2020, ഏപ്രിൽ 4, ശനിയാഴ്‌ച

മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു


*മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു* എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ കഥയുണ്ട്.

റഷ്യയിലെ ഒരു ഗ്രാമത്തിലുള്ള ചെരുപ്പുകുത്തിയുടെയും കുടുംബത്തിന്റെയും ആ കുടുംബത്തിലേക്ക് അവിചാരിതമായി വന്നെത്തുന്ന ഒരു അപരിചിതന്റെയും കഥ. ശൈത്യകാലത്ത് തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഒരു പുതപ്പ് വാങ്ങാനായി കുറെ നാളായി സ്വരൂപിച്ച കാശുമായി ചെരുപ്പുകുത്തി, പുതപ്പ് വിൽപനക്കാരന്റെ അടുത്തേക്ക് പോവുന്നു. പക്ഷേ, കാശ് തികയാത്തതിനാൽ അയാൾ ചെരുപ്പുകുത്തിക്ക് പുതപ്പ് നൽകാൻ തയ്യാറല്ല. ആ നിരാശയിൽ ചെരുപ്പുകുത്തി വരുന്ന വഴിക്ക് കള്ള് ഷാപ്പിൽ കയറി മദ്യപിക്കുന്നു. മദ്യം പകർന്നു നൽകിയ ചൂടിൽ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ വഴിയിലുള്ള ഒരു കപ്പേളയുടെ മുന്നിൽ ചെരുപ്പുകുത്തി ആ വിചിത്ര ദൃശ്യം കാണുന്നു.

ഒരു ചെറുപ്പക്കാരൻ പൂർണ്ണ നഗ്നനായി കപ്പേളയ്ക്ക് മുന്നിൽ കിടക്കുന്നു. പേടി മൂലം ചെരുപ്പുകുത്തി ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് പോയില്ല. അയാൾ വീട്ടിലേക്ക് തിടുക്കത്തിൽ നടന്നു. പക്ഷേ, അപ്പോൾ പൊടുന്നനെ അയാളിൽ ഒരു ചോദ്യമുയർന്നു. ആ ചെറുപ്പക്കാരൻ എങ്ങിനെയാണ് നഗ്നനായത്? അയാൾ ചിലപ്പോൾ വിശപ്പ് മൂലം മരിച്ചു പോയേക്കാം. ദരിദ്രനായ തന്നെ ആ ചെറുപ്പക്കാരൻ എന്തായാലും കൊള്ളയടിക്കാനൊന്നും പോകുന്നില്ല. ചെരുപ്പുകുത്തി തിരിച്ചു നടന്നു. ആ ചെറുപ്പക്കാരന് തന്റെ കോട്ടൂരിക്കൊടുത്തു. എന്നിട്ട് അയാളെയും കൂട്ടി വീട്ടിലേക്ക് നടന്നു. ഭർത്താവ് പുതപ്പുമായി വരുന്നതും കാത്തിരുന്ന ചെരുപ്പുകുത്തിയുടെ ഭാര്യ കണ്ടത് ഭർത്താവ് വേറൊരു ദാരിദ്ര്യവാസിയെയും കൂട്ടി വരുന്നതാണ്. കൈയ്യിലുണ്ടായ കാശിന് കള്ളും കുടിച്ച് ഒരു അലവലാതിയെയും കൂട്ടി വരുന്ന ഭർത്താവിനോട് അവർക്ക് വല്ലാത്ത വെറുപ്പ് തോന്നി. വീട്ടിൽ ആകെയുള്ള ഒരു കഷ്ണം അപ്പം അവരെടുത്ത് മാറ്റിവെച്ചു. അടുത്ത രണ്ടു ദിവസമെങ്കിലും കുടുംബത്തിന് വിശപ്പടക്കാനുള്ള അപ്പമാണിത്. വഴിയിൽ കിടക്കുന്ന തെണ്ടികളെയൊക്കെ വീട്ടിൽ കൊണ്ടുവന്നാൽ അവർക്കൊന്നും വെച്ച് വിളമ്പിക്കൊടുക്കാൻ ഇവിടെയൊന്നുമില്ലെന്ന് പറഞ്ഞ് അവർ ഭർത്താവിനോട് ചൂടായി. ചെരുപ്പുകുത്തി ഒന്നും മിണ്ടിയില്ല. കൂടെ വന്ന ചെറുപ്പക്കാരനും ഒന്നും പറഞ്ഞില്ല. പക്ഷേ, അപ്പോൾ ചെരുപ്പുകുത്തിയുടെ ഭാര്യയുടെ ഉള്ളിൽ ആ ചെറുപ്പക്കാരനോട് ദയ തോന്നി. ചിലപ്പോൾ അയാൾ നല്ലവനായിരിക്കും. ദിവസങ്ങളോളം അയാൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. അവർ പെട്ടെന്ന് കുറച്ച് സൂപ്പുണ്ടാക്കി. അപ്പക്കഷ്ണവും, സൂപ്പും അവർ വിളമ്പവെ ആ ചെറുപ്പക്കാരൻ അവരുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു. ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെ വീട്ടിൽ തന്നെ താമസം തുടർന്നു. ചെരുപ്പുകുത്തുന്ന പണി അയാൾ വേഗം പഠിച്ചു. അയാൾ തീർക്കുന്ന ചെരുപ്പുകളുടെ ഖ്യാതി ഗ്രാമത്തിനപ്പുറത്തേക്കും പരന്നു. ചെറുപ്പക്കാരൻ പക്ഷേ, വളരെക്കുറച്ചേ സംസാരിക്കുകയുള്ളു. ഏൽപിക്കുന്ന പണി ചെയ്യും. വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് അപൂർവ്വം. അങ്ങിനെയിരിക്കെ ഒരു ദിവസം പുറത്ത് കുതിരകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ചെരുപ്പ്കുത്തി പുറത്തിറങ്ങി. കുതിര വണ്ടിയിൽ നിന്ന് പ്രഭുവിനെപ്പോലെ തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി. അയാളുടെ പിന്നാലെ ഒരു പൊതിയുമായി ഭൃത്യനും. ഭൃത്യൻ പൊതിയഴിച്ച് ചെരുപ്പ്കുത്തിക്ക് മുന്നിൽ വെച്ചു. '' 20 റൂബിൾ വിലയുള്ള തുകലാണിത്. ജർമ്മനിയിൽ നിന്നും കൊണ്ടുവന്നത്. ഇതുകൊണ്ട് എന്റെ കാലുകൾക്ക് പറ്റിയ മനോഹരമായ ബൂട്ടുകൾ പണിയണം. എന്തെങ്കിലും പാകപ്പിഴയുണ്ടായാൽ നിന്റെ ശിഷ്ടജീവിതം ജയിലിലായിരിക്കും.'' പ്രഭു അട്ടഹസിച്ചു.

