതിന്റെ മറുവശത്തെ സാധ്യതയാകും ഇവര്‍ കാണുക. അത് മുതലെടുക്കുകയും ചെയ്യും. വരാനിടയുള്ള പരമാവധി നഷ്‌ടം കൂടി പരിഗണിച്ചശേഷമാകും ഇവര്‍ റിസ്‌കെടുക്കുക. ഇക്കാര്യത്തില്‍ സാമാന്യബുദ്ധി പ്രയോഗിച്ചാല്‍ മതി. റിസ്‌ക് മാനേജ് ചെയ്യാന്‍ ഇതാ ചില മാര്‍ഗനിര്‍ദേശങ്ങള്‍.
വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് പരമാവധി അറിവുകള്‍ ശേഖരിക്കുക
എല്ലാ മുട്ടയും ഒരു കുട്ടയില്‍ സൂക്ഷിക്കാതിരിക്കുക
ചവയ്‌ക്കാന്‍ പറ്റാത്തത്ര സാധനങ്ങള്‍ വിഴുങ്ങാന്‍ ശ്രമിക്കാതിരിക്കുക
സ്വന്തമായി ബിസിനസ് ചെയ്യാത്തവരെ വിശ്വസിക്കരുത്
സ്വന്തമായി ജോലി ചെയ്യാത്ത ബോസിനെയും വിശ്വസിക്കരുത്.
നിങ്ങള്‍ക്കറിയാത്ത ബിസിനസ് ചെയ്യരുത്.
എളുപ്പത്തില്‍ ധനികനാകാനുള്ള വഴി കേള്‍ക്കുമ്പോള്‍ മനസിലോര്‍ക്കുക അതില്‍ ചതിക്കുഴി കാണും.
ഓര്‍ക്കുക, നിങ്ങളുടെ ഹാര്‍വാര്‍ഡ് എം.ബി.എ ബിരുദത്തേക്കാള്‍ വലുത് സാമാന്യബുദ്ധിയാണ്. നിങ്ങളുടെ ആത്മധൈര്യത്തില്‍ വിശ്വസിക്കൂ. നിങ്ങളുടെ ഉള്ളില്‍ നിന്നുള്ള ശബ്‌ദത്തിന് കാതോര്‍ക്കൂ. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് പദ്ധതി ആവിഷ്‌കരിക്കുക. എല്ലാം നല്ലതായി ഭവിക്കുമെന്ന് വിശ്വസിക്കുക. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സി.ഐ.എ പിന്തുടരുന്ന ഒരു നയമുണ്ട്. “നല്ലത് മാത്രം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുക, ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് ആസൂത്രണം നടത്തുക.” ഒരേ സമയം പ്രായോഗികവാദിയും ശുഭാപ്‌തിവിശ്വാസിയും ആകുക”