ചെരുപ്പുകുത്തി പേടിച്ച് വിറച്ച് ചെറുപ്പക്കാരനെ വിളിച്ചു. ചെറുപ്പക്കാരൻ പ്രഭുവിന് മുന്നിൽ വന്ന് നിന്ന് കാലിന്റെ അളവെടുക്കാൻ തുടങ്ങി. അപ്പോൾ അയാൾ പ്രഭുവിന്റെ പിന്നിലേക്ക് നോക്കി. അവിടെ നിൽക്കുന്ന വേറെ ആരെയോ അയാൾ സസൂക്ഷ്മം നോക്കുന്നതുപോലെയാണ് ചെരുപ്പുകുത്തിക്ക് തോന്നിയത്. പൊടുന്നനെ ചെറുപ്പക്കാരൻ പ്രഭുവിന്റെ മുഖത്തുനോക്കി ചിരിച്ചു. ''ബൂട്ടുകൾ നന്നായില്ലെങ്കിൽ നിന്റെ ഈ ചിരി പിന്നെയുണ്ടാവില്ല.'' പ്രഭു ഒന്നുകൂടി അട്ടഹസിച്ചിട്ട് കുതിരവണ്ടിയിൽ കയറിപ്പോയി. വിശേഷപ്പെട്ട തുകൽ ചെറുപ്പക്കാരൻ എന്താണ് ചെയ്യുന്നതെന്ന് നോക്കിയ ചെരുപ്പുകുത്തി ഞെട്ടിപ്പോയി. ബൂട്ടുണ്ടാക്കുന്നതിനു പകരം സാധാരണ ചെരുപ്പുകളാണ് ചെറുപ്പക്കാരൻ ഉണ്ടാക്കിയിരിക്കുന്നത്. പ്രഭു ബൂട്ട് വാങ്ങാൻ വരുന്നതോടെ തന്റെ കഥ കഴിഞ്ഞെന്ന് ചെരുപ്പുകുത്തി തീർച്ചയാക്കി. നീ എന്തുപണിയാണീ ചെയ്തതെന്ന് ചെരുപ്പുകുത്തി ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ആരോ മുട്ടുന്നതുപോലെ തോന്നി. ചെരുപ്പുകുത്തി വാതിൽ തുറന്നു. മുന്നിൽ പ്രഭുവിന്റെ ഭൃത്യൻ. ''യജമാനത്തി പറഞ്ഞതനുസരിച്ചാണ് ഞാൻ വന്നിരിക്കുന്നത്. പ്രഭുവിന് ബൂട്ടുകൾ ആവശ്യമില്ല. ഇവിടെ നിന്നും പോകുന്ന വഴി അദ്ദേഹം മരിച്ചുപോയി. ഇനിയിപ്പോൾ മരിച്ചവർ ധരിക്കുന്ന സാധാരണ ചെരുപ്പ് മാത്രം മതി.'' ചെരുപ്പുകുത്തി ചെറുപ്പക്കാരനെ അതിശയത്തോടെ നോക്കി. അയാൾ ആ ചെരുപ്പുകൾ പൊതിഞ്ഞെടുത്ത് ഭൃത്യന് കൈമാറി.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും ചെരുപ്പുകുത്തിയെത്തേടി വന്നു. ഇരട്ടക്കുട്ടികൾ. ഒരു പെൺകുട്ടിയുടെ കാലിന് ചെറിയ മുടന്തുണ്ട്. മകളുടെ കാലിനെന്തുപറ്റിയെന്ന് ചെരുപ്പുകുത്തി സ്ത്രീയോട് ചോദിച്ചു. ''എന്റെ മക്കളല്ല ഇവർ. പക്ഷേ, ഇവരെ ഞാനാണ് വളർത്തുന്നത്. ഇവർ എനിക്ക് മക്കളെപ്പോലെ തന്നെയാണ്.'' സ്ത്രീ പറഞ്ഞു. അപ്പോൾ ചെറുപ്പക്കാരൻ അത്യധികം ശ്രദ്ധയോടെ ആ കുട്ടികളെ നോക്കി. ചെരുപ്പുകുത്തി നോക്കുമ്പോൾ ചെറുപ്പക്കാരൻ പുഞ്ചിരിക്കുന്നു. തന്റെ വീടിനടുത്തുള്ള ഒരു കുടുംബത്തിലേതാണ് ഈ കുട്ടികളെന്നും കുട്ടികളുടെ അമ്മയും പിതാവും മരിച്ചതുകാരണം താനാണ് ഈ കുട്ടികളെ വളർത്തുന്നതെന്നും സ്ത്രീ പറഞ്ഞു. ചെറുപ്പക്കാരൻ കുട്ടികളുടെ കാലിന്റെ അളവെടുത്തു. കുട്ടികളും സ്ത്രീയും തിരിച്ചുപോയി. അടുത്ത ദിവസം ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെ അടുത്തുവന്നിട്ട് പറഞ്ഞു. ''ദൈവം എന്നോട് ക്ഷമിച്ചിരിക്കുന്നു. ഞാൻ തിരിച്ചുപോവുകയാണ്.''

ചെരുപ്പുകുത്തി ചെറുപ്പക്കാരനാേട് പറഞ്ഞു. "നിങ്ങൾ സാധാരണക്കാരനല്ലെന്ന് എനിക്കറിയാം. നിങ്ങളെ ഇവിടെ പിടിച്ചുനിർത്താനാവില്ലെന്നും എനിക്കറിയാം. പക്ഷേ, ഒരു ചോദ്യത്തിന് നിങ്ങൾ മറുപടി പറഞ്ഞാൽ ഉപകാരമാവുമായിരുന്നു. ഇവിടെ വന്ന ശേഷം മൂന്നേ മൂന്നു തവണയേ നിങ്ങൾ ചിരിച്ചിട്ടുള്ളു. ഭക്ഷണം വിളമ്പിതന്നപ്പോൾ എന്റെ ഭാര്യയുടെ നേർക്ക് നോക്കി നിങ്ങൾ ആദ്യം ചിരിച്ചു. രണ്ടാമത് നിങ്ങൾ ചിരിച്ചത് ആ പ്രഭു വന്നപ്പോഴാണ്. ആ സ്ത്രീയും കുട്ടികളും വന്നപ്പോൾ നിങ്ങൾ മൂന്നാം വട്ടം ചിരിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ ചിരിച്ചത്?" ''നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ സാധാരണക്കാരനല്ല" ചെറുപ്പക്കാരൻ പറഞ്ഞു.. ''ഞാൻ ഒരു മാലാഖയാണ്. ഒരു ദിവസം ദൈവം എന്നോട് ഭൂമിയിൽ പോയി ഒരു സ്ത്രീയുടെ ആത്മാവ് കൊണ്ടുവരാൻ പറഞ്ഞു. ഞാൻ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. അവർ പ്രസവിച്ചിട്ട് അധികം സമയമായിട്ടുണ്ടായിരുന്നില്ല. രണ്ട് പെൺകുഞ്ഞുങ്ങൾ. എന്നെക്കണ്ടപ്പോൾ അവർക്ക് കാര്യം പിടികിട്ടി. തന്റെ ജിവനെടുക്കരുതെന്നും രണ്ടു ദിവസം മുമ്പാണ് തന്റെ ഭർത്താവ് മരിച്ചതെന്നും ഇപ്പോൾ താൻ കൂടി മരിച്ചാൽ ഈ കുട്ടികൾക്ക് വേറെയാരുമുണ്ടാവില്ലെന്നും പറഞ്ഞ് അവർ കരഞ്ഞു. അവരുടെ കരച്ചിൽ കേട്ട് ഞാൻ തിരിച്ചുപോയി. സ്ത്രീയുടെ ജീവൻ എടുക്കാതെ വന്നതിന് ദൈവം എന്നെ ശാസിച്ചു. തിരിച്ചുപോയി അവരുടെ ജീവൻ എടുത്തിട്ട് വരാൻ ദൈവം പറഞ്ഞു. എന്നിട്ട് ദൈവം ഒരു കാര്യം കൂടി പറഞ്ഞു. മനുഷ്യർ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന് നീ മനസ്സിലാക്കണം. അതിന് നീ കുറച്ചു നാൾ ഭൂമിയിൽ താമസിക്കണം. ഞാൻ ഭൂമിയിലേക്ക് പോയി... ആ സ്ത്രീയുടെ ജീവനെടുത്തു. പക്ഷേ, അവരുടെ ജിവനുമായി തിരിച്ച് പറക്കുമ്പോൾ എന്റെ കൈയ്യിൽ നിന്നും അവരുടെ ആത്മാവ് തനിയെ മുകളിലേക്ക് പോയി. ആരോ തള്ളിയിട്ടതുപോലെ ഞാൻ നിങ്ങളുടെ വീടിനടുത്തുള്ള കപ്പേളയുടെ മുന്നിൽ വന്നുവീഴുകയും ചെയ്തു.

അവിടെ ഞാൻ കിടക്കുമ്പോൾ നിങ്ങൾ ദയ തോന്നി എന്ന വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ നിങ്ങളുടെ ഭാര്യ ആദ്യം വഴക്കു പറഞ്ഞെങ്കിലും ദയ തോന്നി ഭക്ഷണം തന്നു. മനുഷ്യർ ജിവിക്കുന്നതിന്റെ ഒരു കാരണം ദയ ആണെന്ന് ദൈവം എന്നെ പഠിപ്പിക്കുകയായിരുന്നു. ആ തിരിച്ചറിവിലാണ് ഞാൻ നിങ്ങളുടെ ഭാര്യയുടെ മുഖത്തു നോക്കി ചിരിച്ചത്. പിന്നെ ഞാൻ ചിരിച്ചത് പ്രഭു വന്നപ്പോഴാണ്. പ്രഭു നിങ്ങളോട് അട്ടഹസിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അയാളുടെ പിന്നിലുണ്ടായിരുന്ന മരണത്തിന്റെ മാലാഖയെയാണ്. പ്രഭു മരിക്കാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. അയാൾക്ക് ശരിക്കും വേണ്ടി വരിക ബൂട്ടുകളെല്ലന്നും മരിക്കുന്നവർ ഇടുന്ന ചെരുപ്പുകളാണെന്നും എനിക്ക് പിടി കിട്ടി. പക്ഷേ, അപ്പോഴും പ്രഭു ബൂട്ടുകളെക്കുറിച്ച് ഒച്ചവെക്കുകയായിരുന്നു. *മനുഷ്യർക്ക് അവർക്ക് യഥാർത്ഥത്തിൽ വേണ്ടതെന്താണെന്ന് അറിയില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് പലപ്പോഴും അവർ ബഹളം വെയ്ക്കുന്നതെന്നും എനിക്ക് മനസ്സിലായി.*

മൂന്നാമത് ഞാൻ ചിരിച്ചത് ആ പെൺകുട്ടികളെ കണ്ടപ്പോഴാണ്. ഇവരുടെ അമ്മയുടെ ജീവനാണ് ഞാൻ എടുത്തത്. ആ സ്ത്രീ മരിച്ചെങ്കിലും അവരുടെ കുഞ്ഞുങ്ങളെ തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രീ എടുത്തു വളർത്തി. അവർക്ക് ഈ കുഞ്ഞുങ്ങളോട് കരുണയും സ്നേഹവുമുണ്ടായിരുന്നതുകൊണ്ടാണ് ഈ കുഞ്ഞുങ്ങൾ മരിക്കാതിരുന്നത്. ഒരാൾ മരിക്കുന്നത് കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും ഈ ലോകത്ത് സ്നേഹമുള്ളിടത്തോളം കാലം മനുഷ്യർ ജിവിക്കുമെന്നുമാണ് ദൈവം എന്നെ പഠിപ്പിച്ചത്.

*സ്നേഹമാണ് ആത്യന്തികമായി ഭൂമിയിൽ മനുഷ്യ ജീവിതം സാദ്ധ്യമാക്കുന്നത്"* ഇതും പറഞ്ഞ് ആ ചെറുപ്പക്കാരൻ മാലാഖയുടെ രൂപം പൂണ്ട് സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോയി.

ജീവിതത്തിന്റെ പൊരുളിനെക്കുറിച്ച് ഇത്രയും മനോഹരമായും ഹൃദയാവർജ്ജകമായും അധികം പേർ എഴുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല. അനുതാപത്തെക്കറിച്ചും, കാരുണ്യത്തെക്കുറിച്ചും, സ്നേഹത്തെക്കുറിച്ചുമാണ് ടോൾസ്റ്റോയ് എഴുതിയത്( കഥയുടെ സൗന്ദര്യം അറിയണമെങ്കിൽ കഥ പൂർണ്ണമായും വായിക്കണം. കഥയുടെ ചുരുക്കം മാത്രമാണിവിടെ കൊടുത്തിരിക്കുന്നത്). ശബ്ദമില്ലാത്തവരുടെ ശബ്ദവും, കാഴ്ചയില്ലാത്തവരുടെ കാഴ്ചയുമാവണം നാമോരുത്തരും. ഈ അനുതാപവും, കാരുണ്യവും, സ്നേഹവും വാക്കുകളിലും പ്രവൃത്തികളിലും നിറയട്ടെ..

ടോൾസ്റ്റോയ് പറഞ്ഞതുപോലെ *ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്നത്.. കാരുണ്യവും, സ്നേഹത്തിൻറ്റെ ഉറവ ഇനിയും ഭൂമിയിൽ നിന്നും വറ്റിയിട്ടില്ല എന്നതുകൊണ്ട് മാത്രമാണ്!*

2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ചക്ക കൊണ്ടുള്ള 50 വിഭവങ്ങൾ


1.ഇടിച്ചക്കത്തോരൻ 🔹ചേരുവകൾ 1. ഇടിച്ചക്ക പ്രായത്തിലുള്ള ചക്ക– ഒന്ന് 2. നാളികേരം–ഒന്ന് (ചിരവിയത്) 3. കടുക്, വറ്റൽ മുളക്, ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്പൂൺ 4. കറിവേപ്പില–ഒരു തണ്ട് 5. വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്പൂൺ 6. മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്പൂൺ വീതം 7. ഉപ്പ്–പാകത്തിന് പാചകം ചെയ്യുന്നവിധം ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. അടുപ്പിൽനിന്ന് എടുക്കും മുമ്പ് വെളിച്ചെണ്ണ അൽപ്പം ഒഴിച്ചു ഇറക്കിവയ്ക്കുക.

2.കൊത്തുചക്കത്തോരൻ 🔹ചേരുവകൾ 1. മൂക്കാത്ത ചക്ക– ഇടത്തരം ചക്കയുടെ കാൽ ഭാഗം 2. തേങ്ങ– ഒരു മുറി 3. മഞ്ഞൾപ്പൊടി–അര ടീസ്പൂൺ മുളകുപൊടി– ഒരു ടീസ്പൂൺ 4. കടുക്– ഒരു ടീസ്പൂൺ വറ്റൽ മുളക്–അഞ്ചെണ്ണം ഉഴുന്നുപരിപ്പ്–ഒരു ടീസ്പൂൺ അരി–രണ്ട് ടീസ്പൂൺ 5. കറിവേപ്പില– നാലു തണ്ട് 6. ഉപ്പ്– പാകത്തിന് 7. വെളിച്ചെണ്ണ – അഞ്ച് ടീസ്പൂൺ 🔹പാചകം ചെയ്യുന്ന വിധം ചൂടായ എണ്ണയിൽ കടുക്, അരി ഇവയിട്ടു മൂക്കുമ്പോൾ അതിലേക്ക് കൊത്തിയരിഞ്ഞ ചക്കയും മഞ്ഞൾപ്പൊടി, മുളകുപൊടി. ഉപ്പ് എന്നിവയും ഇട്ട് വേവിക്കുക. ഇതിൽ തേങ്ങ ചിരവിയത് ചേർത്ത് അഞ്ചു മിനിറ്റ് ആവി കയറ്റുക. തീ അണയ്ക്കുന്നതിനു മുൻപ് വെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക.

3.ചക്ക എരിശേരി 🔹ചേരുവകൾ 1. ചക്ക (ഇടത്തരം)– കാൽ ഭാഗം 2. കുരുമുളകുപൊടി–ഒന്നര ടീസ്പൂൺ 3. മഞ്ഞൾപ്പൊടി–ഒന്നര ടീസ്പൂൺ 4. മുളകുപൊടി– ഒന്നര ടീസ്പൂൺ 5. ഉപ്പ്– പാകത്തിന് 6. വെളിച്ചെണ്ണ– അഞ്ച് ആറ് ടീസ്പൂൺ 7. തേങ്ങ (അരയ്ക്കാൻ)– ഒരു മുറി വറുക്കാൻ– ഒരു തേങ്ങ 8. ജീരകം– ഒരു ടീസ്പൂൺ 9. നെയ്യ്–ഒന്നര ടീസ്പൂൺ 10. കടുക്– രണ്ടു ടീസ്പൂൺ 🔹പാചകം ചെയ്യുന്ന വിധം അരിഞ്ഞു വച്ചിരിക്കുന്ന ചക്ക ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്തു വേവിക്കുക. വെന്തു വരുമ്പോൾ ജീരകം ചേർത്തരച്ച തേങ്ങയും ചേർക്കുക. അതിലേക്ക് നെയ്യിൽ വറുത്ത ജീരകം, കുരുമുളകുപൊടി, കറിവേപ്പില , വറുത്ത തേങ്ങ എല്ലാം ഇളക്കി യോജിപ്പിച്ച് തിളക്കുമ്പോൾ തീയണച്ചു ഇറക്കി വയ്ക്കുക. ചക്ക വേവിച്ചതിൽ വെള്ളം അധികം ഉണ്ടാകാൻ പാടില്ല.

4.ചക്ക മുളോഷ്യം 1. ചക്ക (മൂത്ത ഇടത്തരം)– കാൽ ഭാഗം 2. കുരുമുളകുപൊടി– അര ടീസ്പൂൺ 3. മഞ്ഞൾപ്പൊടി– അര ടീസ്പൂൺ 4. പച്ചമുളക്– ആറ്/ഏഴ് എണ്ണം 5. വെളിച്ചെണ്ണ– രണ്ടു ടീസ്പൂൺ 6. ഉപ്പ്– പാകത്തിന് 7. തേങ്ങ– ഒന്ന് 8. ജീരകം– അര ടീസ്പൂൺ 9. കറിവേപ്പില–മൂന്നു തണ്ട് പാചകം ചെയ്യുന്ന വിധം അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ജീരകവും പച്ചമുളകും ചേർത്ത് അരച്ച തേങ്ങ വെന്ത ചക്കയിലേക്ക് ചേർത്ത് തിളപ്പിക്കുക. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീയണയ്ക്കുക.

5.ചക്കപ്പുഴുക്ക് 1. ചക്ക (വിളഞ്ഞത്)– കാൽ ഭാഗം 2. തേങ്ങ– ഒന്ന് 3. മഞ്ഞൾപ്പൊടി– അര ടീസ്പൂൺ മുളകുപൊടി– ഒരു ടീസ്പൂൺ ജീരകം– അര ടീസ്പൂൺ 4. ചെറിയ ഉള്ളി– 8 /10 ചുള 5. പച്ചമുളക്– 5 / 6 എണ്ണം 6. വെളിച്ചെണ്ണ– രണ്ടു ടീസ്പൂൺ 7. കറിവേപ്പില– അഞ്ചു തണ്ട് 🔹പാചകം ചെയ്യുന്ന വിധം അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് ജീരകം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചതച്ച തേങ്ങയും കൂടി ചേർക്കുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീ ആണയ്ക്കുക. പച്ചമുളകിനു പകരം കൊല്ലമുളക് ഉപയോഗിക്കാം.

6.ചക്കബജി 1. ചക്കച്ചുള (വിളഞ്ഞത്)–10 എണ്ണം 2. കടലമാവ്–50 ഗ്രാം 3. അരിപ്പൊടി–രണ്ടു ടീസ്പൂൺ 4. മുളകുപൊടി–മുക്കാൽ ടീസ്പൂൺ 5. മഞ്ഞൾപ്പൊടി–കാൽ ടീസ്പൂൺ 6. കായപ്പൊടി–കാൽ ടീസ്പൂൺ 7. കുരുമുളകുപൊടി–കാൽ ടീസ്പൂൺ 8. ഉപ്പ്–പാകത്തിന് 🔹പാകം ചെയ്യുന്ന വിധം കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലി മാവിെൻറ പാകത്തിൽ തയാറാക്കുക. ചൂടായ എണ്ണയിൽ ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി വറുത്തെടുക്കുക.

7.ചക്കപ്പലഹാരം 1. പഴുത്ത ചക്ക–അര കിലോ ( ശർക്കരയും നെയ്യും ചേർത്തു വരട്ടിയത്) 2. അരിപ്പൊടി–250 ഗ്രാം 3. തേങ്ങ ചിരകിയത്–ഒരെണ്ണം 4. തേങ്ങ ചെറുതായി നുറുക്കിയത് –കാൽ മുറി 5. എടനയുടെ ഇല അല്ലെങ്കിൽ വാഴയില–20 എണ്ണം 🔹പാചകം ചെയ്യുന്ന വിധം വരട്ടിയ ചക്കയും അരിപ്പൊടിയും തേങ്ങ ചിരകിയതും നുറുക്കിയതും അൽപ്പം നെയ്യും കൂടി കുഴച്ച് യോജിപ്പിക്കുക. എടനയിലയിൽ മാവ് കുറച്ചെടുത്ത് ചുരുട്ടുക. ആവിയിൽ വച്ച് വേവിച്ചെടുക്കുക.

8.ചക്കചീഡ 1. ചക്ക വരട്ടിയത് –250 ഗ്രാം 2. അരിപ്പൊടി–200 ഗ്രാം 3. വെളിച്ചെണ്ണ–അര കിലോ പാകം ചെയ്യുന്ന വിധം ചക്ക വരട്ടിയതും അരിപ്പൊടിയും കൂട്ടി യോജിപ്പിച്ച് ചെറിയ ഉരുളകൾ ആക്കുക. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരുക.

9.ചക്കപ്രഥമൻ 1. ചക്ക വരട്ടിയത്–500 ഗ്രാം 2. ശർക്കര– 3. തേങ്ങ–മൂന്നെണ്ണം 4. ചുക്കുപൊടി–ഒരു ടീസ്പൂൺ 5. ജീരകപ്പൊടി–അര ടീസ്പൂൺ 6. ഏലയ്ക്കാപ്പൊടി–കാൽ ടീസ്പൂൺ 7. തേങ്ങാപ്പാൽ–മൂന്നാംപാൽ (ഒരു ലീറ്റർ), രണ്ടാം പാൽ (മുക്കാൽ ലീറ്റർ), ഒന്നാം പാൽ (കാൽ ലീറ്റർ) 8. നെയ്യ്–അഞ്ച് ടീസ്പൂൺ 🔹പാകം ചെയ്യുന്ന വിധം തേങ്ങ ചിരകി ചതച്ച് മൂന്നു പാലും എടുക്കുക. വരട്ടിയ ചക്കയിൽ ആദ്യം മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങി തലപ്പാൽ ചേർക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തുചേർക്കുക.

10.ചക്ക അട 1. ചക്കപ്പഴം–നുറുക്കിയത് (നാല് ചുളയുടെ) 2. അരിപ്പൊടി–100 ഗ്രാം 3. തേങ്ങ ചിരകിയത്–ഒരു മുറി 4,. ശർക്കര–200 ഗ്രാം 5. ഏലയ്ക്കാപ്പൊടി–കാൽ ടീസ്പൂൺ 6. വാഴയില വാട്ടിയത്–15 എണ്ണം 🔹പാകം ചെയ്യുന്ന വിധം അരിപ്പൊടി ഇഡ്ഡലി മാവിെൻറ പാകത്തിന് കുഴയ്ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ തിരുമ്മിവയ്ക്കുക. വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് ഇലയട ഉണ്ടാക്കുമ്പോൾ മടക്കുന്നപോലെ മടക്കി ആവിയിൽ വേവിക്കുക.

11.ചക്ക വറുത്തത് ചക്കച്ചുള നീളത്തിൽ അരിഞ്ഞത് – നാലിലൊന്നു ഭാഗം (വിളഞ്ഞത്) 2. വെളിച്ചെണ്ണ –ഒരു കിലോ 3. കല്ലുപ്പു കുറച്ച് വെള്ളത്തിൽ കലക്കുക–രണ്ട് ടീസ്പൂൺ 🔹പാകം ചെയ്യുന്ന വിധം വെളിച്ചെണ്ണ തിളച്ചാൽ അരിഞ്ഞ ചക്കച്ചുള ഇടുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. മൂപ്പായി തുടങ്ങുമ്പോൾ ഉപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കിക്കൊടുക്കുക. മൂപ്പ് പാകമായാൽ കോരി എടുക്കുക.

12.ചക്കച്ചമ്മന്തി 1. ചക്ക (ഉണ്ടായി വരുന്ന സമയത്തെ)–2 എണ്ണം 2. തേങ്ങാമുറി–ഒന്ന് 3. കൊല്ലമുളക്–10 എണ്ണം 4. ചെറിയ ഉള്ളി–അഞ്ച് അല്ലി 5. കറിവേപ്പില–ഒരു തണ്ട് 6. ഉഴുന്നുപരിപ്പ്–ഒരു സ്പൂൺ 7. വാളൻ പുളി– ഒരു കുഞ്ഞു നെല്ലിക്കയോളം 8. ഉപ്പ്–പാകത്തിന് 🔹പാകം ചെയ്യുന്ന വിധം ചക്ക കനലിൽ ചുടുക. തേങ്ങ, മുളക്, ഉഴുന്ന്, ഉള്ളി, കറിവേപ്പില എല്ലാം കൂടി വറുക്കുക. എല്ലാം കൂടി പുളിയും കൂട്ടി വെള്ളമില്ലാതെ ചമ്മന്തിപ്പരുവത്തിൽ അരയ്ക്കുക. ഉപ്പ് പാകത്തിനു ചേർക്കുക..

13.ചക്കപ്പപ്പടം മൂത്ത ചക്കച്ചുള –25 എണ്ണം 2. കൊല്ലമുളക്–10 എണ്ണം 3. ജീരകം–ഒരു ടീസ്പൂൺ 4. കായപ്പൊടി–ഒരു ടീസ്പൂൺ 5. ഉപ്പ് – പാകത്തിന് 6. മഞ്ഞൾപ്പൊടി–കാൽ ടീസ്പൂൺ 🔹പാകം ചെയ്യുന്ന വിധം ചക്കച്ചുള കുരുമുളക് , ഉപ്പ് , കുരുമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. വെള്ളം വേവാൻ മാത്രം, കൂടരുത്. ബാക്കി എല്ലാ ചേരുവ കൂടി അരയ്ക്കണം. തുണിയിലോ, പ്ലാസ്റ്റിക് ഷീറ്റിലോ പപ്പടത്തിെൻറ വട്ടത്തിൽ പരത്തുക. മൂന്നു ദിവസം ഉണക്കുക. ഉണങ്ങിയതിനുശേഷം വെള്ളം തളിച്ച് തുണിയിൽനിന്നു പറിച്ചെടുക്കുക. വീണ്ടും ഉണക്കുക. വായുകേറാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.

14.ചക്ക പഴംപൊരി 1. പഴുത്ത വരിക്കച്ചക്ക–10 ചുള 2. മൈദ–കാൽ ടീസ്പൂൺ 3. അരിപ്പൊടി–മൂന്നു ടീസ്പൂൺ 4. പഞ്ചസാര– അഞ്ചു ടീസ്പൂൺ 5. വെളിച്ചെണ്ണ–അരക്കിലോ വറുക്കാൻ ആവശ്യത്തിന് 🔹പാകം ചെയ്യുന്ന വിധം മൈദ, അരിപ്പൊടി, പഞ്ചസാര എന്നിവ ഇഡ്ഡലി മാവ് പാകത്തിൽ വെള്ളമൊഴിച്ചു കലക്കുക. എണ്ണ ചൂടാവുമ്പോൾ ചുളകൾ രണ്ടായി നീളത്തിൽ മുറിച്ച് മാവിൽ മുക്കി വറുത്തെടുക്കുക.

15.ചക്കത്തോരൻ മൂത്ത ചക്കച്ചുള – കാൽ ഭാഗം മുളകുപൊടി – ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി –അര ടീസ്പൂൺ കടുക്–രണ്ടു ടീസ്പൂൺ വറ്റൽ മുളക്–എട്ടെണ്ണം ഉഴുന്നുപരിപ്പ്–അര ടീസ്പൂൺ അരി–രണ്ടു ടീസ്പൂൺ കറിവേപ്പില– നാലുതണ്ട് തേങ്ങ–ഒന്ന് ഉപ്പ്–പാകത്തിന് 🔹പാകം ചെയ്യുന്ന വിധം കടുക്, മുളക്, കറിവേപ്പില, ഉഴുന്ന്, അരി എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചക്കച്ചുളയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് വേവിക്കുക. വേകാൻ മാത്രം കുറച്ച് വെള്ളമൊഴിക്കുക. വെന്തശേഷം ചിരകിയ തേങ്ങ ചേർക്കുക. അതിലേക്ക് പച്ചവെളിച്ചെണ്ണ, കറിവേപ്പില ഇടുക.

16.ചക്ക വറ്റൽ ചക്കച്ചുളയിൽ നിന്നും കുരുനീക്കിയ ശേഷം തിളപ്പിച്ച വെള്ളത്തിലിട്ട ശേഷം കോരിയെടുത്തു വെയിലത്ത് ഉണക്കി ചക്ക വറ്റലായി ഉപയോഗിക്കാം.

17.ചക്ക ഉപ്പേരി ചക്കച്ചുള ചെറുതായി അരിഞ്ഞു ഉപ്പു ചേർത്തു ചൂടായ എണ്ണയിൽ വറുത്തു കോരിയെടുത്തു ഉപയോഗിക്കാം.

18.ചക്കവരട്ടി പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ആവി കയറ്റിയശേഷം ശർക്കര പാവുകാച്ചിയതിലിട്ടു വെള്ളം വറ്റുന്നതു വരെ ചൂടാക്കുക. വെള്ളം വറ്റുമ്പോഴേക്കും നെയ്യ് ചേർക്കണം. തുടർന്നു ഏലയ്ക്കാ പൊടിയും ചേർത്തു തണുപ്പിച്ചു ഉപയോഗിക്കാം.

19.ചക്കപ്പൊരി പഴുത്ത വരിക്ക ചക്കയുടെ ചുള രണ്ടായി മുറിച്ചു ഏത്തയ്ക്കാ അപ്പം ഉണ്ടാക്കുന്ന കൂട്ടിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.

20.ചക്കപഞ്ചമി ചക്കച്ചുള, ചക്കക്കുരു, അച്ചിങ്ങാ പയർ എന്നിവ ചെറിയ കഷണങ്ങളാക്കി ഉണ്ടാക്കുന്ന വിഭവം. ചക്കക്കുരു ആദ്യം വേവിച്ച ശേഷം അതിനൊപ്പം ബാക്കിയുള്ളവയും ആവശ്യത്തിനു മസാലക്കൂട്ടുകളും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു കടുകു വറുത്ത് ഉപയോഗിക്കാം.

21.ഇടിച്ചക്ക സാമ്പാർ ഇടിച്ചക്കയുടെ മുള്ളും പച്ചനിറമുള്ള ഭാഗവും ചെത്തിക്കളഞ്ഞു ചെറിയ കഷണങ്ങളാക്കി സാമ്പാർ വയ്ക്കാം.

22.പച്ചച്ചക്ക പുഴുക്ക് വിളഞ്ഞ പച്ചച്ചക്കയുടെ ചുള ചെറുതായി അരിഞ്ഞു വേവിച്ചു ഉപയോഗിക്കുന്നതാണ് പുഴുക്ക്. രുചി കൂടാൻ ചക്കക്കുരുവും അരിഞ്ഞു ഇതോടൊപ്പം ചേർക്കും.

23.ചക്കപ്പുട്ട് അരിപ്പൊടിക്കൊപ്പം പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ചേർത്തു പുട്ട് ഉണ്ടാക്കാം.

24.ചക്കയപ്പം പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു തേങ്ങ, ശർക്കര, ഏലയ്ക്ക എന്നിവയുമായി കൂട്ടി ചേർത്തു കൂട്ട് ഉണ്ടാക്കും. അരിപ്പൊടി വെള്ളത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ കനം കുറച്ചു പരത്തിയ ശേഷം ചക്കക്കൂട്ട് അതിലേക്കു വാരി വച്ചു ഇലമടക്കി ആവിയിൽ പുഴുങ്ങിയെടുക്കും.

25.ചക്ക അവിയൽ ചക്കച്ചുള, ചക്കമടൽ, (ചക്കയുടെ മുള്ള് ചെത്തിക്കളഞ്ഞതിനു ശേഷമുള്ള ഭാഗം) മാങ്ങ, പടവലം, വെള്ളരിക്ക, ചക്കക്കുരു, മുരിങ്ങയ്ക്ക എന്നിവ ചേർത്തു അവിയൽ വയ്ക്കാം.

26.ചക്ക അച്ചാർ വിളഞ്ഞ ചക്കയരിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മറ്റും ചേർത്തു അച്ചാർ ഉണ്ടാക്കാം.

27.ചക്കക്കുരുപ്പായസം തൊലികളഞ്ഞ ചക്കക്കുരു വൃത്തിയാക്കി പുഴുങ്ങും. നല്ലവണ്ണം വെന്തു കഴിയുമ്പോൾ വെള്ളമില്ലാതെ നന്നായി ഉടച്ചെടുക്കും. നെയ്യ്, ശർക്കര എന്നിവ ചേർത്തു വഴറ്റും. പിന്നാലെ തേങ്ങാപ്പാലും കശുവണ്ടി, ഉണക്ക മുന്തിരിങ്ങ, ഏലയ്ക്ക എന്നിവ ചേർക്കമുമ്പോഴേക്കും പായസം റെഡി.

28.ചക്കക്കുരു കട്ലറ്റ് ചക്കക്കുരു വേവിച്ചു ഉടയ്ക്കുക. ഇതിനൊപ്പം സവാള, പച്ചമുളക്, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം. ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു പരത്തി റൊട്ടിപ്പൊടി പുരട്ടി മുട്ടയുടെ വെള്ളക്കരുവിൽ മുക്കിൽ വെളിച്ചെണ്ണയിൽ വറുത്തു കോരണം.

29.ചക്കക്കുരു അസ്ത്രം ചക്കക്കുരു വട്ടത്തിൽ അരിഞ്ഞു മാങ്ങയും തേങ്ങയും ചേർത്ത് ഓണാട്ടുകരയുടെ തനതു വിഭവമായ അസ്ത്രം വയ്ക്കും പോലം ചക്കക്കുരു അസ്ത്രം വയ്ക്കാം.

30.ചക്കക്കുരു മെഴുക്കുപുരട്ടി ചക്കക്കുരു കനം കുറച്ചു ചെറുതായി അരിഞ്ഞു മെഴുക്കു പുരട്ടാം.

31.ചക്കക്കുരു പടവലങ്ങ തോരൻ ചക്കക്കുരു, പടവലങ്ങ എന്നിവ ചേർത്തു തോരൻ വെയ്ക്കാം.

32.ചക്കക്കുരു ഉക്കാര ചക്കക്കുരു നല്ലതായി തൊലി കളഞ്ഞു മഞ്ഞൾപ്പൊടി ചേർത്തു വേവിച്ചു വെള്ളം വാർത്തു അരകല്ലിൽ നല്ലതു പോലെ പൊടിച്ചെടുക്കണം. ശർക്കര പാവാക്കി തേങ്ങാ തിരുമ്മിയിട്ട് ഉപ്പും ചക്കക്കുരു പൊടിച്ചതും ചേർക്കണം. തുടർന്നു നല്ലെണ്ണ ഒഴിച്ചു ചൂടാക്കി കശുവണ്ടി, ഏലയ്ക്കാ, പഞ്ചസാര എന്നിവ ചേർക്കുക.

33.ചകിണി തോരൻ ചക്കച്ചുളയുടെ പുറത്തുളള ഇതളുകളാണു ചകിണി. ചകിണി ചെറുതായി അരിഞ്ഞു തേങ്ങയും മറ്റും ചേർത്തു തോരൻ ഉണ്ടാക്കാം.

34.ചകിണി ബജി വരിക്ക ചക്കയുടെ നീളമുള്ള ചകിണിയെടുത്ത് അരിമാവ്, കായം, ഉപ്പ്, മുളകു പൊടി എന്നിവയുടെ കുഴമ്പിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.

35.ചക്ക അട ആദ്യം തന്നെ എന്റെ ഇഷ്ട വിഭവമായ ചക്കയടയെക്കുറിച്ചു തന്നെ പറയാം.ചക്ക കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും മികച്ച വിഭവം എന്ന് കരുതുന്നത് ചക്ക അടയാണ്. അതിനായി നന്നായി പഴുത്ത ചക്കപ്പഴം കുരു കളഞ്ഞത് എടുക്കുക. അതിലേക്കു അരിപ്പൊടിയോ റവയോ ഗോതമ്പു പൊടിയോ ചേർത്ത് കുറച്ചു ശർക്കരയും ( മധുരമേറിയ ചുളയെങ്കിൽ ശർക്കര കുറവ് മതി ) ചേർത്ത് അതിൽ കുറച്ചു തേങ്ങയും ചിരകി ചേർക്കണം. പിന്നീട് അല്പം ഏലക്കായ പൊടിച്ചു ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് പൊടി കുഴക്കും പോലെ ഉരുട്ടി എടുത്തു വയ്ക്കുക. ഇടന ഇലയിൽ കുമ്പിൾ കുത്തി അതിൽ കുഴച്ച പൊടി നിറച്ചു ഇലകൊണ്ടു തന്നെ കുമ്പിൾ അടച്ചു അപ്പച്ചട്ടിയിൽ വേവിക്കുക.

36.ചക്കപ്പുഴുക്ക് ചക്കപ്പുഴുക്കിന് പച്ച ചക്ക ചുള ചെറുതായി നുറുക്കി എടുക്കുക. കുറച്ചു ചക്ക കുരുവും അതിൽ അരിഞ്ഞിടുക. തേങ്ങാ ചിരവി അതിൽ ഒരു നുള്ളു ഉപ്പും മഞ്ഞളും ജീരകവും കാന്താരിയും ഉള്ളിയും വെളുത്തുള്ളിയും വേപ്പിലയും വേണമെങ്കിൽ അല്പം ഇറച്ചി മസാലയും ആകാം.ചക്ക ചുള ഒഴികെമറ്റെല്ലാം ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.ഈ അരപ്പു അരിഞ്ഞു വച്ച ചക്ക ചുളയിൽ ചേർത്തിളക്കുക. ഒരല്പം വെള്ളം ചേർത്തിളക്കി യോജിപ്പിച്ചു അടുപ്പിൽ വയ്ക്കുക. വെന്തു കഴിഞ്ഞു വീണ്ടും ഇളക്കി യോജിപ്പിക്കുക. ചക്കപ്പുഴുക്ക് റെഡിയായി.

37.ചക്കചിപ്സ് പച്ച ചക്കച്ചുള കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വിലപിടിച്ചതും ആവശ്യക്കാരുള്ളതുമായ വിഭവമാണ് ചക്ക ചിപ്സ്. ചക്ക ചുള ചെറുതായി നുറുക്കി അത് എണ്ണയിൽ വറുത്തു കോരി എടുത്താൽ ചക്ക ചിപ്സ് റെഡി. 38.ചക്കക്കുരു മാങ്ങാക്കറി ചക്ക ക്കുരു ചെറുതായി നുറുക്കി എടുത്തു വേവിക്കുക. അതിലേക്കു അരിഞ്ഞെടുത്ത മാങ്ങയും ചേർത്ത് നന്നായി കുരു വെന്തുടയുന്ന പാകത്തിൽ വേവിക്കുക. മഞ്ഞൾപ്പൊടിയും ഒരൽപം മുളകുപൊടിയും ഉപ്പും ചേർക്കാം. അതിലേക്കു തേങ്ങാ അരപ്പു ചേർത്ത് കടുക് പൊട്ടിച്ചു കറിയായി ഉപയോഗിക്കാം.

39.ഇടിച്ചക്ക ബോ 🔹ചേരുവകകള് ഇടിച്ചക്ക -ഒരു ചക്കയുടെ പകുതി ചെറിയ ഉള്ളി – 5 എണ്ണം പച്ചമുളക് – 7 എണ്ണം ഉരുളക്കിഴങ്ങ് – 1 കറിവേപ്പില – ആവശ്യത്തിന് മുളകുപൊടി – 1 ടേബിള് സ്പൂണ് മഞ്ഞള്പൊടി – അര ടേബിള് സ്പൂണ് കടുക് – ആവശ്യത്തിന് മൈദ – 1 കപ്പ് വെളിച്ചെണ്ണ – ആവശ്യത്തിന് 🔹തയ്യാറാക്കുന്ന രീതി ചക്കച്ചുളകള് കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്ത്ത് വേവിക്കുക. ശേഷം വെള്ളം വാര്ത്തു കളഞ്ഞ് ചക്ക ഇടിച്ചെടുക്കാം. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചു വെയ്ക്കുക. പാനില് എണ്ണ ചൂടാക്കി കടുക് വറുക്കുക. ചെറിയ ഉള്ളി അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ചക്ക, ഉരുളക്കിഴങ്ങ് എന്നിവ ചേര്ത്ത് മൂപ്പിച്ച ശേഷം ഉരുളകളാക്കുക. മൈദ മാവില് മഞ്ഞള്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പും വെള്ളവും ചേര്ത്ത് ഇളക്കുക. അതിനേയ്ക്ക് ഉരുട്ടി വെച്ച ഇടിച്ചക്ക കൂട്ട് മുക്കി എടുത്ത് ചൂടായ എണ്ണയില് പൊരിച്ച് എടുക്കുക.

40.ചക്കപ്പഴം പാല് ഹല്വ 🔹ആവശ്യമായ സാധനങ്ങള് പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ് പശുവിന് പാല് – അഞ്ച് കപ്പ് പഞ്ചസാര – മൂന്ന് കപ്പ് നെയ്യ് – കാല് കപ്പ് ഏലക്കാ പൊടിച്ചത് – ഒരു ടേബിള് സ്പൂണ് കശുവണ്ടി – അര കപ്പ് വെള്ളം – ഒരു കപ്പ് 🔹തയാറാക്കുന്നവിധം ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്സിയില് അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേര്ത്ത് ഇളക്കി നൂല്പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്ത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോള് പാല് ചേര്ത്തു വീണ്ടും ഇളക്കുക. അല്പം മുറുകിക്കഴിയുമ്പോള് നെയ്യില് അല്പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചേര്ത്ത് ഇളക്കുക. തുടര്ന്ന് ഏലക്കായും ചേര്ക്കുക. നന്നായി മുറുകിക്കഴിയുമ്പോള് ഹല്വ സൂക്ഷിച്ചു വയ്ക്കാന് തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളില് ബാക്കിയുള്ള നെയ്യ് പുരട്ടി ഹല്വ നിറച്ച് മുകളില് നിന്ന് അമര്ത്തുക. ആറാമത്തെ ചേരുവ കശുവണ്ടി, നെടുകെ പിളര്ന്ന് ഹല്വയുടെ മുകളില് വച്ച് അലങ്കരിക്കുക.

41.റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട 🔹ആവശ്യമുള്ള സാധനങ്ങള് നന്നായി പഴുത്ത ചക്കച്ചുളകള് – അഞ്ച് കപ്പ് വറുത്ത റവ (ഇളം ബ്രൗണ് നിറമാകണം) – അഞ്ച് കപ്പ് ശര്ക്കര – മൂന്ന് കപ്പ് നെയ്യ് – അഞ്ച് ടേബിള് സ്പൂണ് ഏലക്ക – 15 എണ്ണം 🔹തയാറാക്കുന്നവിധം വറുത്ത റവയില് നിന്ന് ഒരു കപ്പ് ഒരു മുറത്തില് ഇടുക. തുടര്ന്നു ചീനച്ചട്ടിയില് നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില് വേവിച്ച് മിക്സിയില് അരച്ചെടുക്കുക. തുടര്ന്ന് ശര്ക്കര ഉരുക്കി നൂല്പ്പരുവമാകുമ്പോള് അരച്ചെടുത്ത ചക്കപ്പഴം ചേര്ത്ത് ജലാംശം പൂര്ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില് മുക്കി ഉപയോഗിക്കാം.

42.ചക്ക എരിശ്ശേരി ചക്ക എരിശ്ശേരിയുണ്ടാക്കാന് മൂത്തചക്കയുടെ ചുളവേണം. ചക്കച്ചുളയരിഞ്ഞത് പാകത്തിന് വെളളമൊഴിച്ച് മഞ്ഞപ്പൊടിയിട്ട് വേവിക്കണം. വെന്തുവരുമ്പോള് തേങ്ങയും മുളകും ജീരകവും ഉപ്പും ചേര്ക്കണം. തിളയ്ക്കുമ്പോള് കടുക് വറുത്തിടുകയും കറിവേപ്പില ചേര്ക്കുകയും വേണം. 43.ചക്കക്കുരുത്തോരന് ചക്കക്കുരുത്തോരന് വേനല്ക്കാലത്തെ ഒരുവിഭവമായിരുന്നു. ചക്കക്കുരു നുറുക്കാതെ മഞ്ഞപ്പൊടിയും മുളകും ഉപ്പും ചേര്ത്ത് വേവിച്ച് ഉടയ്ക്കണം. ചീനച്ചട്ടി അടുപ്പത്തുവച്ച് മുളകും കടുകും പൊട്ടിച്ച് വെളിച്ചെണ്ണയില് വറുത്ത് രണ്ടുളളിയും ജീരകവും അല്പം നാളികേരവും കൂടി പൊട്ടിക്കഴിഞ്ഞ കടുകില് ഉടനെ ഇടുക. ഉടച്ച ചക്കക്കുരു ഇതിലേയ്ക്കിട്ട് ഇളക്കുക. ഒന്നാംതരം തോരനും പലഹാരവുമാണിത്.

44.ചക്കപ്പഴം അരി ഉണ്ട 🔹ആവശ്യമായ സാധനങ്ങള് നന്നായി പഴുത്ത ചക്കച്ചുളകള് – അഞ്ച് കപ്പ് ഇടിയപ്പത്തിന്റെ പാകത്തിന് പൊടിച്ച പച്ചരി (മാര്ക്കറ്റില് നിന്നു ലഭിക്കുന്ന ഇടിയപ്പംപൊടി ആയാലും മതി) – അഞ്ച് കപ്പ് ശര്ക്കര – രണ്ട് കപ്പ് നെയ്യ് – അഞ്ച് ടേബിള് സ്പൂണ് ഏലക്കാ – 15 എണ്ണം പൊടിച്ചത് 🔹തയാറാക്കുന്നവിധം പച്ചരി പൊടിച്ചത് ചീനച്ചട്ടിയില് ബ്രൗണ് നിറമാകുന്നതുവരെ വറുത്തെടുക്കുക. വാങ്ങി തണുക്കുന്നതിനു വയ്ക്കുക( മറ്റൊരു പാത്രത്തിലേക്ക് പകര്ന്നില്ലെങ്കില് ചീനച്ചട്ടിയുടെ ചൂടു മൂലം കരിയാന് സാധ്യതയുണ്ട്). ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്സിയില് അരച്ചെടുക്കുക. തുടര്ന്നു ശര്ക്കര ഉരുകി നൂല് പരുവമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് മിക്സിയില് അരച്ചെടുത്ത ചക്കപ്പഴം ചേര്ത്തു ജലാംശം പൂര്ണമായും ഇല്ലാതാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നെയ്യ് ചേര്ത്ത് ഇളക്കുക. തുടര്ന്ന് ഏലയ്ക്കാ ചേര്ത്ത് ഇളക്കി വാങ്ങിവയ്ക്കുക. അരിപ്പൊടി വറുത്തതില് നിന്ന് ഒരുകപ്പ് മാറ്റി ഒരു മുറത്തില് വിന്യസിച്ചിടുക. ബാക്കിയുള്ള നാലു കപ്പ് അരിപ്പൊടിച്ചതു വാങ്ങിവച്ച് ചക്കപ്പഴത്തിലേക്ക് ചക്കപ്പഴത്തിന്റെ ചൂടാറുന്നതിന് മുന്പ് ചേര്ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചുചേര്ക്കുക. ഈ ചേരുവ ചെറിയ ഉരുളകളാക്കി, മുറത്തില് ഇട്ട പൊടിയില് മുക്കിയെടുത്താല് ചക്ക അരി ഉണ്ട റെഡി.

45.ചക്കപ്പഴം പാല് ഹല്വ 🔹ആവശ്യമായ സാധനങ്ങള് പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ് പശുവിന് പാല് – അഞ്ച് കപ്പ് പഞ്ചസാര – മൂന്ന് കപ്പ് നെയ്യ് – കാല് കപ്പ് ഏലക്കാ പൊടിച്ചത് – ഒരു ടേബിള് സ്പൂണ് കശുവണ്ടി – അര കപ്പ് വെള്ളം – ഒരു കപ്പ് 🔹തയാറാക്കുന്നവിധം ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്സിയില് അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേര്ത്ത് ഇളക്കി നൂല്പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്ത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോള് പാല് ചേര്ത്തു വീണ്ടും ഇളക്കുക. അല്പം മുറുകിക്കഴിയുമ്പോള് നെയ്യില് അല്പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചേര്ത്ത് ഇളക്കുക. തുടര്ന്ന് ഏലക്കായും ചേര്ക്കുക. നന്നായി മുറുകിക്കഴിയുമ്പോള് ഹല്വ സൂക്ഷിച്ചു വയ്ക്കാന് തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളില് ബാക്കിയുള്ള നെയ്യ് പുരട്ടി ഹല്വ നിറച്ച് മുകളില് നിന്ന് അമര്ത്തുക. ആറാമത്തെ ചേരുവ കശുവണ്ടി, നെടുകെ പിളര്ന്ന് ഹല്വയുടെ മുകളില് വച്ച് അലങ്കരിക്കുക.

46.ചക്കപ്പഴം മുറുക്കിയത് 🔹ആവശ്യമായ സാധനങ്ങള് പഴുത്ത ചക്ക – അഞ്ച് കപ്പ് നെയ്യ് – അര കപ്പ് ശര്ക്കര – രണ്ട് കപ്പ് ഏലയ്ക്കാ പൊടിച്ചത് – ഒരു ടേബിള് സ്പൂണ് നിലക്കടല വറുത്തത് – അര കപ്പ് 🔹തയാറാക്കുന്നവിധം ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്സിയില് അരച്ചെടുക്കുക. ചേരുവ ശര്ക്കര ചൂടാക്കി നൂല്പ്പരുവമാകുന്നതുവരെ ഇളക്കുക. അതിലേക്ക് ചക്കപ്പഴം അരച്ചത് ചേര്ത്ത് ഇളക്കുക. ഏലക്കാ പൊടിച്ചതും നെയ്യില് അല്പം മാറ്റിവച്ചശേഷം ബാക്കിയുള്ളതും ചേര്ത്തു നന്നായി ചേരുന്നതുവരെ ഇളക്കുക. നിലക്കടല തൊലികളഞ്ഞ് ചേര്ത്തിളക്കുക. ജലാംശം പൂര്ണമായും നീങ്ങുന്നതുവരെ ഇളക്കണം. തുടര്ന്നു ചക്കപ്പഴം മുറുക്കിയതു സൂക്ഷിച്ചുവയ്ക്കാന് കരുതിയ പാത്രത്തില് നെയ്യില് ബാക്കിവച്ചിരുന്നത് പുരട്ടിയശേഷം ചക്കപ്പഴം മുറുക്കിയതു നിറച്ചശേഷം മുകളില് നിന്ന് അമര്ത്തിപ്പരത്തുക. രുചികരമായ ഈ വിഭവം ജാമിനു പകരമായി ഉപയോഗിക്കാവുന്നതാണ്.

47.റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട 🔹ആവശ്യമുള്ള സാധനങ്ങള് നന്നായി പഴുത്ത ചക്കച്ചുളകള് – അഞ്ച് കപ്പ് വറുത്ത റവ (ഇളം ബ്രൗണ് നിറമാകണം) – അഞ്ച് കപ്പ് ശര്ക്കര – മൂന്ന് കപ്പ് നെയ്യ് – അഞ്ച് ടേബിള് സ്പൂണ് ഏലക്ക – 15 എണ്ണം 🔹തയാറാക്കുന്നവിധം വറുത്ത റവയില് നിന്ന് ഒരു കപ്പ് ഒരു മുറത്തില് ഇടുക. തുടര്ന്നു ചീനച്ചട്ടിയില് നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില് വേവിച്ച് മിക്സിയില് അരച്ചെടുക്കുക. തുടര്ന്ന് ശര്ക്കര ഉരുക്കി നൂല്പ്പരുവമാകുമ്പോള് അരച്ചെടുത്ത ചക്കപ്പഴം ചേര്ത്ത് ജലാംശം പൂര്ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില് മുക്കി ഉപയോഗിക്കാം.

48.ചക്ക മടല് മസാല ഫ്രൈ ചക്ക മടല് മുള്ളുകള് കളഞ്ഞ് വളരെ ചെറുതാക്കി ചതുരാകൃതിയില് അരിഞ്ഞെടുക്കുക. ചട്ടിയില് എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല് മുളകും മൂപ്പിച്ച് അതിലേക്ക് അറിഞ്ഞുവെച്ചിരിക്ക ചക്ക മടല് ചേര്ക്കുക. അത് ഫ്രൈ ആകുന്നതുവരെ ഇളക്കിക്കൊടുക്കണം. പാകത്തിന് ഫ്രൈ ആയ ഇതിലേക്ക് മുളകുപൊടി, മഞ്ഞള്പ്പൊടി, ഉപ്പ്, ഇഞ്ചി, കുരുമുളകുപൊടി, മസാലപ്പൊടി, വെളുത്തിള്ളി എന്നിവ ചേര്ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും മല്ലിയിലയും ചെറു കഷണങ്ങളാക്കി മുറിച്ച തക്കാളിയും ചേര്ത്ത് ഒന്നുകൂടി തിളച്ചതിനുശേഷം വിളമ്പാം.

49.ചക്ക അച്ചാര് ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് വേവിച്ചെടുക്കുക. പാനില് എണ്ണ ഒഴിച്ച് ജീരകം,കടുക്,മല്ലി,ചതച്ച പച്ചമുളക്,ഉപ്പ് എന്നിവ ചേര്ത്ത് രണ്ട് മിനിട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ചക്ക ചേര്ക്കാം. മഞ്ഞള്പ്പൊടിയും ചേര്ത്ത് 5 മിനിട്ട് പാകം ചെയ്യാം. അടുപ്പില് നിന്ന് എടുത്തശേഷം ചെറുനാരങ്ങ നീരും വിനാഗിരിയും ചേര്ത്ത് നന്നായി യോജിപ്പിക്കാം. അങ്ങനെ ചക്ക അച്ചാര് തയ്യാര്.

50.ചക്ക കുരു അവിയല് ആദ്യം ചക്കകുരു മുറിച്ച് രണ്ട് മണിക്കൂര് വേവിക്കാന് വെയ്ക്കാം. പാകം ആയ ചക്കക്കുരുവിലേക്ക് മുരിങ്ങക്ക,ചുവന്നുള്ളി,മഞ്ഞള്പ്പൊടി,ചില്ലി പൗഡര്,ജീരക പൗഡര് ഒരുകപ്പ് വെള്ളവും ചേര്ക്കുക. ചെറിയ തീയില് പാകം ചെയ്യാന് വെയ്ക്കം.വെള്ളം വറ്റുന്നവരെ അടുപ്പില് വെയ്ക്കാം. ചെറുതായി വെന്തുകഴിഞ്ഞാല് തേങ്ങ,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേര്ക്കാം. പാകം ആയാല് കടുക് പൊട്ടിച്ചതും ചേര്ക്കുക. ചക്ക കുരു അവിയല് തയ്യാര്.